ലാന്‍ഗേറ്റിലെ അജ്ഞാത ബൈക്കുകാരന്‍
2018 ഓഗസ്റ്റ്, രാവിലെ ആറര. ശ്രീനഗര്‍ ബുല്‍വാഡിലെ ഹോട്ടല്‍മുറിയില്‍ വാതിലില്‍ ആരോ ശക്തിയായി തട്ടുന്നത് കേട്ടാണുണര്‍ന്നത്. പരിശോധനയ്ക്ക് വരുന്ന സൈനികരാണ് ഇങ്ങനെ വാതിലില്‍ തട്ടാറ്. എന്നാല്‍, അത് ലാല്‍ചൗക്കിലെ പതിവാണ്, ബുല്‍വാഡിലുണ്ടാകാറില്ല. ഒരിക്കല്‍ ലാല്‍ചൗക്കില്‍ ഹോട്ടലില്‍ താമസിച്ച നാലു ദിവസവും സൈനികര്‍ ഓരോ മുറികളിലും കയറി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നത് കണ്ടിരുന്നു. തോക്കുകള്‍ നീട്ടിപ്പിടിച്ച് രണ്ടു സൈനികരാണ് അന്ന് ഉറക്കെ വാതില്‍ തട്ടിത്തുറപ്പിച്ച് എന്റെ മുറിയിലേക്ക് കയറി വന്നത്. ചാടിച്ചെന്ന് വാതില്‍ തുറന്നു. സൈനികരല്ല, കശ്മിരി സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ സയിഫാണ്. വേഗം തയാറാകൂ... നമുക്ക് പെട്ടെന്ന് തന്നെ ബാരാമുല്ലയിലെത്തണം. കാര്യമൊക്കെ പിന്നെപ്പറയാം. കാറ് കൊണ്ടുവന്നിട്ടുണ്ട്. ഉടന്‍ പുറപ്പെടണം. സയിഫ് ധൃതി കൂട്ടിക്കൊണ്ടിരുന്നു. മഴ ചെറുതായി പൊടിഞ്ഞ് വീഴുന്ന പ്രഭാതത്തില്‍ കാര്‍ നഗരം പിന്നിട്ട് ചിനാറുകളും പോപ്ലാറുകളും ഇടതിങ്ങിയ ഹൈവേയിലേക്ക് കടന്നപ്പോഴാണ് സയിഫ് ആ കഥ പറഞ്ഞു തുടങ്ങുന്നത്. നമ്മള്‍ പോകുന്നത് ബാരാമുല്ലയിലെ ലാന്‍ഗേറ്റിലെ ബഷീര്‍ അഹമ്മദ് മിറിന്റെ വീട്ടിലേക്കാണ്. ആരാണ് ബഷീര്‍ അഹമ്മദ് മിര്‍? ഈ ചോദ്യത്തിനാണ് സയിഫ് കഥ പറഞ്ഞു തുടങ്ങുന്നത്.
സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ച സാധാരണക്കാരനായ ഒരു മനുഷ്യന്‍. ഒരു ദിവസം അജ്ഞാത ബൈക്ക് യാത്രികന്‍ അയാളെ തേടി വരും വരെ അതിലപ്പുറം ഒന്നുമായിരുന്നില്ല ബഷീര്‍ അഹമ്മദ് മിര്‍. ഓഗസ്റ്റ് ആദ്യത്തില്‍ റാഫിയാബാദിലെ ധൂനിവാരി കാട്ടില്‍ സൈന്യം അഞ്ചു പേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയും പാകിസ്താനില്‍ നിന്ന് നുഴഞ്ഞു കയറിയ ലഷ്‌കറെ ത്വയ്ബക്കാരെന്ന് തിരിച്ചറിഞ്ഞ് അവരെ മറവു ചെയ്യുകയും ചെയ്തതോടെയാണ് തുടക്കം. എല്ലാവരെയും പോലെ ലാന്‍ഗേറ്റിലെ ബഷീര്‍ അഹമ്മദ് ഖാനും ആ വാര്‍ത്തയറിഞ്ഞിരുന്നു. എന്നാല്‍, രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അജ്ഞാതനായൊരാള്‍ ബഷീര്‍ അഹമ്മദ് മിറിനെത്തേടി ബൈക്കിലെത്തി. ഒരു കുറിപ്പ് വീട്ടുമുറ്റത്തേക്കെറിഞ്ഞ് പെട്ടന്നോടിച്ച് മറഞ്ഞു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു: റാഫിയാബാദില്‍ കൊല്ലപ്പെട്ടത് പാകിസ്താനികളൊന്നുമല്ല, അതിലൊരാള്‍ നിങ്ങളുടെ മകന്‍ മുസഫ്ഫര്‍ അഹമ്മദ് മിറാണ്. കുറിപ്പ് വായിച്ച ബഷീര്‍ അഹമ്മദ് അവിശ്വസനീയതയോടെ തളര്‍ന്നിരുന്നു. മുസഫ്ഫര്‍ ദുബൈയിലാണുള്ളത്. അവനെങ്ങനെ ധൂനിവാരി കാട്ടില്‍ കൊല്ലപ്പെടും. ഇടയ്ക്കിടെ അവന്‍ ദുബൈയില്‍ നിന്ന് വിളിക്കാറുമുണ്ട്. ഇത് ആരോ തെറ്റിദ്ധരിപ്പിക്കുന്നതാവാനേ തരമുള്ളൂ. എന്നാല്‍ മറ്റൊന്ന് ബഷീര്‍ അഹമ്മദിനെ അസ്വസ്ഥമാക്കി. ശരിയാണ്, കുറച്ചു ദിവസമായി മുസഫ്ഫര്‍ വിളിച്ചിട്ടില്ല. അന്വേഷിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സര്‍വിസിലെ ഉന്നത പദവിയില്‍ നിന്ന് വിരമിച്ച ബഷീര്‍ അഹമ്മദിന് സഹായിക്കാന്‍ സുഹൃത്തുക്കള്‍ അപ്പോഴുമുണ്ടായിരുന്നു.
