വള്ളത്തില്‍ തട്ടി വളപട്ടണത്ത് ബോട്ടുകള്‍
പാപ്പിനിശ്ശേരി: വളപട്ടണം പുഴയില്‍ അനധികൃത മണല്‍ വാരലിനിടെ പിടിച്ചെടുത്ത തോണികള്‍ ബോട്ട്ജെട്ടിക്ക് സമീപം കെട്ടിയിടുന്നത് പുഴയില്‍ സര്‍വിസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ ബോട്ടിന് ഭീഷണിയാകുന്നു. ബോട്ട്ജെട്ടിക്ക് ഇരുഭാഗത്തും കെട്ടിയിട്ട തോണികള്‍ കാരണം ബോട്ട് കരയ്ക്ക് അടുപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇന്നലെ രാവിലെ പറശ്ശിനിക്കടവില്‍ നിന്നും എത്തിയ ബോട്ട് വളപട്ടണത്ത് അടുപ്പിക്കാനാകാത്തതിനാല്‍ ജനങ്ങള്‍ കുരുക്കിലായി. നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് ബോട്ട്ജെട്ടിക്ക് സമീപം കെട്ടിയിട്ട തോണി തളളി മാറ്റിയാണ് യാത്രക്കാര്‍ക്ക് സൗകര്യം ചെയ്തത്. ബോട്ട് കരയ്ക്കടുപ്പിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കുന്ന തോണികള്‍ തട്ടി ബോട്ടിന്റെ യന്ത്രഭാഗങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നതിന് സാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ മേയില്‍ വെള്ളത്തിനടിയില്‍ മുങ്ങിക്കിടന്ന തോണികളില്‍ തട്ടി ബോട്ടിന്റെ പ്രൊപ്പല്ലര്‍ തകരാറിലായിരുന്നു. ഇതുകാരണം ഇരുപത് ദിവസത്തോളം സര്‍വിസ് നിര്‍ത്തിവയ്ക്കേണ്ടി വന്നു. ബോട്ട്ജെട്ടിക്ക് സമീപത്ത് നിന്നും അമ്പത് മീറ്റര്‍ അകലെ മാത്രമേ തോണികളും മറ്റും കെട്ടിയിടാന്‍ പാടുള്ളൂവെന്നാണ് നിയമം. എന്നാല്‍ ഇതും പാലിക്കപ്പെടുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."