HOME
DETAILS

കാരുണ്യത്തിന്റെ കാവല്‍ക്കാര്‍

  
backup
September 01 2018 | 20:09 PM

karunyathinte-kavalkkar-vikhaya

നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ഞെട്ടലില്‍നിന്ന് കേരളം ഇപ്പോഴും മുക്തമായിട്ടില്ല. അരുവികള്‍ പുഴകളായി വളര്‍ന്നപ്പോള്‍, തോടുകള്‍ കടലുപോലെ വികസിച്ചപ്പോള്‍, പുഴകള്‍ മഹാസമുദ്രങ്ങളായി സംഹാരതാണ്ഡവമാടിയതിന്റെ ദുരന്തമുഖത്തുനിന്ന് അത്രപെട്ടെന്ന് മുക്തമാകാനും കഴിയില്ലല്ലോ. ഒരു മുന്നറിയിപ്പും തരാതെ വന്ന ജലപ്രളയത്തില്‍നിന്നു മുന്‍കരുതലുകളെടുക്കാനായില്ല. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം ഒന്നിച്ചപ്പോള്‍ നഷ്ടവും കനത്തു. പാടങ്ങളെല്ലാം വീടുകളായും വികസനമുദ്രകളായും മാറ്റിയതിന്റെ ആഹ്ലാദങ്ങളോടുണ്ടായ ചില തിരിഞ്ഞുകുത്തലുകള്‍. പാടം നികത്തുന്നതിനെതിരേ വാര്‍ത്ത വന്നാല്‍, വികസനവിരോധികള്‍ എന്നട്ടഹസിക്കുമ്പോള്‍ ഇങ്ങനെയൊന്നും ആരും പ്രതീക്ഷിച്ചിരിക്കില്ല. മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ എന്നൊക്കെ കേള്‍ക്കുന്നത് നമുക്ക് അരോചകമായിരുന്നു. പരിസ്ഥിതിസൗഹൃദമെന്ന വാക്കിനോടു തന്നെ ചതുര്‍ത്ഥിയായിരുന്നു. സ്വാഭാവികമായി പെയ്തുണ്ടാകുന്ന മഴവെള്ളത്തിനുതന്നെ ഒഴുകിപ്പോകാന്‍ കഴിയുന്നില്ല. റോഡും നടവഴികളും നമ്മുടെ മുറ്റവും കോണ്‍ക്രീറ്റില്‍ ഉറപ്പിക്കുമ്പോള്‍ പിന്നെ പ്രളയപ്പെയ്ത്തു മാത്രം എവിടെ ഓടിയൊളിക്കും? അതിനുമാത്രം ഇവിടെ നില്‍ക്കാന്‍ അവകാശമില്ലെന്ന് എങ്ങനെ വാശിപിടിക്കും?

പ്രളയവും ഉരുള്‍പൊട്ടലും മനുഷ്യനിര്‍മിതമോ പ്രകൃതിയുടെ പകരംവീട്ടലോ എന്നു തര്‍ക്കിക്കാന്‍ നമുക്കിപ്പോള്‍ സമയമില്ല. ശബരിമല ശ്രീ അയ്യപ്പന്റെ ശാപമോ പാതിരിമാരുടെ കോപമോ പശുവോ പട്ടിയോ എന്നു പകിടനിരത്തി തെളിയിച്ചിട്ടു കാര്യവുമില്ല. പശ്ചിമഘട്ടത്തിന്റെയും പ്രളയദേശങ്ങളുടെയും മുഖം ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. നഷ്ടക്കണക്കിന്റെ മടിശ്ശീല നിറഞ്ഞുതൂവുന്നു. ജൈവികമായ മുഖം കൂടുതല്‍ വികൃതമായിരിക്കുന്നു. അവിടുത്തെ ജൈവവൈവിധ്യങ്ങളും ആവാസവ്യവസ്ഥയും ഇനി തിരിച്ചുവരുമോ? പ്രളയസമയത്തു മാത്രം പരിസ്ഥിതിലോല പ്രദേശങ്ങളിലുണ്ടായത് 200ലേറെ ഉരുള്‍പൊട്ടലുകളായിരുന്നു. അതില്‍ മാത്രം പൊലിഞ്ഞത് 109 മനുഷ്യജീവനുകളും. മറ്റു നാശനഷ്ടങ്ങള്‍ക്കൊന്നും തിട്ടപ്പെടുത്തിയ കണക്കുതന്നെയില്ല.

