അബ്ദുല്‍ മജീദിന് ഇനി പെരുവഴി ശരണം; കുരുമുളക് ചെടികള്‍ പ്രളയം കവര്‍ന്നു
കായംകുളം: മൂകനും ബധിരനും ആയ അബ്ദുല്‍ മജീദിന് ഇനി പെരുവഴിതന്നെ ശരണം. ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്രയവുമായിരുന്ന കുരുമുളക് ചെടികള്‍ പൂര്‍ണമായും പ്രളയം കവര്‍ന്നു. കഴിഞ്ഞ 30 വര്‍ഷമായി കുരുമുളക് കൃഷിയില്‍ ജീവിതം കഴിച്ചിരുന്ന അബ്ദുല്‍ മജീദിനാണ് പ്രളയം കടുത്ത പ്രഹരം ഏല്‍പ്പിച്ചത്. 65 വയസുകാരനായ മജീദ് വളര്‍ത്തിയ 600 മൂട് കുരുമുളക് ചെടികളാണ് പ്രളയത്തില്‍ ഒലിച്ചു പോയത്.
പത്തിയൂര്‍ പാറക്കാട്ടുവടക്കതില്‍ അബ്ദുല്‍ മജീദ് തന്റെ 30 സെന്റ് ഭൂമിയിലാണ് കൃഷി ഇറക്കിയിരുന്നത്. കൃഷിക്കാരനായ പിതാവ് മുഹമ്മദ് കുഞ്ഞിന്റെ മരണശേഷം 20-ാം വയസില്‍ തുടങ്ങിയ കൃഷി പിന്നീട് മജീദിന്റെ ജീവനോപാധിയായി. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനാല്‍ മജീദും കുടുംബവും ചുനാട്ടുള്ള ബന്ധുവീട്ടില്‍ ആയിരുന്നു താമസം. കഴിഞദിവസം വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് മടങ്ങി എത്തിയപ്പോഴാണ് കുരുമുളക് മൂടുകള്‍ പൂര്‍ണമായും ഉണങ്ങി നശിച്ച നിലയില്‍ കണ്ടത്. കുരുമുളക് കതിര്‍പ്പ് പിടിച്ച് ഇടപരുവമായ സമയത്ത് ആണ് നശിച്ചതും. കൃഷിയില്‍ നിന്ന് കിട്ടുന്ന വരുമാനമായിരുന്നു വീടിന്റെ ആശ്രയം. കൃഷി നശിച്ചത് മുതല്‍ കടുത്ത മാനസിക പ്രയാസത്തിലുമാണ് മജീദ്. ഓഫിസുകളില്‍ നേരിട്ടെത്തി പരാതി നല്‍കാന്‍ ബുദ്ധിമുട്ടുള്ള മജീദ് പരസഹായെ തേടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."