ചികിത്സാശാസ്ത്രങ്ങളുടെ സമന്വയമാണ് വേണ്ടത്
വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ട ഒരു ചികിത്സാനുഭവം പങ്കുവയ്ക്കട്ടെ. എന്റെ വീട്ടില്‍ കുറച്ചുകാലം ജോലിക്കുവന്ന ഒരു വേലക്കാരിയുണ്ടായിരുന്നു. കുടുംബത്തിലുണ്ടായ ഏതോ ഒരു പ്രശ്‌നം തീര്‍ത്ത മാനസിക സമ്മര്‍ദം മൂലം അവള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. മാരകമായ ഏതോ വിഷമാണ് അവള്‍ കഴിച്ചത്. നാട്ടിലെ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോകാന്‍ പറഞ്ഞു. അവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. വിഷം കരളിനെബാധിച്ചുവെന്നും കരള്‍മാറ്റി വെയ്ക്കലല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും അവര്‍ പറഞ്ഞു. അതിനുള്ള സാമ്പത്തികശേഷി ആ കുടുംബത്തിനില്ലതാനും. ആശുപത്രിയില്‍ കിടന്നിട്ടും കാര്യമില്ല. ഈ സമയത്താണ് ഒരു ഹോമിയോ ഡോക്ടറെക്കുറിച്ച് ആരോ പറഞ്ഞത്. ഇത്തരം കേസുകള്‍ അദ്ദേഹം സമര്‍ഥമായി ചികിത്സിച്ചു മാറ്റുന്നുണ്ടെന്നും. ആ കുടുംബം ഹോമിയോ ഡോക്ടറെ ചെന്നു കണ്ടു. മാരകമായ കരള്‍ രോഗങ്ങളൊന്നും ചികിത്സിച്ചു മാറ്റാനാവില്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞു. എന്നാല്‍ ഈ വിധം വിഷം ഉള്ളില്‍ചെന്ന് കരളിനെ ബാധിക്കുന്നത് ഉത്തരവാദിത്വത്തോടെ ചികിത്സിച്ച് ഭേദമാക്കിക്കൊടുക്കാമെന്നും. നിസ്സാര ചെലവില്‍ മൂന്നുമാസത്തെ ചികിത്സയെ വേണ്ടി വന്നുള്ളൂ. അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷങ്ങള്‍ ഏറെയായി. അവള്‍ ആരോഗ്യവതിയായി ജീവിക്കുന്നു.
കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് ഹോമിയോ ചികിത്സ ചര്‍ച്ചാ വിഷയമായി മാറിയിരിക്കയാണല്ലൊ. കൊവിഡിന് കാര്യമായ ചികിത്സയൊന്നും അലോപ്പതിയില്‍ ഇല്ലെന്നും പറയുന്നു. എന്നിട്ടും അവരാണ് ലോകമെമ്പാടും കൊവിഡ് ചികിത്സാ പോളിസി രൂപകല്‍പന ചെയ്യുന്നത്. അത് വിജയമാണോ എന്ന് ചോദിച്ചാല്‍ അല്ല എന്നു തന്നെയാണ് ഉത്തരം. ലോക്ക്ഡൗണ്‍ എന്ന ആശയം ലോകമെമ്പാടും വലിയ പരാജയമായിത്തീരുകയും അതിഗുരുതരമായ സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായി മാറുകയും ചെയ്തു. ലോകത്തിലെ ഏക ആധുനിക ചികിത്സാ രീതിയെന്ന് അവകാശപ്പെടുന്ന അലോപ്പതി ചികിത്സയ്ക്ക് കൊവിഡ് ബാധിച്ച ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അങ്ങനെ സാധിച്ചിരുന്നുവെങ്കില്‍ ഇത്രയും വലിയ പ്രതിസന്ധിയിലേയ്ക്ക് ലോകം എത്തില്ലായിരുന്നു. വാക്‌സിന്‍ എന്ന ഏക ഉത്തരത്തിലാണ് ആധുനിക വൈദ്യശാസ്ത്രം ചെന്നു നില്‍ക്കുന്നത്. വൈദ്യശാസ്ത്രം ഇത്രയേറെ വികസിച്ച ഒരു ലോകത്ത് വാക്‌സിനു പുറത്ത് മറ്റ് ചില ഉത്തരങ്ങള്‍ ഉണ്ടാവേണ്ടതായിരുന്നില്ലേ? വളരെ ചെറിയൊരു വിഭാഗത്തിനു മാത്രമാണ് ഈ രോഗം മരണകാരണമായി ഭവിക്കുന്നത്. അവരെ മരണത്തില്‍ നിന്ന് രക്ഷിക്കാനായാല്‍ ഈ രോഗത്തെ ഭയപ്പെടേണ്ട കാര്യമുണ്ടോ? അത്തരം ചിന്തകള്‍ക്ക് പകരം വാക്‌സിന്‍ എന്ന ഒറ്റ ഉത്തരത്തില്‍ കൊണ്ടെത്തിക്കുന്നത് ആരുടെ താല്‍പര്യമാണ്?
