പ്രളയം: ദൗത്യം പൂര്‍ത്തിയാക്കി എയര്‍ ആംബുലന്‍സ് മടങ്ങി
ആലപ്പുഴ: പ്രളയകാലത്ത് ഒട്ടേറെ പേരുടെ ജീവന്‍ രക്ഷിച്ച എയര്‍ ആംബുലന്‍സ് ഹെലികോപ്റ്റര്‍ സംഘത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ഏറെ ദുരിതമനുഭവിച്ച ചെങ്ങന്നൂര്‍, കുട്ടനാട് പ്രദേശങ്ങളിലേക്ക് ആദ്യമെത്തിയ ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സാണ്. 10 ദിവസത്തെ സൗജന്യ സേവനത്തിനു ശേഷമാണ് ഇന്നലെ മടങ്ങിയത്. മികച്ചസേവനത്തിന് ജില്ലാ കലക്ടര്‍ എസ്. സുഹാസ് സംഘത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിങ്‌സ് ഏവിയേഷന്റെ എയര്‍ എയിഡ് ആംബുലന്‍സാണ് തിരുവനന്തപുരത്തെ എന്‍.ജി.ഒ ആയ സായിഗ്രാം ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ നിര്‍ദേശപ്രകാരം സേവനത്തിനെത്തിയത്. എയര്‍ എയിഡ് ആംബുലന്‍സ് ഇന്ത്യയിലെ തന്നെ ഒരേയൊരു എയര്‍ ആംബുലന്‍സാണ് ഇതെന്ന് വിങ്‌സ് ഏവിയേഷന്‍ മാര്‍ക്കറ്റിങ് ഹെഡ് ഉമേഷ് കമ്മത്ത് പറഞ്ഞു.
മുഖ്യമന്ത്രി ആവശ്യപ്പെടതനുസരിച്ചാണ് സായിഗ്രാം എയര്‍ ആംബുലന്‍സുകാരെ ബന്ധപ്പെട്ടതെന്ന് സായിഗ്രാം സ്ഥാപകന്‍ കെ.എന്‍ ആനന്ദകുമാര്‍ പറഞ്ഞു. സായിഗ്രാം വഴി 50 ടണ്‍ അരിയും ക്യാംപുകളില്‍ വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മിനി ഓപ്പറേഷന് വരെ സൗകര്യമുള്ള എയര്‍ ആംബുലന്‍സില്‍ വെന്റിലേറ്റര്‍, ബി.പി മോണിറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഡയാലിസിസിനുള്ള രോഗിയെ അടക്കം മൂന്ന് അത്യാസന്ന നിലയിലുള്ള രോഗികളെ ഉള്‍പ്പടെ നിരവിധി പേരെ എയര്‍ ആംബുലന്‍സിലൂടെ രക്ഷിക്കാനായെന്ന് ഐക്കാറ്റ് ഡോക്ടര്‍ രാഹുല്‍ സര്‍ദാര്‍ പറഞ്ഞു.
ആറ് ഡോക്ടര്‍മാരുടെ സഹായവും എയര്‍ ആംബുലന്‍സില്‍ ഒരുക്കിയിരുന്നു. ക്യാംപുകളില്‍ അഭയം തേടിയ രോഗികള്‍ക്കും ഡോക്ടര്‍മാരുടെ സേവനം ലഭിച്ചു. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപം പരിചരണമുറിയും എയര്‍ ആംബുലന്‍സ് ഡോക്ടര്‍മാര്‍ക്കായി സജ്ജീകരിച്ചിരുന്നു. ഇനിയും സേവനമാവശ്യമുണ്ടെങ്കില്‍ വരാന്‍ താല്‍പര്യവും പ്രകടിപ്പിച്ചാണ് സംഘം മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."