കലക്ടറുടെ ഉത്തരവിന് പുല്ലുവില; കൊച്ചി നഗരസഭയ്ക്കു മുന്നിലെ അനധികൃത കെട്ടിടം പൊളിച്ചു നീക്കി
കൊച്ചി: കലക്ടര്‍ ഇടപെട്ട് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവപ്പിച്ച കോര്‍പറേഷന്‍ ഓഫിസിനു മുന്നില്‍ കെ.എസ്.ആര്‍.ടി.സി ജെട്ടി സ്റ്റാന്റിലേക്കുള്ള പ്രവേശന കവാടത്തോട് ചേര്‍ന്ന് അനധികൃതമായി പണിത ഇരുനില കെട്ടിടം നഗരസഭ പൂര്‍ണമായും പൊളിച്ചു. കഴിഞ്ഞ ദിവസം കലക്ടര്‍ ഇടപെട്ട് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവപ്പിച്ച കെട്ടിടമാണ് ഇന്നലെ നഗരസഭയുടെ ടൗണ്‍പ്ലാനിംഗ് വിഭാഗം പൂര്‍ണമായും പൊളിച്ചത്. കലക്ടറുടെ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്ന് വിലയിരുത്തിയ മേയര്‍ സൗമിനി ജെയിന്‍ കെട്ടിടം പൊളിച്ചു മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. വൈകുന്നേരത്തോടെ കെട്ടിടത്തിന്റെ ഏറെക്കുറെ മുഴുവന്‍ ഭാഗങ്ങളും പൊളിച്ചു കളഞ്ഞപ്പോള്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള കോടതി ഉത്തരവ് വന്നു. ഇതോടെ നടപടികള്‍ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി.
ബുധനാഴ്ച്ച രാവിലെ കലക്ടര്‍ ഇടപെട്ട് നിര്‍ത്തിവച്ച നടപടികള്‍ ഇന്നലെ രാവിലെ ഒന്‍പതോടെയാണ് മേയറുടെ നിര്‍ദേശ പ്രകാരം പുനരാരംഭിച്ചത്. നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റുക എന്നത് നഗരസഭയുടെ കടമയാണെന്ന പറഞ്ഞായിരുന്നു നടപടി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കഴിഞ്ഞ ദിവസം പൊളിച്ചതിനു ബാക്കിയുള്ളവ ഇന്നലെ പൊളിച്ചുമാറ്റുകയായിരുന്നു ലക്ഷ്യം. ആദ്യം രണ്ടാം നിലയിലെ നിര്‍മാണവും ശേഷം താഴത്തെ നിലയും പൊളിച്ചു. പൊളിക്കല്‍ നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയായപ്പോഴാണ് കോടതിയുടെ ഇടപെടല്‍. ഉത്തരവ് കൈപ്പറ്റിയതോടെ പൊളിച്ചുകളഞ്ഞ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.
കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും ജലഗതാഗത വകുപ്പും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൊളിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്നായിരുന്നു കലക്ടറുടെ വിശദീകരണം. ഈ രണ്ടു വകുപ്പുകളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹിയറിങ് നടത്താനിരിക്കുകയാണ്. അതിനിടയില്‍ ആ ഭൂമിയിലെ കെട്ടിടം പൊളിക്കുന്നതായി വിവരം ലഭിച്ചപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ സെക്രട്ടറിയോട് നിര്‍ദേശിക്കുകയായിരുന്നു. സ്ഥല ഉടമസ്ഥാവകാശം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് നഗരസഭയല്ല, റവന്യു വകുപ്പാണ്. സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ വ്യക്തി കെട്ടിടം പണിതെങ്കില്‍ അതെങ്ങനെയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും കലക്ടര്‍ പറഞ്ഞു.
എന്നാല്‍, നടപടി ക്രമങ്ങളെല്ലാം പാലിച്ചാണു അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിക്കാന്‍ നടപടി സ്വീകരിച്ചതെന്ന് മേയര്‍ സൗമിനി ജെയിന്‍ വ്യക്തമാക്കി. ഭൂമിയുടെ ഉടമസ്ഥാവകാശമല്ല ഇവിടുത്തെ പ്രശ്‌നം. സര്‍ക്കാര്‍ ഭൂമിയില്‍ നഗരസഭ അനുമതിയില്ലാതെ കെട്ടിടം പണിതു എന്നതാണ്. സ്വകാര്യ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്തണമെങ്കില്‍ പോലും നഗരസഭ അനുമതി വേണം. ഇത്തരം സാഹചര്യത്തില്‍ അനധികൃതമെന്നു വ്യക്തമായ കെട്ടിടം പൊളിച്ചു മാറ്റുക എന്നത് നഗരസഭയുടെ കടമയാണ്. സ്ഥലം ഉടമസ്ഥാവകാശ തര്‍ക്കമുണ്ടെന്നതിനാല്‍ അനധികൃത കെട്ടിടം പൊളിക്കുന്നത് തടയുന്നതെങ്ങനെ എന്നു മനസിലാവുന്നില്ലെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."