മരണമുഖത്തുനിന്നു ജീവിതത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയവരൊക്കെ ഇപ്പോഴും ദുരിതാശ്വാസ ക്യാംപുകളിലുണ്ട്. ചിലരെങ്കിലും വീടുകളിലേക്കു മടങ്ങി. പക്ഷേ, ജലമൊഴിഞ്ഞപ്പോള്‍ ബാക്കിയായ ദുരിതങ്ങളില്‍നിന്ന് അവര്‍ക്കു കരകയറാനായിട്ടില്ല. ജീവന്‍ മാത്രമല്ലേ പലര്‍ക്കും തിരിച്ചുകിട്ടിയുള്ളൂ. ജീവിതോപാധികളെ പ്രളയം വിഴുങ്ങി. കൃഷിയും കൃഷിഭൂമിയും പ്രളയം നക്കിത്തുടച്ചു. റോഡുകളും പാലങ്ങളും നാമാവശേഷമായി. വര്‍ഷങ്ങള്‍കൊണ്ടു സമ്പാദിച്ചവയെയാണു നിമിഷങ്ങള്‍കൊണ്ടു പ്രളയം ചവച്ചുതുപ്പിയത്. വീട് നിന്നിരുന്ന മണ്ണു മാത്രമാണു ചിലര്‍ക്കു തിരികെക്കിട്ടിയത്. അതും അപഹരിക്കപ്പെട്ടവരുണ്ട്. എല്ലാം ഒന്നില്‍നിന്നു തുടങ്ങേണ്ടവര്‍. വീട്ടുസാധനങ്ങളും അങ്ങാടിസാമാനങ്ങളും വരെ നഷ്ടമായവര്‍. അതിജീവനത്തിന്റെ ആദ്യ പാഠങ്ങളിലാണവര്‍. ജലം കൊണ്ടേറ്റ ഈ മുറിവുകളില്‍നിന്ന് എന്നാണ് ഈ നാടിനു കരകേറാനാവുക?

ഈ പ്രളയം ഒരുപാട് പാഠങ്ങളുടേതുകൂടിയായി. വെള്ളം ക്ഷേത്രങ്ങളെ വിഴുങ്ങിയപ്പോള്‍ മുസ്‌ലിം പള്ളികളുടെ വാതിലുകള്‍ തുറന്നിട്ടുകൊടുത്ത ദേശങ്ങള്‍. ക്ഷേത്രത്തിലും ക്രിസ്ത്യന്‍ പള്ളികളിലും പെരുന്നാള്‍ നിസ്‌കാരത്തിനു മുസല്ല വിരിച്ച ഗ്രാമങ്ങള്‍, പള്ളിയങ്കണങ്ങളില്‍ നെറ്റിയില്‍ കുറിവരച്ച ശങ്കരനും കഴുത്തില്‍ കുരിശുകെട്ടിയ ജോസഫും തലയില്‍ തൊപ്പിയിട്ട ഖാദറിനുമൊപ്പം ഒരുമയുടെ ഓണമുണ്ട പകലുകള്‍. തൊട്ടടുത്ത കോലായിയില്‍ മൈമൂനയും മൈത്രേയിയും സുഭദ്രയും ഒരേ പായയില്‍ ഉറങ്ങിയ രാത്രികള്‍.


