കര്‍ക്കറെ, ബാബരി പരാമര്‍ശങ്ങളില്‍ പ്രഗ്യാ സിങിന് മൂന്നുദിവസത്തെ പ്രചാരണ വിലക്ക്
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പൊളിച്ച സംഭവത്തിലും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) മേധാവി ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ട കേസിലും നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് താക്കൂറിനു പ്രചാരണങ്ങളില്‍ മൂന്നു ദിവസത്തെ വിലക്കേര്‍പ്പെടുത്തി.
വ്യാഴാഴ്ച രാവിലെ ആറുമണി മുതല്‍ തുടങ്ങി ഞായറാഴ്ച രാവിലെ അവസാനിക്കുന്ന വിധത്തില്‍ 72 മണിക്കൂര്‍ സമയത്തേക്കാണ് വിലക്ക്.
ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നും ബാബരി മസ്ജിദ് പൊളിച്ച കര്‍സേവകരുടെ കൂട്ടത്തില്‍ താനും ഉണ്ടായിരുന്നുവെന്നും അതില്‍ സന്തോഷമേയുള്ളൂവെന്നുമുള്ള പ്രഗ്യാ സിങ്ങിന്റെ പ്രസ്താവനയാണ് കമ്മിഷന്റെ നടപടിക്കു കാരണമായത്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രഗ്യാ സിങ്ങിന് അയച്ച നോട്ടിസില്‍ കമ്മിഷന് ആവശ്യപ്പെട്ടു.
പ്രഗ്യാ സിങ്ങിന്റെ പ്രസ്താവന പ്രഥമദൃഷ്ട്യാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കമ്മിഷന് വിലയിരുത്തി. ഈ മാസം 18ന് ഭോപ്പാലില്‍ നടന്ന ബി.ജെ.പി പ്രചാരണ പരിപാടിയിലാണ് പ്രഗ്യാ സിങ് വിവാദ പരാമര്‍ശം നടത്തിയത്. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ കമ്മിഷന് അവരുടെ വിശദീകരണം തേടിയിരുന്നു. എന്നാല്‍, വിശദീകരണത്തില്‍ തൃപ്തിവരാതിരുന്ന കമ്മിഷന് മൂന്നുദിവസത്തേക്കു വിലക്കേര്‍പ്പെടുത്തി ഉത്തരവിടുകയായിരുന്നു. പരാമര്‍ശത്തില്‍ നേരത്തെ കമ്മിഷന് അവരെ താക്കീത് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."