കേരളത്തിലും കൊവിഡ് ചികിത്സാ പോളിസി തീരുമാനിക്കുന്നത് അലോപ്പതിയാണ്. കേരള സര്‍ക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രതിപക്ഷത്തെ പൂര്‍ണമായി മാറ്റിനിര്‍ത്തുന്നത് പോലെ ഐ.എം.എ ചെയ്യുന്നത് മറ്റ് ചികിത്സാ രീതികളെ പാടെ അവഗണിക്കുകയാണ്. അതേസമയം കാലാകാലങ്ങളായി അലോപ്പതിയെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു വിഭാഗം ആളുകളും കേരളത്തിലുണ്ട്. എന്നാല്‍, അലോപ്പതിക്കാര്‍ മനസിലാക്കേണ്ട ഒരു കാര്യം കൊവിഡിന് ഫലപ്രദമായ ചികിത്സയൊന്നും അലോപ്പതിയില്‍ ഇപ്പോള്‍ ഇല്ലെന്നിരിക്കെ മറ്റ് ചികിത്സാ രീതികളുടെ സഹായം കൂടി സ്വീകരിക്കുന്നതല്ലേ ഉചിതം? ലോകത്തെ വലിയ ആപത്തുകളില്‍നിന്നു രക്ഷിച്ചിട്ടുള്ളത് ആധുനിക വൈദ്യശാസ്ത്രമാണ്. ആര്‍ക്കും അതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ആധുനിക വൈദ്യശാസ്തം നിസ്സഹായമായി നില്‍ക്കുന്ന അവസ്ഥയുമുണ്ട്. ജീവിതശൈലീരോഗങ്ങളുടെ കാര്യം തന്നെ എടുക്കാം. പ്രമേഹരോഗികളെ ആജീവനാന്തം മരുന്നുകള്‍ക്ക് അടിമപ്പെടുത്തി നിര്‍ത്തുകയല്ലാതെ മരുന്നു മുക്തമായ ഒരവസ്ഥയില്‍ എത്തിക്കുന്നതില്‍ അവര്‍ വിജയിച്ചുവോ? ഏത് കാന്‍സര്‍ രോഗിയേയും ചികിത്സിച്ചു ഭേദപ്പെടുത്താമെന്ന് ഒരു ഓങ്കോളജിസ്റ്റിനു ഉറപ്പു നല്‍കാന്‍ പറ്റുമോ? മാരകമായ കരള്‍ രോഗത്തിന്, കിഡ്‌നി രോഗത്തിന്, എന്താണ് അലോപ്പതിയില്‍ ചികിത്സ? എല്ലാ വൈദ്യശാസ്ത്ര ശാഖകള്‍ക്കും പരിമിതികള്‍ ഉണ്ട് എന്നര്‍ഥം.
