ഞങ്ങളുടെ എം.എല്‍.എമാരെ വാങ്ങുന്നത് അത്ര എളുപ്പമല്ലെന്ന കെജ്രിവാളിന്റെ പ്രഖ്യാപനത്തിനു പിന്നാലെ എ.എ.പി എം.എല്‍.എ ബി.ജെ.പിയില്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അനില്‍ ബാജ്പയി ബി.ജെ.പിയില്‍ ചേര്‍ന്നു. എ.എ.പി എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ടെന്ന ബി.ജെ.പി നേതാവ് വിജയോ ഗോയലിന്റെ പ്രഖ്യാപനം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാള്‍ എ.എ.പി വിട്ടത്. ഡല്‍ഹി ഗാന്ധി നഗറില്‍ നിന്നുള്ള എം.എല്‍.എയാണിയാള്.
ഡല്‍ഹിയില്‍ ലോക്സഭാ വോട്ടെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് കൂറുമാറിയത്. മെയ് 12 നാണ് ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ്.
ഏഴ് എം.എല്‍.എമാര്‍ക്ക് ബി.ജെ.പി 10 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ഈയാഴ്ച ആദ്യം ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു.
ഇന്നു രാവിലെ, 14 എ.എ.പി എം.എല്‍.എമാര്‍ മാറാന്‍ തയ്യാറാണെന്ന് ബി.ജെ.പി നേതാവ് വിജയ് ഗോയലും പറഞ്ഞിരുന്നു. ഇതിനെതിരെ കെജ്രിവാള് ശക്തമായ വിമര്‍ശനവുമായി രംഗത്തുവരികയും എ.എ.പി എം.എല്‍.എമാരെ വാങ്ങുന്നത് അത്ര എളുപ്പമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
'മോദിജി, പ്രതിപക്ഷത്തെ സാമാജികരെ വാങ്ങി എല്ലാ സര്‍ക്കാരിനെയും നിങ്ങള്‍ അട്ടിമറിക്കുമോ? ഇതാണോ ജനാധിപത്യത്തിന് നിങ്ങളുടെ നിര്‍വചനം? ഇങ്ങനെ എം.എല്‍.എമാരെ വാങ്ങാന്‍ നിങ്ങള്‍ക്കെവിടെ നിന്നാണ് പണം? ഞങ്ങളുടെ എം.എല്‍.എമാരെ വാങ്ങാന്‍ നിങ്ങള്‍ പല പ്രാവശ്യം ശ്രമിച്ചു. പക്ഷെ, എ.എ.പി എം.എല്‍.എമാരെ വാങ്ങുന്നത് അത്ര എളുപ്പമല്ല'- ട്വിറ്ററിലൂടെ കെജ്രിവാള് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."