പ്രളയം: മണ്‍റോതുരുത്തിലെ മത്സ്യകൃഷിയില്‍ ഒന്നേകാല്‍ കോടിയോളം നഷ്ടം
കൊല്ലം: പ്രളയം ബാക്കി വെച്ചത് ദുരിതങ്ങള്‍ മാത്രമാണ്. മണ്‍ട്രോതുരുത്തിലെ മത്സ്യകൃഷി മേഖലയില്‍ ഒന്നേകാല്‍ കോടിയുടെ നഷ്ടമാണ് ഉണ്ടായത്. കൃഷിയിടങ്ങളില്‍ നിന്ന് ഒലിച്ചുപോയത് വിളവെടുക്കാന്‍ പാകത്തിലുള്ള മത്സ്യങ്ങളും പുതുതായി സറ്റോക്ക് ചെയ്തിരുന്ന മത്സ്യ കുഞ്ഞുങ്ങളും. 100 ഹെക്ടറിലധികം കൃഷിയിടത്തില്‍നിന്നാണ് മത്സ്യങ്ങള്‍ കൂട്ടത്തോടെ ഒലിച്ചുപോയത്.
പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായാണ് കൃഷിയിടങ്ങള്‍ വ്യാപിച്ചു കിടക്കുന്നത്. ഓണത്തിന് വിളവെടുക്കാന്‍ പാകമായ മത്സ്യങ്ങളായിരുന്നു. മാത്രമല്ല, ജലത്തിന്റെ അസിഡിറ്റിയില്‍ വന്ന വ്യത്യാസവും കലക്കവെള്ളവും മൂലം ശേഷിച്ചവ വ്യാപകമായി ചത്തൊടുങ്ങുന്നു. ചെമ്മീന്‍, തിരുത, ഞണ്ട്, കരിമീന്‍, പൂമീന്‍ എന്നിവയാണ് വ്യാപകമായി നശിച്ചത്. ഓണം വിപണി ലക്ഷ്യമിട്ട് ടണ്‍ കണക്കിനുള്ള കച്ചവടം പ്രതീക്ഷിച്ചതാണ് വെള്ളത്തില്‍ മുങ്ങിപ്പോയത്.
ബണ്ടുകള്‍ മുറിഞ്ഞതും വെള്ളം കയറി മോട്ടോറുകള്‍ നശിച്ചതും ഉള്‍പ്പെടെ വന്‍ നഷ്ടമാണ് വനിതാകര്‍ഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടത്. കുളങ്ങളില്‍ വെള്ളം നിയന്ത്രിച്ച് കയറ്റിയിറക്കുന്നതിനുള്ള ഫ്‌ളൂയിസ് ഗേറ്റ് (തൂമ്പുകള്‍) കുത്തൊഴുക്കില്‍ വ്യാപകമായി നശിച്ചു. ഒരു കാലത്ത് നൂറുമേനി നല്‍കിയിരുന്ന തെങ്ങുകൃഷി ആഗോളതാപനത്തിന്റെ ഭാഗമായുള്ള വേലിയേറ്റത്തെതുടര്‍ന്ന് വ്യാപകമായി നശിച്ചു. ഇതേ തുടര്‍ന്ന് കടക്കെണിയിലായ കര്‍ഷകര്‍ മത്സ്യക്കൃഷിയിലേക്ക് തിരിയുകയായിരുന്നു.
മത്സ്യ കൃഷി മാത്രം ലക്ഷ്യമിട്ട് ഉപജീവനം നടത്തിയിരുന്ന നൂറിലേറെ കര്‍ഷകരും ആയിരത്തിലേറെ അനുബന്ധ കര്‍ഷകരുമാണ് പ്രതിസന്ധിയിലായത്. കൃഷിഫാമുകളില്‍ എക്കലും ചെളിയും അടിഞ്ഞുകൂടി കിടക്കുന്നതിനാല്‍ ജലത്തില്‍ അമ്ലഗുണം ഉയര്‍ന്ന സ്ഥിതിയാണ്. നാലിരട്ടി കുമ്മായം ചേര്‍ത്തെങ്കില്‍ മാത്രമേ ചെളിയിലെ അമ്ലഗുണം മാറ്റി ക്ഷാരഗുണമുള്ളതാക്കാനാകൂ. ഇത് ഭാരിച്ച ചെലവാണ്.
ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ സീസണ്‍ കൃഷിയും തുടങ്ങാനാകു. ഏറ്റവും മികച്ച മത്സ്യ കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് പലതവണ നേടിയവരുടെ ഉള്‍പ്പെടെ മത്സ്യമാണ് നശിച്ചത്. 98 ദിവസം പ്രായമായ മത്സ്യങ്ങളാണ് ഏറെയും നഷ്ടപ്പെട്ടത്. എക്കലടിഞ്ഞ ഫാമുകള്‍ ശുചീകരിച്ച് വീണ്ടും കൃഷി പുനരാരംഭിക്കാന്‍ ഭാരിച്ച ചെലവാണ് വരിക. ഈ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."