നാട്ടിന്‍പുറത്തെ ചായമക്കാനികള്‍ അടഞ്ഞുകിടന്നു. ഷോപ്പിങ് കോംപ്ലക്‌സുകളെയും പലചരക്കുകടകളെയുമെല്ലാം വെള്ളം വിഴുങ്ങി. അരുവികള്‍ പുഴകളായി. റോഡുകളെയും നടവഴികളെയും പ്രളയം പങ്കിട്ടെടുത്തു ഗതാഗതം മുടക്കി. ബസും ട്രെയിനും വിമാനവും യാത്ര മുടക്കി. എയര്‍പോര്‍ട്ടുപോലും അടച്ചു. ബസ് സ്റ്റാന്‍ഡുകള്‍ ബോട്ടുജെട്ടികളായി. നിരത്തുകളില്‍ തോണിയും ചങ്ങാടങ്ങളും തുഴഞ്ഞുനീങ്ങി. വിവാഹങ്ങളും ആഘോഷങ്ങളും മാറ്റി.

സ്വാതന്ത്ര്യദിനാഘോഷത്തെയും ഓണാഘോഷത്തെയും മറന്നു. ആശുപത്രികള്‍ മുടങ്ങി. സൈന്യത്തിന്റെ ഹെലികോപ്റ്ററിനു ഭൂമിയില്‍ ഇറങ്ങാന്‍ ഇടമില്ലാതായി. അടച്ച വിദ്യാലയങ്ങളില്‍ ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. അവിടേക്കും പ്രളയം ഇരച്ചെത്തി. ക്യാംപുകള്‍ മാറ്റാനിടമില്ലാതെയായി. വീടുകളിലൊറ്റപ്പെട്ടവര്‍, പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കുന്നവര്‍, പെരുംപെയ്ത്തില്‍ റോഡിലും പാടത്തും ചൂണ്ടയും ഓരുവലകളും കൊണ്ടു മീന്‍പിടിക്കുന്നവര്‍. പാതിയില്‍ മൂടിയ വീടിനരികിലെ തൊഴുത്തില്‍നിന്ന് പൈക്കിടാങ്ങളുടെ കരച്ചില്‍. ആട്ടിന്‍പറ്റങ്ങളുടെ ദീനരോദനങ്ങള്‍. വിശപ്പിന്റെ നിലവിളികള്‍. മിണ്ടാപ്രാണികളുടെ സങ്കടം ആരു കേള്‍ക്കാന്‍? മനുഷ്യനു മാത്രമല്ലേ ദുരിതാശ്വാസ ക്യാംപുകള്‍ തുറക്കാനായുള്ളൂ. അവര്‍ക്കു മാത്രമല്ലേ ആഹാരവും വസ്ത്രവും ശേഖരിച്ചുള്ളൂ. അത്ഭുതവും അമ്പരപ്പും കൊണ്ടു നിറഞ്ഞ പ്രളയക്കാഴ്ചകള്‍ ഭീതിതമായതു പെട്ടെന്നായിരുന്നു. ദുരിതത്തിലായവരെ ചേര്‍ത്തുപിടിക്കാനുള്ള മുന്നേറ്റത്തിലേക്ക് ആളുകള്‍ ഒന്നിച്ചെത്തി. എല്ലാം നഷ്ടമായവരെ സഹായിക്കാന്‍ വലിയ തുകകള്‍ നല്‍കി പ്രശസ്തരും അപ്രശസ്തരും കൂടെ നിന്നു. കാരുണ്യത്തിന്റെ കൈപ്പിടിച്ച് ആകെയുണ്ടായിരുന്ന സമ്പാദ്യമെല്ലാം ദുരിതാശ്വാസത്തിനായി മാറ്റിവച്ചവരുണ്ട്. ഉള്ള ഭൂമിയില്‍നിന്ന് ഒന്നരയേക്കറോളം മണ്ണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്ത ആ രണ്ടു വിദ്യാര്‍ഥികളെപ്പോലെ ലോകം മുഴുവന്‍ വിളിച്ചുപറഞ്ഞു; നന്മ മരിച്ചിട്ടില്ലെന്ന്. മലവെള്ളത്തോടൊപ്പം കുത്തിയൊലിച്ചുപോയിട്ടില്ല മനുഷ്യത്വമെന്ന്.

