യമനിലേക്ക് കൂടുതല്‍ സൈനികരെ അയച്ച് സഊദി സഖ്യസേന
ജിദ്ദ: യമനില്‍ ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സഊദി സൈന്യത്തെ അയച്ചു. ഉത്തര, പശ്ചിമ യമനിലെ ഹജ്ജ ഗവര്‍ണറേറ്റിലേക്കാണ് സഊദി കൂടുതല്‍ സൈന്യത്തെ അയച്ചത്.
സഊദിക്കെതിരെ നിരന്തര ആക്രമണമാണ് ഹൂതികള്‍ നടത്തുന്നത്. ഇതിനു പുറമെ, ഹജ്ജ മേഖല ഉള്‍പ്പെടെ യമനിലെ സുപ്രധാന കേന്ദ്രങ്ങളിലും ഇവര്‍ക്ക് സ്വാധീനമുണ്ട്. ഇവിടെ സഖ്യസേനാ മുന്നേറ്റം നടക്കുന്നുണ്ട്. എന്നാല്‍, വ്യാപകമായി ഇവിടെ മൈനുകള്‍ സ്ഥാപിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിനുള്ള എന്‍ജിനീയറിങ് സംഘവും പുതിയ സൈനിക സംഘത്തിലുണ്ട്. ഒപ്പം നൂറു കണക്കിന് സൈനികരും കവചിത വാഹനങ്ങളും യമനിലേക്ക് പുറപ്പെട്ടു.
ഹൈറാന്‍ ജില്ലയില്‍ യമന്‍ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ ഹൂതികള്‍ക്ക് വലിയ ആള്‍നാശമുണ്ടായിരുന്നു. ബ്രിഗേഡിയര്‍ അബ്ദുല്‍ വഹാബ് അല്‍ഹുസാം, ജഡ്ജി സ്വലാഹ് ഖമൂസി എന്നിവര്‍ അടക്കമുള്ള ഹൂതി നേതാക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. ഇതേ തുടര്‍ന്ന് ഗവര്‍ണറേറ്റിലെ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് ഹൂതികള്‍ കൂടുതല്‍ സൈന്യത്തെ അയച്ചു. ഇതിനെ പ്രതിരോധിക്കാനാണ് പുതിയ സൈനികവ്യൂഹത്തെ അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."