സംഘര്‍ഷമൊഴിയാതെ മൂന്നാംദിനം; മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭം
തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലും മകനെതിരേ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മന്ത്രി ഇ.പി ജയരാജനും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രക്ഷോഭം. വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
മിക്കയിടങ്ങളിലും പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്നാംദിനമാണ് സമരപരിപാടികള്‍ അരങ്ങേറുന്നത്. കഴിഞ്ഞ രണ്ടു ദിവസമായാണ് ജയരാജനെതിരായ പ്രതിഷേധം നടക്കുന്നത്.
തിരുവനന്തപുരത്ത് എം.എസ്.എഫ്, കെ.എസ്.യു, എ.ബി.വി.പി, മഹിളാമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. രാവിലെ മുതല്‍ സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷാവസ്ഥയിലായിരുന്നു. ആദ്യം മാര്‍ച്ചുമായെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ പൊലിസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധം തുടര്‍ന്നു. വീണ്ടും സംഘര്‍ഷാവസ്ഥയായതോടെ പൊലിസ് ലാത്തിവീശി. മൂന്ന് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. ഉച്ചയോടെ പ്രതിഷേധവുമായെത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകരില്‍ ചിലര്‍ സെക്രട്ടേറിയറ്റിനുള്ളിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചു. പൊലിസ് ബലംപ്രയോഗിച്ച് ഇവരെ നീക്കം ചെയ്തു.
പിന്നീടെത്തിയ കെ.എസ്.യു മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ ലാത്തിവീശി ഓടിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന് കാലിനു പരുക്കേറ്റു.
കോട്ടയത്ത് എം.എസ്.എഫിന്റെയും കെ.എസ്.യുവിന്റെയും പ്രതിഷേധം നടന്നു. കോട്ടയം കലക്ടറേറ്റിലേക്കാണ് എം.എസ്.എഫിന്റെ പ്രതിഷേധം നടന്നത്. ഗാന്ധിസ്‌ക്വയറില്‍ കെ.എസ്.യു പ്രതിഷേധ സംഗമം നടത്തി.
കൊച്ചിയിലും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും സമരക്കാര്‍ക്കു നേരെ പൊലിസ് ബലപ്രയോഗം നടത്തി. കട്ടപ്പന മിനി സിവില്‍സ്റ്റേഷനിലേക്ക് എ.ബി.വി.പി നടത്തിയ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജുണ്ടായി.
എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പൊലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റു. മട്ടന്നൂരിലെ ഇ.പി ജയരാജന്റെ വീടിനു മുന്നിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."