അവര്‍ വഴി കുപ്‌വാര പൊലിസ് സൂപ്രണ്ടിനെ പോയിക്കണ്ടു. സൂപ്രണ്ട് അദ്ദേഹത്തെ ഏറ്റമുട്ടല്‍ നടന്ന പൊലിസ് സ്‌റ്റേഷനിലേക്ക് വിട്ടു. അവിടെ പൊലിസ് മറവു ചെയ്യും മുമ്പ് എടുത്തുവച്ച ചിത്രങ്ങള്‍ ബഷീര്‍ അഹമ്മദിനെ കാണിച്ചു. അതിലൊരു ചിത്രത്തിലേക്ക് നോക്കിയ ബഷീര്‍ അഹമ്മദ് തൊണ്ടയില്‍ തടഞ്ഞൊരു നിലവിളിയോടെ ബോധമറ്റു വീണു. അത് മുസഫ്ഫര്‍ തന്നെയായിരുന്നു. മണിക്കൂറുകള്‍ക്കുശേഷം മുസഫ്ഫറിന്റെ ഖബറിനരികില്‍ ബഷീര്‍ അഹമ്മദ് പ്രാര്‍ഥനകളോടെ ഇരുന്നു. തന്റെ മകനെ അജ്ഞാതരുടെ ഖബര്‍സ്ഥാനിലിട്ടിട്ട് പോകാന്‍ ബഷീര്‍ അഹമ്മദിന് താല്‍പര്യമില്ലായിരുന്നു. മകന്റെ മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കുപ്‌വാര എസ്.പിക്ക് പരാതി നല്‍കി. എന്നാല്‍, അതു മാത്രം മതിയാകുമായിരുന്നില്ല. പാകിസ്താനില്‍ നിന്നുള്ള അജ്ഞാത ലഷ്‌കറെ ത്വയ്ബ ഭീകരനാക്കി സൈന്യവും പൊലിസും അവസാനിപ്പിച്ച കേസാണ്. അത് വീണ്ടും തുറക്കണം. കൊല്ലപ്പെട്ടത് മകന്‍ തന്നെയെന്ന് തെളിയിക്കണം. ബഷീര്‍ അഹമ്മദ് കോടതിയെ സമീപിച്ചു. കശ്മിരിലെ നീതിന്യായ, സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു പിതാവിന്റെ വേദനയ്‌ക്കൊപ്പം നിന്ന അപൂര്‍വം കേസുകളിലൊന്നായിരുന്നു അത്. ദിവസങ്ങള്‍ക്ക് ശേഷം ഡി.എന്‍.എ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. മൃതദേഹത്തില്‍നിന്ന് ഡി.എന്‍.എ സാംപിളെടുത്തു. അത് മുസഫ്ഫര്‍ തന്നെയാണെന്ന പരിശോധനാ ഫലത്തിലും തെളിഞ്ഞു. മൃതദേഹം ഖബറില്‍നിന്ന് പുറത്തെടുത്ത് ബഷീര്‍ അഹമ്മദ് ഖാന് വിട്ടുനല്‍കാന്‍ കോടതി ഉത്തരവിട്ടു. അപ്പോഴേയ്ക്കും ആഴ്ചകളായിരുന്നു.
