'രണ്ടിലയ്ക്കായി' മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്രഹരം; തിരിച്ചടിച്ച് ജോസഫ്
കോട്ടയം: സര്‍വകക്ഷി യോഗത്തില്‍ ജോസ് കെ. മാണിക്ക് ഇടംനല്‍കിയ മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്രഹരത്തിന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഹൈക്കോടതി സ്റ്റേയിലൂടെ തിരിച്ചടിച്ച് പി.ജെ ജോസഫ്.
നിയമസഭാ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നുവയ്ക്കാനും തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടുന്നത് ചര്‍ച്ചചെയ്യാനും വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പി.ജെ ജോസഫിനെ ഒഴിവാക്കിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തിന് സര്‍ക്കാര്‍ ഇടംനല്‍കിയത്. പി.ജെ ജോസഫിനെ ഒഴിവാക്കിയതിലൂടെ ജോസ് കെ. മാണിക്ക് ഒപ്പമാണ് തങ്ങളെന്ന രാഷ്ട്രീയസന്ദേശം കൂടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
മുഖ്യമന്ത്രിയുടെ നടപടിക്കെതിരേ രൂക്ഷമായി പ്രതികരിച്ച പി.ജെ ജോസഫ് മണിക്കൂറുകളുടെ ഇടവേളയില്‍ ഹൈക്കോടതി സ്റ്റേയിലൂടെ തിരിച്ചടിക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസി (എം)ന്റെ അവകാശവും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയെ ഹൈക്കോടതി സ്റ്റേ ചെയ്തത് പി.ജെ ജോസഫിനൊപ്പം യു.ഡി.എഫിനും ആശ്വാസമായി. ഇതോടെ കേരള കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം കൂടുതല്‍ നിയമപോരാട്ടങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. യു.ഡി.എഫിന് പുറത്തായ ജോസ് പക്ഷത്തിന് ഹൈക്കോടതി സ്റ്റേ തല്‍ക്കാലത്തേയ്‌ക്കെങ്കിലും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിട്ടുള്ളത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ രണ്ടിലയും പാര്‍ട്ടിയുടെ അധികാരവും നല്‍കിയതോടെ എല്‍.ഡി.എഫിലേക്ക് ചേക്കേറാനുള്ള നീക്കം ജോസ് കെ. മാണിയും കൂട്ടരും ശക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിപ്രവേശനം സാധ്യമാക്കാനുള്ള നീക്കത്തിലായിരുന്നു ജോസ് കെ. മാണി. ഈ നീക്കത്തിന് രാഷ്ട്രീയമായ പിന്തുണയാണ് ജോസ് കെ. മാണിയെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിച്ചതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയത്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി ചൂണ്ടിക്കാട്ടി ജോസ് കെ. മാണി എം.പിയെ ക്ഷണിച്ച നടപടിയെ മുഖ്യമന്ത്രി പരസ്യമായി ന്യായീകരിക്കുകയും ചെയ്തു. കെ.എം മാണിയുടെ മരണശേഷം സര്‍വകക്ഷി യോഗങ്ങളില്‍ ഉള്‍പ്പെടെ കേരള കോണ്‍ഗ്രസി(എം) നെ പ്രതിനിധീകരിച്ച് വര്‍ക്കിങ് ചെയര്‍മാനായ പി.ജെ ജോസഫ് ആയിരുന്നു പങ്കെടുത്തിരുന്നത്.
സര്‍വകക്ഷിയോഗത്തില്‍ നിന്ന് തന്നെ ഒഴിവാക്കി ജോസ് കെ. മാണിയെ പങ്കെടുപ്പിച്ച സര്‍ക്കാര്‍ നിലപാടിനെതിരേ വിമര്‍ശനവുമായി ജോസഫ് രംഗത്തുവന്നിരുന്നു. ജോസ് കെ. മാണിക്ക് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി പ്രവര്‍ത്തിക്കാനാവില്ലെന്ന മുന്‍സിഫ് കോടതിയുടെ വിധിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരേ നല്‍കിയ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കുന്നതും ചൂണ്ടിക്കാട്ടി പി.ജെ ജോസഫ് മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു.
ജോസഫിന്റെ ആവശ്യം നിരാകരിച്ച മുഖ്യമന്ത്രി പുതിയ രാഷ്ട്രീയനീക്കമായി കണ്ട് ജോസ് കെ. മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി അംഗീകരിച്ച് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുപ്പിച്ചു. കോടതിവിധിയല്ല തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് സര്‍ക്കാര്‍ അംഗീകരിക്കുന്നതെന്ന സന്ദേശമാണ് യു.ഡി.എഫിനും ജോസഫിനും ജോസിനെ ക്ഷണിച്ചതിലൂടെ മുഖ്യമന്ത്രി നല്‍കിയത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരേ ജോസഫ് നേടിയ സ്റ്റേ ജോസ് പക്ഷത്തിനെതിരേ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മധ്യതിരുവിതാംകൂറില്‍ യു.ഡി.എഫ് നടത്തുന്ന രാഷ്ട്രീയനീക്കങ്ങള്‍ക്കു കരുത്തുപകരുന്നതായി. ജോസ് പക്ഷത്തെ ഇടതുവിരോധികളെ യു.ഡി.എഫില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."