ഒരത്യാവശ്യം വന്നപ്പോള്‍ എല്ലാവരും ഒരുമിച്ചു. സോഷ്യല്‍ മീഡിയയില്‍ മുഖം കുമ്പിട്ടിരുന്ന യുവതലമുറ രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞു. കടലിന്റെ മക്കളായ മത്സ്യത്തൊഴിലാളികള്‍ പ്രളയജലത്തില്‍ മുങ്ങിപ്പൊങ്ങി മനുഷ്യരെ ജീവിതത്തിലേക്കു പിടിച്ചുകയറ്റി. ജാതിയും മതവും നോക്കിയില്ല. അഭിപ്രായഭിന്നതകള്‍ പുറത്തുചാടിയില്ല. രാഷ്ട്രീയത്തിന്റെ കൊടിനിറം മതില്‍ക്കെട്ടു തീര്‍ത്തില്ല. പൊലിസും പട്ടാളവും കേന്ദ്രവും സംസ്ഥാനവും കൈകോര്‍ത്തപ്പോള്‍ പുതിയൊരു ചരിത്രമുണ്ടായി.

ഓണത്തിനും ബലിപെരുന്നാളിനും മുണ്ടുമുറുക്കിയുടുത്ത് ദുരിതാശ്വാസ ക്യാംപുകളെ ഊട്ടാനും ആയിരങ്ങളെത്തി. ആ കാരുണ്യപ്പെയ്ത്ത് ഇപ്പോഴും തുടരുന്നു. മലയാളിയുള്ളിടത്തുനിന്നുമാത്രമല്ല, മനുഷ്യരുള്ളിടത്തുനിന്നെല്ലാം മനുഷ്യത്വത്തിന്റെ പ്രളയമൊഴുകുന്നു. ഓണക്കോടികളും പെരുന്നാള്‍ക്കോടിയും ഒന്നുമില്ലാത്തവനു ദാനം ചെയ്തു മാനവികതയുടെ പുതിയ കേരളം. ഇനി അതിജീവനമാണ്. ഇന്നലെകളിലേക്കു തിരിച്ചുമടങ്ങണം നമുക്ക്. പഴയ പ്രതാപം തിരിച്ചുപിടിക്കണം. അതിനുവേണ്ടത് നാല്‍പതിനായിരം കോടിയാണെന്നാണു പ്രാഥമികമായ വിലയിരുത്തല്‍. അതു ശേഖരിക്കാനുള്ള പ്രയാണത്തിലാണു നാട്. ഭരണകൂടത്തെ സഹായിക്കാനുള്ള ബാധ്യത നമ്മളിലോരോരുത്തരിലുമുണ്ട്. മലയാളികളോടു മുഖ്യമന്ത്രി ഒരു മാസത്തെ ശമ്പളം ആവശ്യപ്പെട്ടിരിക്കുന്നു. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ കരകയറ്റാനാണു ഘട്ടംഘട്ടമായി ഈ തുക നല്‍കേണ്ടത്. നവകേരളത്തിന്റെ സൃഷ്ടിക്കായി ഈ ആവശ്യം സ്വീകരിക്കാം നമുക്ക്. പക്ഷേ, സര്‍ക്കാരും ചില മുന്‍കരുതലുകളെടുക്കേണ്ടതില്ലേ? ചില ചെലവുചുരുക്കലിനു മുന്നിട്ടിറങ്ങേണ്ടതില്ലേ? തീര്‍ച്ചയായും ജനങ്ങളും ഒപ്പമുണ്ടാകും. പുതിയ കേരളം അങ്ങനെ കൂട്ടായ്മയിലൂടെ നമുക്ക് സാധ്യമാക്കുകതന്നെ ചെയ്യാം.