ഈ കൊവിഡ്കാലത്ത് സമ്പൂര്‍ണമായി അലോപ്പതി മാത്രം ആശ്രയിച്ച് ചികിത്സാ രീതികള്‍ നിശ്ചയിക്കുമ്പോള്‍ ഉടലെടുക്കുന്ന നൈതിക പ്രശ്‌നങ്ങള്‍ ഒരുപാടുണ്ട് ജനാധിപത്യ രാജ്യങ്ങളില്‍. പ്രത്യേകിച്ചും സര്‍ക്കാര്‍ അംഗീകരിക്കുന്ന മറ്റ് ചികിത്സാരീതികള്‍ കൂടിയുണ്ട് എന്നിരിക്കെ. ഇപ്പോള്‍ ഹോമിയോ ചികിത്സ വലിയ വിവാദത്തിന് കാരണായത് കേരളസര്‍ക്കാരിലെ ആരോഗ്യവകുപ്പുമന്ത്രി കൊവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ഫലപ്രദമാണ് എന്ന് പറഞ്ഞതാണ്.
ഇന്ത്യയില്‍ അംഗീകരിക്കപ്പെട്ട ചികിത്സാരീതിയാണ് ഹോമിയോപ്പതി. കോടിക്കണക്കിനു രൂപയുടെ സര്‍ക്കാര്‍ ഫണ്ട് ഈ മേഖലക്കായി നീക്കിവെച്ചിട്ടുമുണ്ട്. സര്‍ക്കാറിന്റെ കീഴില്‍ ഹോമിയോ മെഡിക്കല്‍ കോളജുകളും ഡിസ്‌പെന്‍സറികളുമുണ്ട്. അങ്ങനെയെങ്കില്‍ ഈ മഹാമാരിയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ അവരേയും സഹകരിപ്പിക്കേണ്ടതില്ലേ?
ഹോമിയോ ഒരു കപടശാസ്ത്രശാഖയാണ് എന്നു വിശ്വസിക്കുന്ന എത്രയോ ശാസ്ത്രജ്ഞന്മാരും ഭിഷഗ്വരന്മാരും ലോകത്തുണ്ട്. ആ നിലയ്ക്ക് ഈ ചികിത്സാശാഖയ്ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കേണ്ടതില്ല എന്നു തീരുമാനിച്ച ധാരാളം രാഷ്ട്രങ്ങളുണ്ട്. എന്നാല്‍ ഇന്ത്യ അങ്ങനെ തീരുമാനിച്ചിട്ടില്ല. ഹോമിയോ ഒരു കപട ശാസ്ത്രമാണ് എന്ന് അംഗീകരിച്ചാല്‍ സര്‍ക്കാറിന്റെ കീഴിലുള്ള ഹോമിയോ മെഡിക്കല്‍ കോളജുകളും ഡിസ്‌പെന്‍സറികളും അടച്ചുപൂട്ടുക തന്നെ വേണം. ഒരു കപടശാസ്ത്രം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ ജനതയുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലല്ലൊ. അതല്ലെങ്കില്‍ ഹോമിയോ മേഖലയെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരുടെ ഗവേഷണഫലങ്ങള്‍ ജനതയ്ക്കു പ്രയോജനപ്പെടുത്താനും അനുവദിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അവരുടെ നയം വ്യക്തമാക്കിയേ മതിയാവൂ.
