ശുചീകരണത്തിനെത്തിയവരെ മര്‍ദിച്ചതായി പരാതി
പനമരം: ശുചീകരണ പ്രവൃത്തിക്കെത്തിവര്‍ക്ക് മര്‍ദനമേറ്റതായി പരാതി.
ക്ലീന്‍ വയനാട് പദ്ധതിയുടെ ഭാഗമായി ജില്ലാ മുഴുവന്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പനമരം പരക്കുനിയിലെത്തിയവര്‍ക്കാണ് ചിലരില്‍ നിന്ന് മര്‍ദനമേറ്റത്. ചങ്ങാടക്കടവ് പരക്കുനി പ്രദേശത്ത് ശുചീകരണത്തിനെത്തിയ എസ്.കെ.എസ്.എസ്.എഫ് വിഖായ ആക്ടീവ് വിങ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് ചില സാമൂഹിക വിരുദ്ധരുടെ ആക്രമണമുണ്ടായത്. ഇവിടെ രാവിലെ ഒന്‍പതു മുതല്‍ ആരംഭിച്ച പ്രവൃത്തിക്ക് മറ്റുള്ള പ്രദേശത്തെ ഇരുപത്തിയഞ്ചോളം പ്രവൃത്തകരാണ് എത്തിയത്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിരവധി വീടുകളിലെ ഉപയോഗശൂന്യ വസ്തുക്കളാണ് ഇവര്‍ ശുചീകരിച്ചത്. ഒരോ വീടുകളിലെ വസ്തുക്കള്‍ വാര്‍ഡ് മെമ്പര്‍ ചാക്കോയുടെ നിര്‍ദേശ പ്രകാരം മറ്റൊരിടത്ത് നിക്ഷേപിക്കുകയായിരുന്നു. ഇത് പഞ്ചായത്ത് വാഹനത്തില്‍ പിന്നീട് ഇവിടെ നിന്ന് നീക്കം ചെയ്യുമെന്നായിരുന്നു പ്രവര്‍ത്തകരെ പഞ്ചായത്തംഗം അറയിച്ചത്. എന്നാല്‍ വൈകിട്ട് നാലോടെ മാലിന്യങ്ങള്‍ ഇവിടെ നിന്ന് മാറ്റണമെന്ന ആവശ്യവുമായി ചിലര്‍ സ്ഥലത്തെത്തി. ശുചീകരണത്തിനെത്തിയ പ്രവര്‍ത്തകരോട് നിക്ഷേപിച്ച സാധനം തിരിച്ച് വണ്ടിയില്‍ കയറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഒരാള്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പറുടെ പാര്‍ട്ടിക്കാരാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ഇതോടെ സംഘര്‍ഷമൊഴിവാക്കാന്‍ ശുചീകരണ പ്രവര്‍ത്തകര്‍ നിക്ഷേപിച്ച മാലിന്യങ്ങള്‍ വണ്ടിയില്‍ കയറ്റാന്‍ തീരുമാനിച്ചു. എന്നാല്‍ ഇവരെ നാട്ടുകാര്‍ തടഞ്ഞു. ഇത് പ്രശ്‌നം കുടുതല്‍ സങ്കീര്‍ണമാക്കി. തങ്ങളുടെ നാടിനെ വൃത്തിയാക്കാന്‍ വന്നവര്‍ക്കെതിരേ ചില സാമൂഹിക വിരുദ്ധരുടെ നടപടി ശരിയായില്ലെന്നും മാലിന്യ തിരികെ വാഹനത്തില്‍ കയറ്റി അവരെ വീണ്ടും അപമാനിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. പ്രദേശത്തെ ചില സി.പി.എം പ്രവര്‍ത്തകരാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം. ഒടുവില്‍ പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് എത്തി പഞ്ചായത്ത് വാഹനം ഉപയോഗിച്ച് സാധനങ്ങള്‍ മാറ്റിക്കോള്ളാമെന്ന ധാരണയിലെത്തിയതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."