തല തിരിച്ചെഴുതിയ ഒരു ലിപിയുടെ കഥ
മലയാള ലിപി തലതിരിച്ചെഴുതിയാല്‍ എന്തായിരിക്കും കഥ? കുട്ടിക്കാലത്തിന്റെ കൗതുകത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെയ്ത ഒരു തമാശയാണ് കോഴിക്കോട് വട്ടക്കിണര്‍ സ്വദേശി ഡോ. മുഹമ്മദ് ഫൗസീദിന്റെ ജീവിതം മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇപ്പോള്‍ മാറ്റിമറിക്കുവാന്‍ പോകുന്നത്. ത.... റ.... ല.... ഇങ്ങനെ ഓരോ മലയാള അക്ഷരങ്ങള്‍ ഒന്നാം ക്ലാസിലെ ബെഞ്ചിലിരുന്ന് ഹൃദിസ്ഥമാക്കുമ്പോള്‍ തന്നെ തന്റെ മനസിലേക്ക് കയറിക്കൂടിയ ഭാഷാശാസ്ത്ര (Linguistics) ത്തോടുള്ള അടുപ്പമാണ് സുഹൃത്തിനോടൊപ്പം ലിപി തല തിരിച്ചെഴുതുകയെന്ന പരീക്ഷണത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. മാതാപിതാക്കളടക്കം ആരെയും ഇത് കാണിച്ചില്ലെങ്കിലും തന്റെ പരീക്ഷണം ഫൗസീദ് തുടര്‍ന്നുകൊണ്ടേയിരുന്നു. പ്രകൃതിയിലെ പല ഇമേജുകളില്‍ നിന്നും അങ്ങനെ ഈ ഡോക്ടര്‍ അനേകമനേകം ലിപികള്‍ കണ്ടെടുത്തു.
ബ്യാരിക്ക് ലിപി പിറക്കുന്നു
ആദ്യത്തെ പരീക്ഷണങ്ങളെല്ലാം മലയാളവുമായി ബന്ധപ്പെട്ടതായിരുന്നെങ്കില്‍, പിന്നീട് തന്റെ പഠനശേഷം പ്രാക്ടീസിന്റെ ഭാഗമായുള്ള മംഗലാപുര യാത്രകള്‍ അത് കന്നട ഭാഷയിലേക്കുമെത്തിച്ചു. കന്നടയെ അടുത്തറിയുന്നതിനിടയിലാണ് കര്‍ണാടകത്തിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ബ്യാരി സമുദായംഗങ്ങളുടെ ലിപിയില്ലാത്ത ബ്യാരി ഭാഷയ്ക്ക് താന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ലിപി ഏറ്റവും അനുയോജ്യമായി മാറുമെന്ന് ഡോക്ടര്‍ തിരിച്ചറിയുന്നത്. കന്നട മലയാളം ഉച്ചാരണത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതാണ് ബ്യാരിയുടെ വാമൊഴി എന്നുള്ളതും ഒരനുകൂലഘടകമായി മാറി. അങ്ങനെയാണ് തന്റെ ലിപി ബ്യാരിക്കനുകൂലമാക്കി മാറ്റുന്ന പ്രവൃര്‍ത്തിക്ക് ഇദ്ദേഹം തുടക്കം കുറിക്കുന്നത്.
കണ്ടെത്തിയ ലിപി
എന്തുചെയ്യും?
