ലോക്ക്ഡൗണ്‍ കാലത്തെ വിമാന ടിക്കറ്റ് തുക; നിലപാട് അറിയിക്കാന്‍ വിമാനക്കമ്പനികള്‍ക്ക് പത്തുദിവസം അനുവദിച്ചു
ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലത്ത് യാത്ര ചെയ്യാനാവാതെ പോയ ആഭ്യന്തര, അന്താരാഷ്ട്ര വിമാന യാത്രികര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെനല്‍കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിലപാടില്‍ മറുപടി അറിയിക്കാന്‍ സുപ്രിംകോടതി വിമാനക്കമ്പനികള്‍ക്ക് 10 ദിവസത്തെ സമയം അനുവദിച്ചു. ടിക്കറ്റ് തുകയെ ഒരു വര്‍ഷത്തിനുള്ളില്‍ യാത്ര ചെയ്യാവുന്ന ക്രെഡിറ്റ് ഷെല്ലുകളാക്കിയ വിമാനക്കമ്പനികളുടെ നടപടിയെ ചോദ്യംചെയ്ത് പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. മാര്‍ച്ച് 25 മുതല്‍ മെയ് മൂന്ന് വരെയുള്ള എല്ലാ ടിക്കറ്റുകളുടെയും തുക തിരികെനല്‍കണമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.
കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ ഒന്നോ രണ്ടോ കാര്യങ്ങളൊഴികെയുള്ളതെല്ലാം സ്വീകാര്യമാണെന്ന് എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന് അഭിഭാഷകന് ആര്യം സുന്ദരം സുപ്രിംകോടതിയെ അറിയിച്ചു. കേന്ദ്രത്തിന്റെ നിലപാടിനെ അംഗീകരിക്കുന്നതായി സ്പെയ്സ് ജെറ്റിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ പറഞ്ഞു. കേന്ദ്ര നിലപാടിലെ ചില കാര്യങ്ങളില്‍ എതിര്‍പ്പുണ്ടെന്നായിരുന്നു ഗോ എയര്‍ അഭിഭാഷകന് അരവിന്ദ് ദത്താറിന്റെ നിലപാട്. നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇന്‍ഡിഗോയുടെ അഭിഭാഷകന് മുകുള്‍ റോഹ്്തകി, എയര്‍ വിസ്താരയ്ക്കും എയര്‍ ഏഷ്യയ്ക്കും വേണ്ടി ഹാജരായ പിനാകി മിശ്ര എന്നിവര്‍ ആവശ്യപ്പെട്ടു. ഹരജി ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."