കൃത്യനിര്‍വഹണത്തില്‍ വീഴ്ച മുളിയാര്‍ വില്ലേജ് ഓഫിസറെ സസ്‌പെന്റ് ചെയ്തു ഓഫിസര്‍ കൈഞരമ്പു മുറിച്ചു
ബോവിക്കാനം(കാസര്‍കോട്): തുടര്‍ച്ചയായി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ മുളിയാര്‍ വില്ലേജ് ഒഫിസറെ സസ്‌പെന്റ് ചെയ്തു. തന്നെ സസ്‌പെന്‍ഡ് ചെയ്ത വിവരമറിഞ്ഞ വില്ലേജ് ഓഫിസര്‍ കൈഞരമ്പു മുറിച്ചു. ഇവരെ ഓഫിസ് ജീവനക്കാരും പ്രദേശവാസികളും ചേര്‍ന്ന് ചെങ്കളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുളിയാര്‍ വില്ലേജ് ഓഫിസര്‍ കോട്ടയം സ്വദേശിനി കെ.ബിന്ദുവിനെയാണ് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത്ബാബു അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. വില്ലേജ് ഓഫിസര്‍ മുന്നറിയിപ്പില്ലാതെ അവധിയെടുക്കുകയും ഓഫിസിലെത്താന്‍ വൈകുന്നതായും ജനങ്ങള്‍ക്കു ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കാലതാമസം വരുത്തുന്നതായും ഒട്ടനവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് റവന്യു അധികൃതര്‍ നേരത്തെ മൂന്നു തവണ വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. വില്ലേജ് ഓഫിസറുടെ നിരുത്തരവാദത്തെക്കുറിച്ച് ഒരാഴ്ച മുമ്പ് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു. ഇന്നലെ രാവിലെ വില്ലേജ് ഓഫിസ് തുറന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഓഫിസര്‍ എത്തിയില്ല. വില്ലേജ് രജിസ്റ്ററില്‍ താലുക്ക് ഓഫിസില്‍ പോയതായിട്ടാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ താലൂക്ക് ഓഫിസില്‍ ബന്ധപ്പെട്ടപ്പോള്‍ അവിടെ എത്തിയിട്ടില്ല എന്ന വിവരമാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് സംഘടിച്ചെത്തിയ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഓഫിസ് ഉപരോധിക്കുകയും ജില്ലാ കലക്ടറെ വിവരമറിയിക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റവന്യു ഉന്നത ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫിസിലെത്തുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്യ്തതിന് ശേഷമാണ് ഇന്നലെ ഉച്ചയോടെ ഓഫിസര്‍ക്കെതിരേ നടപടിക്ക് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന് വൈകുന്നേരം നാലരയോടെ വില്ലേജ് ഓഫിസില്‍ വച്ച് ബിന്ദു ബ്ലേഡ് കൊണ്ട് ഇടതു കൈയുടെ ഞരമ്പ് മുറിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."