മാസങ്ങള്‍ക്ക് ശേഷം ലിപി രൂപീകരണത്തിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചപ്പോഴും ഇത് എങ്ങനെ അവതരിപ്പിക്കണമെന്ന് ഡോക്ടര്‍ക്ക് ഉത്തരമില്ലായിരുന്നു. ഈ സമയത്താണ് വാര്‍ത്താ ഭാരതി കന്നട പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഹംസ മലാറിനെ കണ്ടുമുട്ടുന്നത്. അദ്ദേഹമാണ് ബ്യാരി വിഭാഗത്തിന്റെ ഭാഷാ സംബന്ധമായ കാര്യങ്ങളില്‍ ബ്യാരി സാഹിത്യ അക്കാദമി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡോക്ടറോട് സൂചിപ്പിക്കുന്നത്. അങ്ങനെ താന്‍ രൂപം നല്‍കിയ ലിപികള്‍ ഫൗസീദ് ബ്യാരി സാഹിത്യ അക്കാദമിക്ക് സമര്‍പ്പിച്ചു. എന്നാല്‍ പ്രതീക്ഷിച്ച തുടര്‍പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടായില്ല. പിന്നീട് അക്കാദമിയുടെ പുതിയ പ്രസിഡന്റ് റഹീം ഉച്ചിലയും ഭരണ സമിതിയംഗങ്ങളും ചാര്‍ജെടുത്തതോടെ ഇത് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത വന്നു.
അംഗീകാരം തേടി...
ഇതിന്റെ പ്രായോഗികമായ സാധ്യതകളെക്കുറിച്ച്, കൂടുതല്‍ പഠിക്കുവാന്‍ ബ്യാരി സമുദായത്തില്‍പ്പെട്ട വിവിധ മതനേതാക്കള്‍, ഭാഷാ വിദഗ്ധര്‍, പ്രൊഫസര്‍മാര്‍ തുടങ്ങി ഡോ. ഫൗസീദ് അടക്കം എട്ടംഗ സമിതിയെ നിയോഗിച്ചതിങ്ങനെയാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ ചെറിയ ചില മാറ്റങ്ങളോടെ പരിഷ്‌ക്കരിച്ച് ലിപി സെപ്റ്റംബറില്‍ മംഗലാപുരത്ത് വച്ചാണ് പുറം ലോകത്തിനു മുന്നില്‍ ആനാവരണം ചെയ്തത്. കര്‍ണാടക സര്‍ക്കാരിന്റെ അംഗീകാരത്തോടെ വരും ദിവസങ്ങളില്‍ ഡിജിറ്റലൈസ് ചെയ്ത് കംപ്യൂട്ടര്‍ ഫോണ്ടിലേക്കും യൂനികോഡിലേക്കുമെല്ലാം മാറ്റുകയാണ് അക്കാദമിയുടെ മറ്റൊരു ലക്ഷ്യം.
ബ്യാരി നിഘണ്ടു
നവ മാധ്യമങ്ങളുടെ വര്‍ത്തമാന കാലത്ത് വാട്‌സ്ആപ്പ് മുതല്‍ ട്വിറ്റര്‍ വരെയുള ഇത്തരം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ഈ വാമൊഴിഭാഷ ഉപയോഗിക്കുന്നവര്‍ക്കിടയിലും മറ്റ് ഭാഷാ തല്‍പരര്‍ക്കിടയിലും ഒരു സമ്പൂര്‍ണ ഭാഷയായി ബ്യാരിയെ മാറ്റുകയെന്ന പ്രവര്‍ത്തനത്തിനാണ് റഹീം ഉച്ചിലയും സാഹിത്യ അക്കാദമിയും പദ്ധതികള്‍ തയ്യാറാക്കുന്നത്. ലിപി സംബന്ധമായ ലഘുപുസ്തകം പുറത്തിറക്കന്നതിനൊപ്പം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദ്രാവിഡ ഗോത്രത്തില്‍പ്പെട്ട ഈ വാമൊഴി ഭാഷയിലെ രേഖപ്പെടുത്തപ്പെടാത്ത സാഹിത്യ, പാരമ്പര്യ, സാംസ്‌കാരിക ചരിത്രത്തിന് ബ്യാരി ലിപിയില്‍ തന്നെ വരമൊഴിയിലൂടെ രേഖയാക്കപ്പെടുകയെന്നതുമാണ് സുപ്രധാനമായ കാര്യം. ഇവര്‍ തുടക്കം കുറിച്ച ഇത്തരം പ്രവര്‍ത്തനങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ഏറ്റവും ശ്ലാഘനീയമായ നീക്കങ്ങളിലൊന്നാണ് ബ്യാരി ഭാഷാ നിഘണ്ടു. ലിപിയില്ലാത്തതിനാല്‍ കന്നഡ മൊഴിയില്‍ തയ്യാറാക്കിയ ബ്യാരി- കന്നഡ- ഇംഗ്ലീഷ് നിഘണ്ടുവിനായി ഇരുപതിനായിരത്തോളം വാക്കുകളാണ് കണ്ടെത്തിയത്. 876 താളുകളുള്ളതാണ് ഈ നിഘണ്ടു. ഇതുപോലെ ബ്യാരി- മലയാളം- ഇംഗ്ലീഷ് നിഘണ്ടു. ബ്യാരി- ഇംഗ്ലീഷ്- നിഘണ്ടു തുടങ്ങിയവയെല്ലാം.
