യു.എസ് ഓപണ്‍; സ്വരേവും ഒസാകയും സെമിയില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ വനിതാ വിഭാഗത്തില്‍ ജപ്പാന്റെ നവോമി ഒസാക്കയും പുരുഷ വിഭാഗത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവും സെമിയില്‍ പ്രവേശിച്ചു. ഒമ്പതാം റാങ്കുകാരിയും നാലാം സീഡുമായ ഒസാക്ക സീഡില്ലാത്ത ആതിഥേയ താരം ഷെല്‍ബി റോജേഴ്‌സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സെമിയില്‍ സീറ്റുറപ്പിച്ചത്. സ്‌കോര്‍ 6-3,6-4. സെമിയില്‍ 41ാം റാങ്കുകാരിയും ആതിഥേയ താരവുമായ ജെന്നിഫര്‍ ബ്രാഡിയാണ് ഒസാക്കയുടെ എതിരാളി.
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ഒസാക്ക 2018ലെ യു.എസ് ഓപ്പണ്‍ ജേതാവാണ്. അതേ സമയം നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് 28ാം സീഡായ ജെന്നിഫര്‍ ബ്രാഡി സെമിയിലെത്തിയത്. കസാക്കിസ്ഥാന്റെ യൂലിയ പുടിന്‍സ്റ്റീവയെ1 മണിക്കൂറും 11 മിനുട്ടും സമയത്തിനുള്ളില്‍ ബ്രാഡി വീഴ്ത്തി. സ്‌കോര്‍ 6-3,6-2.
2018ലെ യുഎസ് ഓപ്പണിലെ സെക്കന്റ് റണ്ണറപ്പാണ് ബ്രാഡി. സെമിയില്‍ ഒസാക്കയ്ക്ക് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നുറപ്പാണ്. പുരുഷ സിംഗിള്‍സില്‍ ജര്‍മന്‍ സൂപ്പര്‍ താരം അലക്‌സാണ്ടര്‍ സ്വരേവ് സെമിയില്‍ പ്രവേശിച്ചു. 23കാരനായ താരം ആദ്യമായാണ് യു.എസ് ഓപ്പണ്‍ സെമിയിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയുടെ ബോര്‍മ കോറിച്ചിനെ ഒന്നിനെതിരേ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്വരേവ് സെമിയില്‍ പ്രവേശിച്ചത്.
മൂന്ന് മണിക്കൂറും 29 മിനുട്ടും വാശിയേറിയ പോരാട്ടം നീണ്ടു നിന്നു. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ സ്വരേവ് രണ്ടും മൂന്നും ടൈ ബ്രേക്കറിനൊടുവില്‍ നേടിയാണ് സെമിയിലേക്ക് മുന്നേറിയത്. സ്‌കോര്‍ 1-6,7-6,7-6,6-3. സെമിയില്‍ സ്പാനിഷ് താരം പാബ്ലോ കരീനോ ബുസ്റ്റയാണ് സ്വരേവിന്റെ എതിരാളി. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കാനഡയുടെ ഡെനിസ് ഷപ്പോവലോവിനെ പരാജയപ്പെടുത്തിയാണ് കരീനോ ബുസ്റ്റ സെമി ടിക്കറ്റെടുത്തത്. 3-6,7-6,7-6,0-6,6-3 എന്ന സ്‌കോറിനായിരുന്നു താരത്തിന്റെ ജയം.
ബ്രസീല്‍ ക്രൊയേഷ്യന്‍ സഖ്യമായ ബ്രൂണോ സോരസ് ആന്‍ഡ് മറ്റെ പാവിച്ച് സഖ്യം പുരുഷ ഡബിള്‍സില്‍ ഫൈനലില്‍ പ്രവേശിച്ചു. ജൂലിയന്‍ റോജര്‍, ഹോരിയ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ഇവരുടെ ഫൈനല്‍ പ്രവേശനം. ഫൈനലില്‍ എട്ടാം സീഡ് ആയ നിക്കോള മെക്ടിച്ച്, വെസ്ലി കൂല്‍ഹോഫ് സഖ്യത്തെ ആണ് ഇവര്‍ നേരിടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."