മണല്‍ മാഫിയക്കെതിരേ വിട്ടുവീഴ്ചയില്ല ഏഴു മണല്‍ ലോറികള്‍ പിടിയില്‍, ആറുപേര്‍ അറസ്റ്റില്‍
മഞ്ചേശ്വരം: മണല്‍ മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരേ മഞ്ചേശ്വരം, കുമ്പള പൊലിസ് നടപടികള്‍ ശക്തമാക്കി. മണല്‍ കടത്തുകയായിരുന്ന ഏഴു ലോറികള്‍ പൊലിസ് പിടികൂടി. ആറുപേരെ സംഭവവുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തു. മണല്‍ കടത്തുകയായിരുന്ന മൂന്നു ലോറികള്‍ കുമ്പള പൊലിസും നാലു ലോറികള്‍ മഞ്ചേശ്വരം പൊലിസുമാണ് പിടികൂടിയത്. മണല്‍ കടത്തു സംഘത്തിലുണ്ടായിരുന്ന ആറുപേരാണ് കുമ്പളയിലും മഞ്ചേശ്വരത്തും പിടിയിലായത്. ജില്ലാ പൊലിസ് ചീഫ് തോംസണ്‍ ജോസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലിസ് മണല്‍ മാഫിയക്കെതിരേ കര്‍ശന നടപടികള്‍ തുടങ്ങിയത്.
കുമ്പള ഹനുമാന്‍ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് മണല്‍ കടത്തുകയായിരുന്ന ഒരു ലോറി കുമ്പള പൊലിസിന്റെ പിടിയിലായത്. ഇതിന്റെ ഡ്രൈവര്‍ കര്‍ണാടക കാര്‍വാറിലെ വികാസി (27)നെ അറസ്റ്റ് ചെയ്തു. മണല്‍ കടത്തുകയായിരുന്ന മറ്റൊരു ലോറി കുമ്പള നിത്യാനന്ദ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് പിടിയിലായത്. പൊലിസിനെ കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടി. ആരിക്കാടിയില്‍ വച്ചാണ് മറ്റൊരു ലോറി പിടികൂടിയത്. ഈ ലോറി ഓടിച്ചിരുന്ന മലപ്പുറം സ്വദേശി ജുനൈദി(32)നെ കുമ്പള പൊലിസ് അറസ്റ്റ് ചെയ്തു.
ഒരേ സ്ഥലത്തേക്കു കൊണ്ടുപോവുകയായിരുന്ന മണലാണു വിവിധ സ്ഥലങ്ങളില്‍ വച്ച് പിടികൂടിയതെന്ന് പൊലിസ് പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെ മഞ്ചേശ്വരം കടപ്പുറത്തു നിന്നാണു മണല്‍ കടത്തുകയായിരുന്ന നാലു ടിപ്പര്‍ ലോറികള്‍ മഞ്ചേശ്വരം പൊലിസ് പിടികൂടിയത്. കടല്‍ മണല്‍ എടുക്കുന്നതിനിടെയാണു പൊലിസ് സംഘം മണല്‍ കടത്തു സംഘത്തെ വളഞ്ഞത്.
കടമ്പാറിലെ മുഹമ്മദ് സാലി (26), മഞ്ചേശ്വരത്തെ സാദിഖ് (25), മഞ്ചേശ്വരത്തെ അന്‍സീഫ് (21), മുഹമ്മദലി (21) എന്നിവരെ അറസ്റ്റ് ചെയ്തു. പിടിയിലായവരെല്ലാം ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍മാരാണ്. കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്താണ് ഇവരെ ജോലിക്ക് നിയോഗിക്കുന്നതെന്നു പൊലിസ് പറഞ്ഞു.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ മണല്‍ മാഫിയ പൊലിസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും വന്‍ തോതില്‍ മണല്‍ കടത്തു നടത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് വിജിലന്‍സ് സംഘം ഹൈവേ പൊലിസ് സംഘത്തില്‍ നിന്നു പിടികൂടിയ പണം പൂഴി മാഫിയ നല്‍കിയതാണെന്നാണു സൂചന.
കഴിഞ്ഞ ദിവസം തളങ്കര തീരദേശ പൊലിസ് സ്റ്റേഷനിലെ രണ്ടു പൊലിസുകാരെ മണല്‍ മാഫിയ തോണിയില്‍ കയറ്റി കൊണ്ടുപോയി പുഴയില്‍ തള്ളിയിരുന്നു. മണല്‍ കടത്തു നടക്കുന്ന വിവരമറിഞ്ഞെത്തിയ പൊലിസുകാരെയാണ്‌സംഘം അക്രമിച്ച് പുഴയില്‍ തള്ളിയത്.
രണ്ടാഴ്ച മുമ്പ് മഞ്ചേശ്വരത്ത് മണല്‍ മാഫിയ സംഘം വീടാക്രമിക്കുകയും കാര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
വ്യാഴാഴ്ച കാസര്‍കോട് പൊലിസ് നാലു മണല്‍ ലോറികള്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."