ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ ഹിന്ദു സ്ത്രീകളുടെ ഗൂംഗട്ടും നിരോധിക്കണം: ജാവേദ് അക്തര്‍
ഭോപ്പാല്‍: ഹിന്ദു സ്ത്രീകളുടെ മുഖാവരണമായ ഗൂംഗട്ട് നിരോധിക്കാന്‍ തയാറുണ്ടെങ്കില്‍ ബുര്‍ഖ നിരോധിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍.
ശ്രീലങ്കയെ പോലെ ഇന്ത്യയിലും നിഖാബ് നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്തു വന്നതിനു പിന്നാലെയാണ് ജാവേദ് അക്തറിന്റെ പ്രതികരണം.
ദേശ സുരക്ഷയുടെ പേരില്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ബുര്‍ഖ നിരോധിച്ച നടപടി നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലും നടപ്പാക്കണമെന്ന് ബുധനാഴ്ച മുഖപത്രമായ സാംനയിലെ ലേഖനത്തിലാണ് ശിവസേന ആവശ്യപ്പെട്ടത്.
'ഇന്ത്യയില്‍ ബുര്‍ഖ നിരോധിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ എനിക്ക് എതിര്‍പ്പില്ല. എന്നാല്‍, രാജസ്ഥാനിലെ അവസാനഘട്ട തെരഞ്ഞെടുപ്പിന് മുന്‍പ് ഗൂംഗട്ട് നിരോധിക്കാനും സര്‍ക്കാര്‍ തയാറാവണം. ഗൂംഗട്ടും ബുര്‍ഖയും ഒരുമിച്ച് ഇല്ലാതാവുന്നുവെങ്കില്‍ തനിക്ക് സന്തോഷമേയുള്ളൂ' ജാവേദ് അക്തര്‍ പറഞ്ഞു.
രാജസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ വ്യാപകമായി ഉപയോഗിക്കുന്ന മുഖാവരണമാണ് ഗൂംഗട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."