ഡോക്ടര്‍മാര്‍ രജിസ്‌ട്രേഷന്‍ നമ്പരും യോഗ്യതയും പ്രദര്‍ശിപ്പിക്കണം
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് പതിനഞ്ചിന മാര്‍ഗനിര്‍ദേശങ്ങളുമായി ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍. വ്യാജഡോക്ടര്‍മാരെ തിരിച്ചറിയാനും മരുന്ന് കമ്പനികളുടെ ഇടപെടലുകള്‍ നിയന്ത്രിക്കാനും ഉദ്ദേശിച്ചുള്ളതാണ് നിര്‍ദേശങ്ങള്‍.
സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ എല്ലാ ഡോക്ടര്‍മാരും രോഗികള്‍ക്ക് കാണാവുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. സ്‌കാനിങ്, പത്തോളജി, മൈക്രോബയോളജി, ബയോകെമിസ്ട്രി പരിശോധനാഫലങ്ങളില്‍ ഡോക്ടറുടെ പേരും രജിസ്‌ട്രേഷന്‍ നമ്പരും മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച യോഗ്യതയും വ്യക്തമാക്കിയിരിക്കണം. സ്വകാര്യ ആശുപത്രികളിലോ ക്ലിനിക്കുകളിലോ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ അവരുടെ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ സ്ഥാപനത്തിന്റെ മുന്‍ഭാഗത്ത് പ്രദര്‍ശിപ്പിക്കണം.
എല്ലാ ഡോക്ടര്‍മാരും അവര്‍ക്ക് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയിട്ടുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്ന് കുറിപ്പടികളിലും സര്‍ട്ടിഫിക്കറ്റുകളിലും പണം സ്വീകരിക്കുന്ന രസീതിലും വ്യക്തമായി രേഖപ്പെടുത്തണം. അംഗീകൃത മെഡിക്കല്‍ ഡിഗ്രിയോ ഡിപ്ലോമയോ മാത്രമേ ഡോക്ടര്‍മാര്‍ തങ്ങളുടെ പേരിനൊപ്പം പ്രദര്‍ശിപ്പിക്കാവൂ. ഡോക്ടറുടെ പേരിലോ സ്ഥാപനത്തിന്റെ പേരിലോ അച്ചടിച്ച കടലാസുകളില്‍ തങ്ങള്‍ വഹിക്കുന്ന പദവി കൃത്യമായി വ്യക്തമാക്കിയിരിക്കണം. അലോപ്പതി മേഖലയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍മാര്‍ ആയുര്‍വേദത്തിലോ മറ്റ് മേഖലകളിലോ പ്രാക്ടീസ് ചെയ്യുന്നത് കര്‍ശനമായി തടയും. അതുപോലെ മരുന്ന് നിര്‍ദേശിക്കുമ്പോള്‍ അലോപ്പതി മരുന്ന് മാത്രമേ കുറിച്ച് നല്‍കാവൂ.
നേരത്തേതന്നെ ഇത്തരത്തില്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും കുത്തക മരുന്ന് കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് നടപ്പായില്ല.
എല്ലാ ഡോക്ടര്‍മാരുടെയും യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങളുടെ പകര്‍പ്പുകള്‍ അതത് സ്ഥാപനങ്ങളിലെ മെഡിക്കല്‍ സൂപ്രണ്ടുമാര്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കണം. മെഡിക്കല്‍ കൗണ്‍സില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത അതത് സ്ഥാപനങ്ങളിലെ മെഡിക്കല്‍ സൂപ്രണ്ട് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍, മെഡിക്കല്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്നിവര്‍ക്കായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."