രക്ഷിതാക്കള്‍ തന്നെ കുട്ടികളുടെ കൊലയാളികളായി മാറുന്ന സംഭവങ്ങളില്‍ പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം ഉപേക്ഷിക്കണം: ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം
ആലപ്പുഴ: തൊടുപുഴയിലെ കുട്ടിയുടെ കൊലപാതകം പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമം അന്വേഷണ ഉദ്യോഗസ്ഥര്‍ ഉപേക്ഷിക്കണം. കുട്ടിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിയുമായി മുന്നിട്ട് ഇറങ്ങുമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം (സി.പി.ടി കേരള) മുന്നറിയിപ്പ് നല്‍കി. രക്ഷിതാക്കള്‍ തന്നെ കുട്ടികളുടെ കൊലയാളികളായി മാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്കിടയില്‍ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കണമെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മാതാവിന്റെ കടമയും ഉത്തരവാദിത്തവും പലരും മറന്ന് പോകുന്നു. കുട്ടികളെ നോക്കാന്‍ പറ്റാത്തവരും ഭാരമായി തോന്നുന്നവരും കുട്ടികളുടെ ജീവനെടുക്കുകയാണ്.
ഈ സാഹചര്യം ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ക്ക് വേണ്ടാത്ത കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പദ്ധതികളെകുറിച്ചും അത്തരം കുട്ടികളെ പുനരധിവസിപ്പിച്ച് സര്‍ക്കാര്‍ സംരക്ഷിക്കുന്ന സംവിധാനങ്ങളെ കുറിച്ചും അമ്മത്തൊട്ടില്‍ പോലുള്ള സംവിധാനങ്ങളെ കുറിച്ചും കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സാ പദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ വ്യക്തമായ അവബോധം ഉണ്ടാക്കണം. ഇത്തരം സംവിധാനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാന്‍ വാര്‍ത്ത മാധ്യമങ്ങളും മുന്നിട്ടിറങ്ങണമെന്നും സംഘടന ആവശ്യപ്പെട്ടു. തൊടുപുഴയില്‍ കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവായ സ്ത്രീയെയും പ്രതിചേര്‍ക്കണം എന്ന് കാണിച്ച് സംഘടന സര്‍ക്കാരിന് നല്‍കിയ പരാതിയില്‍ ഉടനടി നടപടി സ്വീകരിക്കാത്ത പക്ഷം ബഹുജന പങ്കാളിത്തത്തോടുകൂടി വിവിധ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരള പുറത്തിറക്കിയ പത്രകുറിപ്പില്‍ അറിയിച്ചു.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.കെ നാസര്‍ കാഞ്ഞങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനഭാരവാഹികളായ സുനില്‍ മളിയക്കല്‍ ശാന്തകുമാര്‍ തിരുവനന്തപുരം, ബേബി കെ ഫിലിപ്പോസ് പിറവം, ഉമ്മര്‍പാടലടുക്ക, അപ്‌സര മഹമൂദ് കാഞ്ഞങ്ങാട്, പ്രസന്ന സുരേന്ദ്രന്‍ എറണാകുളം, സുജമാത്യൂ വയനാട്, ശ്രീജിത്ത് ശര്‍മ തൃശ്ശൂര്‍, വിനോദ് അണിമംഗലം, അനൂപ് ജോര്‍ജ്ജ് മൂവാറ്റുപുഴ, സജി ആലപ്പുഴ, സിദ്ധീഖ് ഫറോക്ക് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."