ചെള്ള് പനി; നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി
മാനന്തവാടി: ജില്ലയില്‍ ചെള്ള് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക. പൂതാടി ചങ്ങലമൂല കോളനിയിലെ ബിന്ദു (28)മരിക്കുകയും 24 പേര്‍ക്ക് പനി ബാധിച്ചതില്‍ 6 പേര്‍ക്ക് ചെള്ള് പനി സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം. കഴിഞ്ഞവര്‍ഷം 43 പേര്‍ക്ക് ചെള്ള് പനി ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ വര്‍ഷം ഇതുവരെ 51 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 2 പേര്‍ മരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി പനി സര്‍വേയും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കിയതായും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ചെള്ള് പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തുള്ള എല്ലാ പനി കേസുകള്‍ക്കും ഡോക്‌സിസൈക്ലിന്‍ നല്‍കി വരുന്നതായും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ വെക്ടര്‍ സര്‍വേ നടത്തുകയും കീടനാശിനി തളിക്കുകയും ചെയ്തു.
വനത്തിലും കുറ്റിചെടികളുളള സ്ഥലങ്ങളിലും ജോലി ചെയ്യുന്നവര്‍ ബി.ബി എമല്‍ഷന്‍ പോലുള്ള ലേപനങ്ങള്‍ പുരട്ടുക, കൈകാലുകള്‍ മറയുന്ന തരത്തില്‍ വസ്ത്രം ധരിക്കുക, ജോലിക്ക് ശേഷം കൈകാലുകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ വൃക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കണം.
എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയവയുടെ തൊലിപ്പുറത്തുളള ചെറുജീവികളായ മൈറ്റുകളുടെ ലാര്‍വയാണ് രോഗാണു വാഹകരായി പ്രവര്‍ത്തിക്കുന്നത്.
വിറയലോടുകൂടിയ പനി, തലവേദന, ചുവന്ന കണ്ണുകള്‍, കഴലവീക്കം, പേശി വേദന, വരണ്ട ചുമ, തൊലിപ്പുറത്തുണ്ടാകുന്ന പ്രത്യേക തരം പാടുകള്‍ (എസ്‌കാര്‍) തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. മണ്ണിലും പുല്‍ചെടികളിലുമുളള ചിഗാര്‍മൈറ്റുകളെ കീടനാശിനി (സിന്തറ്റിക് പൈറിത്രോയിഡ്) തളിച്ച് നിയന്ത്രിക്കല്‍, എലിനശീകരണം, പുല്‍ചെടികളും മറ്റും വെട്ടി പരിസരം വൃത്തിയാക്കല്‍ എന്നിവയാണ് നിയന്ത്രണമാര്‍ഗങ്ങളെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."