15 ലക്ഷം പേരുടെ മാതൃഭാഷ
ലിപിയില്ലാത്തതിനാല്‍ ഇതുവരെ അത്യാവശ്യം രേഖപ്പെടുത്തേണ്ട കാര്യങ്ങളെല്ലാം ബ്യാരി ഭാഷാ സംസാരിക്കുന്നവര്‍ കന്നട, മലയാളം ലിപികളില്‍ മൊഴിമാറ്റിയായിരുന്നു എഴുതിയിരുന്നത്. പുതിയ ലിപി വരുന്നതോടെ ഇത് മാറിക്കിട്ടുമെന്നതാണ് ബ്യാരി സംസാരിക്കുന്നവര്‍ക്കുള്ള ഏറ്റവും വലിയ സന്തോഷം. 1200 വര്‍ഷത്തോളം പാരമ്പര്യമുള്ള ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെട്ട ബ്യാരിയെ കേന്ദ്ര ഗവണ്‍മെന്റ് പ്രാദേശിക ന്യൂനപക്ഷ ഭാഷകളുടെ പട്ടികയില്‍പ്പെടുത്തിയിട്ടുള്ളതാണ്. കര്‍ണാടകത്തിലെ ദക്ഷിണ കര്‍ണാടക, ഉഡുപ്പി, ചിക്കമംഗലൂരു, കുടക് ജില്ലയിലെ സുള്ള്യയടക്കമുള്ളയിടങ്ങളും കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന കാസര്‍കോടിന്റെ ചില ഭാഗങ്ങളിലുമായി പതിനഞ്ച് ലക്ഷത്തോളം ആളുകളുടെ മാതൃഭാഷയാണിത്. ഗള്‍ഫ് , യൂറോപ്പ് നാടുകളിലടക്കം പ്രവാസ ലോകത്തും ബ്യാരി സമുദായംഗങ്ങള്‍ ധാരാളമായുണ്ട്.
അബൂദബി ഇന്‍ഡസ് മെഡിക്കല്‍ സെന്ററില്‍ ഡെന്റി സ്റ്റായി പ്രവര്‍ത്തിക്കുകയാണ് കോഴിക്കോട് വട്ടക്കിണര്‍ സ്വദേശിയായ ഡോ. ഫൗസീദ് ഇപ്പോള്‍. ലിപി ഇല്ലെങ്കിലും ബ്യാരി ഭാഷയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടകരക്കാരനായ നാടക പ്രവര്‍ത്തകന്‍ സുവീരന്‍ ബ്യാരി എന്നൊരു സിനിമ പുറത്തിറക്കിയിരുന്നു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം ഈ സിനിമക്ക് ലഭിച്ചതോടെ ലിപിയില്ലാത്ത ബ്യാരി ഭാഷയെക്കുറിച്ച് അന്നും ഏറെ ആശ്ചര്യത്തോടെയുള്ള ചര്‍ച്ചകള്‍ പലയിടത്തും നടന്നിരുന്നു. മാമുക്കോയയടക്കമുള്ളവരായിരുന്നു ബ്യാരിയിലെ പ്രധാന അഭിനേതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."