ദുരിതാശ്വാസ പ്രവര്‍ത്തനം: കേടായ ബോട്ടുകളുടെ അറ്റകുറ്റപ്പണി ഉടന്‍
മലപ്പുറം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളില്‍ കേടുപാടുകള്‍ സംഭവിച്ചവയുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തുടങ്ങും. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി.
ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ക്കാണ് ഇതിനുള്ള ചുമതല. കേടുപാടുകള്‍ സംഭവിച്ച ബോട്ടുകള്‍ക്കു പ്രാദേശിക യാര്‍ഡുകളില്‍ അറ്റകുറ്റപ്പണി നടത്താം.
അതിനു ശേഷം അറ്റകുറ്റപ്പണിക്കു ചെലവായ തുക ലഭിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ക്ക് അപേക്ഷ നല്‍കാം. ബോട്ടിന്റെ പേര്, ഉടമയുടെ പേര്, രജിസ്ട്രേഷന് നമ്പര്‍, അറ്റകുറ്റപ്പണി നടത്തിയ യാര്‍ഡിന്റെ വിശദവിവരങ്ങള്‍ എന്നിവ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയരക്ടര്‍ അംഗീകരിക്കുന്ന മുറയ്ക്ക് അറ്റകുറ്റപ്പണിക്കു ചെലവായ തുക ജില്ലാ കലക്ടര്‍ ലഭ്യമാക്കും.
അറ്റകുറ്റപ്പണി നടത്തിയ യാര്‍ഡിന്റെ ഉടമയുടെ അക്കൗണ്ടിലേക്കായിരിക്കും കലക്ടര്‍ തുക നല്കുകയെന്നു ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച ബോട്ടുകള്‍ക്കുണ്ടായ കേടുപാടുകള്‍ സംബന്ധിച്ച് ഫിഷറീസ് വകുപ്പ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അറ്റകുറ്റപ്പണിക്ക് അനുമതി നല്കി ഉത്തരവായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."