ഇന്ത്യയില്‍ ഹോമിയോപ്പതിക്ക് പത്തൊമ്പതാം നൂറ്റാണ്ടു തൊട്ടുള്ള ചരിത്രമേയുള്ളൂ. ഇന്ത്യയിലെ ആദ്യത്തെ ഹോമിയോ ഡോക്ടര്‍ മഹേന്ദ്രലാല്‍ സര്‍ക്കാരായിരുന്നു. 1833 ലായിരുന്നു അദ്ദേഹത്തിന് ജനനം. 1904 ല്‍ അദ്ദേഹം അന്തരിച്ചു. അലോപ്പതി ഡോക്ടറുമായിരുന്നു അദ്ദേഹം. കല്‍ക്കത്ത മെഡിക്കല്‍ കോളജില്‍ നിന്ന് എം.ഡി ബിരുദം കരസ്ഥമാക്കിയ രണ്ടാമത്തെ വ്യക്തിയും. സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു മഹേന്ദ്രലാല്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ ശാസ്ത്രീയ ഗവേഷണ പഠനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1876ല്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ദ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സ് (കഅഇട) എന്ന പേരില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് അദ്ദേഹം സ്ഥാപിച്ചു. ആ സ്ഥാപനം ഇന്ത്യയിലെ അടിസ്ഥാന ശാസ്ത്രഗവേഷണ രംഗത്തെ ഏറ്റവും പഴക്കം ചെന്ന ഇന്‍സ്റ്റിറ്റ്യൂട്ടുമാണ്. 2018ല്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ഇതിന് ഡീംമ്ഡ് യൂണിവേഴ്‌സിറ്റി പദവി നല്‍കുകയും ചെയ്തു. യു.ജി.സി.യുടെ അംഗീകാരവും ഈ സ്ഥാപനത്തിനുണ്ട്. നല്ല ബോധ്യത്തോടുകൂടി തന്നെയാണ് മഹേന്ദ്രലാല്‍ സര്‍ക്കാര്‍ ഹോമിയോപ്പതിയെ ചികിത്സാശാസ്ത്രമായി അംഗീകരിച്ചത്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതികളോട് കലഹിച്ചുകൊണ്ട് രൂപപ്പെട്ട സമാന്തര ചികിത്സാരീതിയാണ് ഹോമിയോപ്പതി. ആന്തരികശക്തിയുണ്ടാക്കി രോഗപ്രതിരോധം സാധ്യമാക്കുക എന്നതാണ് ക്ലാസിക്കല്‍ ഹോമിയോ ചികിത്സയുടെ രീതി. കാലാന്തരത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഈ മേഖലയില്‍ വന്നു. തുടക്കത്തില്‍ ബംഗാളില്‍ മാത്രം ഒതുങ്ങിനിന്ന ഈ ചികിത്സാരീതി ഇന്ത്യയൊട്ടുക്ക് പ്രചരിച്ചു. ഇന്ന് ലക്ഷക്കണക്കിന് ഹോമിയോ ഡോക്ടര്‍മാര്‍ ഇന്ത്യയിലുണ്ട്. പതിനായിരത്തിലേറെപ്പേര്‍ ഓരോ വര്‍ഷവും ഈ മേഖലയിലേയ്ക്ക് കടന്നുവരുന്നു. ഇതൊരു കപടശാസ്ത്രമാണെന്ന് ഒറ്റയടിയ്ക്ക് അലോപ്പതി ഡോക്ടര്‍മാര്‍ പറയുമ്പോള്‍ അത് അംഗീകരിച്ച് കൊടുക്കാന്‍ പ്രയാസമാണ്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ രീതികളും വന്‍വ്യവസായമായി മാറിക്കഴിഞ്ഞു. ആധുനിക മുതലാളിത്തത്തിന്റെ രണ്ടുകാലുകളില്‍ ഒന്നാണത്. അതിന്റെ എല്ലാ പരിമിതികളും അതിനുണ്ട്. മരുന്നുകളും സര്‍ജറിയുമൊക്കെ രോഗികളില്‍ വ്യാപകമായി അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. പരിശോധനയിലെ കൃത്യതയില്ലായ്മയും ആശുപത്രി വ്യവസായത്തിന്റെ നിലനില്‍പ്പിനായി രോഗികളെ സൃഷ്ടിക്കലും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എത്രയോ മരുന്നുകള്‍ വര്‍ഷങ്ങളോളം രോഗികള്‍ക്ക് നല്‍കുകയും പിന്നീട് പാര്‍ശ്വഫലങ്ങളുടെ പേരില്‍ പിന്‍വലിക്കുകയും ചെയ്ത ചരിത്രമില്ലേ? അതു കുറ്റകൃത്യമല്ലേ? രോഗികളെ മരുന്നിന്റെ അടിമകളാക്കി മരുന്നു വ്യവസായം വളര്‍ത്തിയെടുക്കുന്നില്ലേ? അതുകൊണ്ട് അലോപ്പതി ഡോക്ടര്‍മാര്‍ ഹോമിയോ ഡോക്ടര്‍മാരെ തെറിവിളിക്കുന്നതില്‍ കാര്യമില്ലല്ലൊ. ആധുനികശാസ്ത്രം തെറ്റുപറ്റാത്തതോ അന്തിമമോ അല്ല. ശാസ്ത്രത്തിന് വ്യാഖ്യാനിക്കാനാവാത്ത എത്രയോ പ്രതിഭാസങ്ങള്‍ പ്രപഞ്ചത്തിലുണ്ട്. ഹോമിയോ വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞതിലും കാര്യമില്ലേ? അവര്‍ ഹോമിയോവിന്റെ കൂടി മന്ത്രിയല്ലേ?
