അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരിച്ചു. ജെല്ലിപ്പാറ ഓന്തമലയില്‍ കുമാരന്‍-ചിത്ര ദമ്പതികളുടെ 40 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. അട്ടപ്പാടിയില്‍ നിന്ന് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ശിശുമരണമാണിത്.
കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും, അസ്വാഭാവിക ശിശുമരണങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. കുഞ്ഞിന് രണ്ടരകിലോ തൂക്കമുണ്ടായിരുന്നു. കൂലിപ്പണിക്കാരായ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞുമുണ്ട്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ കുട്ടിക്ക് അമ്മ മുലപ്പാല്‍ നല്‍കി ഉറക്കാന്‍ കിടത്തിയതായിരുന്നു.
പുലര്‍ച്ചെ നാലരയോടെയാണ് കുട്ടിയുടെ കൈകാലുകള്‍ തണുത്ത് മരവിച്ച നിലയില്‍ കണ്ടത്. ഉടന്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു . 2018ല്‍ 13 കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്. ഇതില്‍ അഞ്ചുകുട്ടികളുടെ മരണകാരണം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാവാം എന്ന സംശയമായിരുന്നു ഡോക്ടര്‍മാര്‍ ഉന്നയിച്ചത്. 2017 ല്‍ 14ഉം 2014 ല്‍ 30 കുട്ടികള്‍ അട്ടപ്പാടിയില്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."