സുഗമമായ പ്രവര്‍ത്തനത്തിന് നടപടി
തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി സ്പില്‍വേ, കോട്ടയം ജില്ലയിലെ തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് സ്വീകരിക്കേണ്ട അടിയന്തര തുടര്‍നടപടികള്‍ സംബന്ധിച്ച് തീരുമാനമായി. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി, ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍, കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍, ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നുള്ള ലീഡിങ് ചാനല്‍ വന്നു ചേരുന്ന അഴിമുഖത്തെ പുഴക്ക് സമാന്തരമായി വെള്ളമൊഴുക്കിന് തടസമായ മരങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം അടിയന്തരമായി മുറിച്ചുമാറ്റും. തോട്ടപ്പള്ളി പുഴയില്‍ അടിഞ്ഞുകൂടിയ സാന്റ് ബാര്‍ നീക്കംചെയ്യാന്‍ എല്ലാവര്‍ഷത്തേയും പോലെ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. സ്പില്‍വേയുടെ അഴിമുഖത്ത് അടിഞ്ഞുകൂടിയ വിലയേറിയ ധാതുമണല്‍ ശേഖരം പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.ആര്‍.ഇ കെ.എം.എം.എല്‍ മുഖേന നടപടിക്രമങ്ങള്‍ പാലിച്ച് എടുത്തുമാറ്റും.
സ്പില്‍വേയുടെ ഡൗണ്‍സ്ട്രീം, അപ്‌സ്ട്രീം എന്നീ ഭാഗങ്ങളുടെ ഡ്രെഡ്ജിങ്ങിനും വീയ്യപുരത്തിന് സമീപം ലീഡിങ് ചാനലിന്റെ ആരംഭ ഭാഗത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കുന്ന പ്രവൃത്തിക്കും പരിശോധന നടത്തി താല്‍പര്യപത്രം ക്ഷണിക്കും. തണ്ണീര്‍മുക്കം ബണ്ടിലെ കോഫര്‍ ഡാം അടിയന്തരമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് പ്രകാരം പൊളിച്ചുമാറ്റി മണ്ണ് ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രത്യേകം സൂക്ഷിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."