അല്‍പ സമയം മിണ്ടാതിരുന്ന ശേഷം സയിഫ് പറഞ്ഞു; ഇന്നാണ് ലാന്‍ഗേറ്റിലെ വീട്ടിലേക്ക് മുസഫ്ഫറിന്റെ മൃതദേഹം കൊണ്ടുവരുന്നത്. നമ്മള്‍ പോകുന്നത് അവിടേക്കാണ്. ലാന്‍ഗേറ്റിലെ തിങ്ങിനിറഞ്ഞ ആയിരങ്ങള്‍ക്കിടയിലേക്കാണ് സയീഫ് വണ്ടിയോടിച്ച് ചെന്നത്. പുറത്തിറങ്ങാന്‍ പോലുമാകാത്തത്ര വലിയ ആള്‍ക്കൂട്ടം. കരഞ്ഞും മുദ്രാവാക്യം വിളിച്ചും ആയിരങ്ങള്‍. ആള്‍ക്കൂട്ടത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവാതെ പൊലിസ് കുഴങ്ങി. എവിടെ നിന്നോ അവര്‍ അലകളായി വീട്ടിലേക്കൊഴുകുകയായിരുന്നു. സയിഫ് കാര്‍ ഒരിടത്ത് പാര്‍ക്ക് ചെയ്തു, ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി മുന്നോട്ടുനടന്നു. കൂടെ ഞാനും. വീടിനിയും അകലെയാണ്. മുസഫ്ഫറിന്റെ മൃതദേഹം അപ്പോഴേക്കും എത്തിച്ചിരുന്നു. ഒരിക്കല്‍ സംസ്‌കരിച്ച, അഴുകിത്തുടങ്ങിയ മൃതദേഹമാണ്. പെട്ടെന്ന് തന്നെ ഖബര്‍സ്ഥാനിലേക്കെടുത്തു. പുരുഷാരം ആരവങ്ങളോടെ ഖബര്‍സ്ഥാനിലേക്ക് നീങ്ങി. മടങ്ങുമ്പോള്‍ ഞാന്‍ സയിഫിനോട് ചോദിച്ചു. ശരിക്കും മുസഫ്ഫര്‍ ലഷ്‌കറെ ത്വയ്ബക്കാരനാണോ? ആയിരിക്കാം അല്ലായിരിക്കാം. ആര്‍ക്കു പറയാനാവും. അപ്പോള്‍ മുസഫ്ഫര്‍ ഇത്രയും കാലം എവിടെയായിരുന്നു. മുസഫ്ഫറല്ലെങ്കില്‍ പിന്നെയാരാണ് ദുബൈയില്‍ നിന്ന് അതുവരെ പിതാവിനെ വിളിച്ചിരുന്നത്? മറ്റൊരാള്‍ മുസഫ്ഫറിനു വേണ്ടി വിളിച്ചതായിരിക്കുമോ. ആരായിരിക്കും വീട്ടില്‍ കുറിപ്പിട്ടിട്ട് പോയ അജ്ഞാത ബൈക്ക് യാത്രക്കാരന്‍?
സയിഫിന് ഉത്തരമില്ലായിരുന്നു. ആര്‍ക്കും ഉത്തരമുണ്ടാകില്ല. മലമുകളിലെ പൈന്‍മരക്കാടുകളിലെ അദൃശ്യതയില്‍ ലയിക്കുന്ന ഉത്തരമില്ലാത്ത അനവധി ചോദ്യങ്ങളാണ് കശ്മിര്‍. കാര്‍ ശ്രീനഗറിലേക്കുള്ള വഴിയിലെവിടെയോ ഒരു കുന്നിന്‍ മുകളിലായിരുന്നു. ചുറ്റും പൈന്‍മരങ്ങളാണ്. എനിക്കും സയിഫിനുമൊപ്പം കുന്നുകള്‍ക്ക് പിന്നില്‍ അസ്തമിക്കാനിരിക്കുന്ന സൂര്യനും ഭൂമിയെ നിശബ്ദം ആവരണം ചെയ്യുന്ന കുളിരുള്ള നീലിമയും പൂക്കളും കിളികളുമല്ലാതെ മറ്റൊന്നുമില്ല. മുകളില്‍ പൈന്‍ മരങ്ങള്‍ നിറഞ്ഞ കുന്നുകള്‍. പിന്നില്‍ അതിനോട് അതിരിടുന്ന നെല്‍പ്പാടങ്ങള്‍. ചിനാര്‍ മരങ്ങള്‍. സമ്മര്‍ദം അയക്കാനെന്നവണ്ണം സയിഫ് ഏതോ കൊഷുര്‍ ഗാനം പാടാന്‍ തുടങ്ങി. ഇടയ്ക്ക് വണ്ടി നിര്‍ത്തി തുടരെത്തുടരെ സിഗരറ്റ് പുകച്ചു. ശ്രീനഗറിലേക്ക് ഇനിയും ദൂരമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."