വിളക്കുമരം - നെടുംബ്രക്കാട് പാലത്തിന് ശാപമോക്ഷമാകുന്നു
പൂച്ചാക്കല്‍: പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന വിളക്കുമരം-- നെടുംബ്രക്കാട് പാലത്തിന് ശാപമോക്ഷം. പാലത്തിന്റെ നിര്‍മാണത്തിന് കിഫ് ബിയില്‍ നിന്നും 18.43 കോടി രൂപ അനുവദിച്ചതായി എ എം ആരിഫ് എം എല്‍ എ അറിയിച്ചു. സാങ്കേതിക അനുമതി കിട്ടിയാലുടന്‍ ടെണ്ടര്‍ നടപടികള്‍ തുടങ്ങും.
2005 ല്‍ നിര്‍മ്മാണം ആരംഭിച്ച പാലത്തിന് ഒരു തൂണും 50 മീറ്ററോളം മണല്ചിറയുമാണ് നിര്‍മിച്ചിട്ടുള്ളത്. അഞ്ചരക്കോടി ബഡ്ജറ്റില്‍ ആരംഭിച്ച പാലംപണി പല ഘട്ടങ്ങളിലായി തുക വര്‍ധിപ്പിക്കുകയായിരുന്നു. ഇതില്‍ രണ്ടുകോടി മാത്രമാണ് സര്‍ക്കാര്‍ നല്‍കിയിയത്. ഇരു കരയിലുമുള്ള അപ്രോച്ചു റോഡിനുള്ള സ്ഥലം പൂര്‍ണ്ണമായും എടുത്തിട്ടുണ്ട്. ചേര്‍ത്തല- അരുക്കുറ്റി റോഡിന് സമാന്തരമായാണ് പാലം പണിയുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ അരുക്കുറ്റിയിലേയ്ക്കുള്ള യാത്രയ്ക്ക് കൂടുതല്‍ സൗകര്യവും സമയ ലാഭവും ഉണ്ടാകും.
ചെങ്ങണ്ട പാലത്തിലൂടെയല്ലാതെ നിലവില്‍ ചേര്‍ത്തലയുടെ വടക്കന്‍ മേഖലയിലേയ്ക്ക് പോകാന്‍ റോഡുമാര്‍ഗം മറ്റ് വഴിയില്ലായെന്നത് പാലത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. കെ.സി.വേണുഗോപാല്‍ എം.പി, സ്ഥലം എം.എല്‍.എയും ഭക്ഷ്യ മന്ത്രിയുമായ പി.തിലോത്തമന്, എ.എം.ആരീഫ് എം.എല്‍.എ എന്നിവരുടെ നിരന്തരമായ ശ്രമഫലമായാണ് കഴിഞ്ഞ ബഡ്ജറ്റില്‍ പാലംപണിക്ക് തുക കൂടുതല്‍ വകയിരുത്തിയത്.
ഫണ്ട് അനുവദിച്ചിട്ട് മൂന്നുമാസമായിട്ടും നിര്‍മ്മാണം വൈകുന്നതില്‍ പ്രദേശവാസികള്‍ക്ക് ഉള്ക്കണ്ടയുണ്ട്. പാലം പണി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി ഒട്ടേറെ സമരങ്ങള്‍ ജനങ്ങള്‍ നടത്തി.
പാലത്തില്‍ റീത്തു സമര്‍പ്പിച്ചു, ശിലാസ്ഥാപനം നടത്തിയ എ.കെ ആന്റണിയുടെ വീട്ടിലേയ്ക്ക് മാര്‍ച്ചു നടത്തി, മുഖ്യമന്ത്രി ഉള്‍പ്പെടെ പല മന്ത്രിമാര്‍ക്കും നിവേദനവും നല്‍കിയിരുന്നു.
ഈ മന്ത്രിസഭയുടെ കാലത്ത് തന്നെ പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും എം എല്‍ എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."