എം.എസ് വല്യത്താന്‍ എന്ന മഹാനായ സര്‍ജനെക്കുറിച്ച് അറിയില്ലേ? അദ്ദേഹത്തിന് ആയുര്‍വേദത്തോടും ആദരവായിരുന്നു. ചരകുശ്രുത സംഹിതകള്‍ക്ക് അദ്ദേഹം വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ആയുര്‍വേദ ചരിത്രത്തെ മുന്‍നിര്‍ത്തി അദ്ദേഹം പുസ്തകമെഴുതിയിട്ടുണ്ട്.
മറ്റൊരുകാര്യം കൂടി നാം ആലോചിക്കണം. ശരീരത്തിനു മേലുള്ള അവകാശി വ്യക്തിയാണ്. ഭരണകൂടമല്ല. ഭരണകൂടം വ്യക്തിയുടെ മേല്‍ അമിതമായി ഇടപെടുന്നത് അംഗീകരിച്ചു കൊടുക്കാനുമാവില്ല. അതിനാല്‍ തന്നെ ഏതുതരം ചികിത്സ സ്വീകരിക്കണമെന്നത് വ്യക്തിയുടെ കൂടി അവകാശമാണ്. കൊവിഡിന്റെ മറവിലുള്ള പൊലിസ് രാജിനേയും പ്രതിരോധിക്കണം. സി.പി.എം ഇപ്പോള്‍ പ്രതിപക്ഷത്തായിരുന്നുവെങ്കില്‍ ഇത്തരം വിഷയങ്ങളെ മുന്‍നിര്‍ത്തി വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ടാവും അവര്‍.
സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഒരു തീവ്രവാദവും സമൂഹത്തിനു ഗുണം ചെയ്യില്ല. രോഗപ്രതിരോധമെന്നത് ആധുനികവൈദ്യശാസ്ത്രവും അംഗീകരിക്കുന്നില്ലേ? അത്തരം ശേഷികള്‍ മനുഷ്യനില്‍ ഉണ്ടാക്കുന്നതല്ലേ കൊവിഡ് കാലത്ത് നല്ലത്. ആയുര്‍വേദം, യൂനാനി, സിദ്ധ തുടങ്ങിയ ചികിത്സാരീതികളില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള ഔഷധങ്ങളില്ലേ? അതൊക്കെ കൊവിഡ് കാലത്ത് പ്രയോജനപ്പെടുത്തേണ്ടതല്ലേ? സമന്വയമാണ് നല്ലത്. ഏത് മേഖലയിലായാലും. ശാഠ്യങ്ങള്‍ മാറ്റിവച്ച് സ്‌നേഹപൂര്‍ണമായ സംവാദങ്ങളില്‍ അഭിരമിക്കണം അലോപ്പതി ഡോക്ടര്‍മാര്‍. ഈ കാലഘട്ടം വിയോജിപ്പുകളേക്കാള്‍ ഒന്നിപ്പിന്റേതായി മാറണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."