(വി)ചിത്ര രാജ്യത്തെ (സ)ചിത്ര രാജന്‍
പറയുന്നതും കേള്‍ക്കുന്നതും
വെള്ളം തൊടാതെ
വിഴുങ്ങുന്നവരേ!
ശ്രദ്ധിച്ചു കേള്‍ക്കുക...?
അയല്‍നാട്ടില്‍
നിന്നൊരു കാറ്റുവരുന്നു;
അതിര്‍ത്തിയില്‍ വച്ച്
കാറ്റിനെ തടയണം.
വേലികെട്ടാനാണ് തീരുമാനം
കമ്പും വടിയുമായി
അവിടേയ്ക്ക് വരുക...
മറക്കരുത്
നിങ്ങളുടെ വീടിന്
മുകളിലെ സൂര്യന്‍
നിങ്ങളുടേത് മാത്രമാണ്
വെളിച്ചം
മറ്റൊരുത്തനും നല്‍കരുത്.
എന്ത്!...
വേലി കാണിച്ച്
കാറ്റിനെ വിരട്ടാന്‍
പറ്റില്ലെന്നോ?
എങ്കില്‍ കാറ്റു വരുന്ന
വഴിയിലെ മണമുള്ള
പൂക്കളും ചെടികളുമെല്ലാം
നശിപ്പിക്കൂ.
അയല്‍നാട്ടിലെ കാറ്റ്
അങ്ങനെയിപ്പം
മണക്കണ്ട.
ഈ കാറ്റാരുമേല്‍ക്കരുത്
ഈ കാറ്റിലിലകളാടരുത്
തിരയിളകരുത്
തീയാളരുത്
ശ്വസിക്കുകയുമരുത്:
കല്ലേപിളര്‍ക്കും
ഭൂരിപക്ഷ രാജന്റെ
കല്‍പ്പനയാണിത്...
പ്രഭോ...
ഈ കാറ്റ്
കളിച്ചകളിയല്ല!
ചിലരുടെ
മൂക്കിലൂടെ
വായിലൂടെ
കണ്ണിലൂടെ
കാതിലൂടെ
കാറ്റ് ഉള്ളിലേക്ക്
കയറിയിട്ടുണ്ട്
അവര്‍ അവനെ ഉള്‍ക്കൊള്ളും
തള്ളിക്കളയില്ലെന്നാ
പറയുന്നേ!
ആരവിടെ...
അവരെ തുരത്തി
ഓടിക്കൂ.
പ്രഭോ...
അവര്‍ എണ്ണത്തില്‍
കുറവാണേലും
ജനങ്ങള്‍ അവര്‍ക്കൊപ്പമാ,
പോരാത്തതിന്
ഈ കാറ്റിന്
ഒരുമയുടെവിശേഷ
മണമുണ്ടെന്ന്.
എങ്കില്‍ മണം
നമുക്കെടുക്കാം...
കാറ്റിനെ ചവിട്ടി
പുറത്താക്കാം.
അതിനു മുന്‍പ്
ജനങ്ങള്‍ അങ്ങയെ
ചവിട്ടി പുറത്താക്കാതിരുന്നാല്‍
കൊള്ളാം.
മണ്ടന്‍ രാജാവിന്റെ
മന്ത്രിവേല രാജിവച്ച്
അയാള്‍
മൂക്കും വായും
തുറന്ന്
ശ്വസിച്ചു
ഹാ!
സ്വാതന്ത്യം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."