സദാചാര ഗുണ്ടായിസം; നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് ജീവനൊടുക്കി
തിരൂര്‍: മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സദാചാര ഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദിച്ച യുവാവ് മനോവിഷമത്താല്‍ തൂങ്ങി മരിച്ചു. കുറ്റിപ്പാല സ്വദേശി പൂഴിത്തറ മുസ്തഫയുടെ മകന്‍ മുഹമ്മദ് സാജിദ് (23) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി പണിക്കര്‍പടി മമ്മാലിപ്പടിയില്‍ രാത്രി സംശയാസ്പദമായ സാഹചര്യത്തില്‍ സാജിദിനെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി ചോദ്യം ചെയ്തിരുന്നു. വ്യക്തമായ മറുപടി ലഭിക്കാതായതോടെ കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്തു.
കയറുകൊണ്ട് കൈയും കാലും കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു. വിവരമറിഞ്ഞ് കല്‍പ്പകഞ്ചേരി പൊലിസെത്തിയാണ് ഇയാളെ മോചിപ്പിച്ചത്.
യുവാവിനെ മോചിപ്പിക്കുന്ന സമയത്ത് ശരീരത്തില്‍ കയറുകൊണ്ടുള്ള കെട്ടോ, പരുക്കോ ഉണ്ടായിരുന്നില്ലെന്ന് പൊലിസ് പറഞ്ഞു. ഇരു കൂട്ടര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല. ഇതിനിടെ സാജിദിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ 'വാട്‌സ്ആപ്'വഴി പ്രചരിച്ചതോടെ മാനഹാനി ഭയന്ന് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു.
സംഭവത്തോടെ സദാചാര ഗുണ്ടായിസത്തിനെതിരേ വ്യാപക പ്രതിഷേധമാണുണ്ടായത്. നിയമം കൈയിലെടുത്ത് സാജിദിനെ മര്‍ദിച്ചവരെക്കുറിച്ചും വാട്ട്‌സ് ആപ്പിലൂടെ ദൃശ്യം പ്രചരിപ്പിച്ചവരെക്കുറിച്ചും പൊലിസിന് സൂചന ലഭിച്ചിട്ടുണ്ട്.
കല്‍പ്പകഞ്ചേരി എസ്.ഐ കെ. ഷണ്‍മുഖന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. മാതാവ്: മറിയാമു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."