ഗുരുദേവ വിളംബര ശതാബ്ദി ഇന്ന്
തൃശൂര്‍: നമുക്ക് ജാതിയില്ല എന്ന പേരില്‍ പ്രശസ്തമായ ഗുരുദേവ വിളംബരത്തിന്റെ ശതാബ്ദി പുരോഗമന കലാ സാഹിത്യ സംഘം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആചരിക്കുന്നു.
ആലുവ അദ്വൈതാശ്രമത്തില്‍ നിന്ന് 1091 ഇടവം 15 നാണ് ഈ വിളംബരം പുറപ്പെടുവിക്കുന്നത്. നമുക്ക് ജാതിയില്ല എന്ന പേരില്‍ 1091 മിഥുന മാസത്തില്‍ പ്രബുദ്ധ കേരളം ഈ വിളംബരം പ്രസിദ്ധീകരിച്ചു. താന്‍ പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന് ഖണ്ഡിതമായി ഇതില്‍ ഗുരു പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ആചരണ പരിപാടി ഉദ്ഘാടനം ചെയ്യും.
മുരളി പെരുനെല്ലി എം.എല്‍.എ അധ്യക്ഷനാകും. വിളംബര ശതാബ്ദി പ്രഭാഷണം സുനില്‍.പി.ഇളയിടം നിര്‍വഹിക്കും. വൈശാഖനാണ് മുഖ്യാതിഥി. യോഗത്തില്‍ വെച്ച് ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് എഡിറ്റ് ചെയ്ത മതനിരപേക്ഷതയും നാരായണ ഗുരുവും, ഡോ.എസ്.രാജശേഖരന്‍ എഡിറ്റ് ചെയ്ത സാംസ്‌കാരിക രാഷ്ട്രീയം പാഠവും പ്രയോഗവും എന്നീ പുസ്തകങ്ങള്‍ ഡോ. കെ.പി മോഹനന്‍ പ്രകാശനം ചെയ്യും.
ഡോ. എന്‍.ആര്‍ ഗ്രാമപ്രകാശ് പുസ്തക പരിചയം നടത്തും. പ്രൊഫ. എം.മുരളീധരന്‍, പ്രൊഫ. ആര്‍.ബിന്ദു, പി.ബി അനൂപ് സംസാരിക്കും. ഡോ. സി.രാവുണ്ണി സ്വാഗതവും, കെ.എന്‍ ഹരി നന്ദിയും രേഖപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."