വിഖായയുടെ വിരുന്നുകാര്‍

ഒറ്റപ്പെടുന്നവര്‍ക്കു മുന്‍പില്‍ സുരക്ഷിതത്വത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണവര്‍. വിഖായ വളന്റിയര്‍മാര്‍. സദാ സേവനസന്നദ്ധരായി അവര്‍ എവിടെയുമുണ്ട്. ദുരന്തമുഖങ്ങളില്‍, ആതുരാലയങ്ങളിലെ മരണം മണക്കുന്ന വാര്‍ഡുകളില്‍, അപകടത്തെരുവുകളില്‍, തളരുന്ന ചുമലുകള്‍ക്ക് എവിടെയും ആശ്വാസത്തിന്റെ തണലിടമൊരുക്കുന്നു, സാന്ത്വനത്തിന്റെ കൈത്താങ്ങായി ഞങ്ങളുണ്ട് കൂടെയെന്നു ധൈര്യം പകര്‍ന്നുനല്‍കുന്നു. വിശക്കുന്നവന്റെ വിളി കേള്‍ക്കാനും ഭയക്കുന്നവന്റെ ഭാഗം കൂടാനും നിലവിളിക്കുന്നവരുടെ നിസഹായതയില്‍ ഒപ്പംചേരാനും അവരുണ്ട്.

ഈ പ്രളയകാലത്ത് ആത്മസമര്‍പ്പണത്തിന്റെ പുതുചരിതമാണ് എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ കര്‍മഭടന്മാര്‍ രചിച്ചത്. അപകടങ്ങളും അത്യാഹിതങ്ങളും കണ്ടുനിന്നില്ല, പ്രയാസപ്പെടുന്നവര്‍ക്ക് അടിയന്തര സഹായഹസ്തങ്ങള്‍ ലഭ്യമാക്കി. പ്രളയം കുത്തിയൊഴുകിയ ദുര്‍ഘടവഴികളിലൂടെ ഓടിക്കിതച്ചെത്തിയ ആയിരക്കണക്കിനു സന്നദ്ധസേവകരാണു പ്രളയപ്പെയ്ത്തില്‍ ഒറ്റപ്പെട്ടവര്‍ക്കുമുന്‍പില്‍ രക്ഷാകവചമായി നിറഞ്ഞത്. ബഹുസ്വര സമൂഹത്തില്‍ ജാതി, മത ഭേദമന്യേ സഹജീവികളോടു ഹൃദ്യമായി ഇടപെട്ടു. അവരുടെ താല്‍പര്യങ്ങളെ മാനിച്ചു. ഭൂമിയിലുള്ളവരോടു കരുണ കാണിക്കുന്നവര്‍ക്കു മാത്രമേ ആകാശത്തുനിന്നും കരുണചെയ്യപ്പെടുകയുള്ളൂ എന്ന നബിവചനത്തെ പ്രാവര്‍ത്തികമാക്കുകയായിരുന്നു അവര്‍.

എവിടെയും വിഖായയുടെ വിരുന്നുകാര്‍ ദുരിതമനുഭവിക്കുന്നവരാണ്. ദുരന്തം വന്ന വഴികളിലെല്ലാം ആ കാരുണ്യം പെയ്തിറങ്ങിയതും അഭയമില്ലാത്തവര്‍ക്കു മുന്‍പിലാണ്. ജീവനായും ജീവിതമായും സഹനമായും മനുഷ്യപ്രയത്‌നത്തിന്റെ സാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളിലേക്കും അവര്‍ ഇറങ്ങിച്ചെന്നു. കാഴ്ചക്കാരാകാതെ കാര്യക്കാരായി. അപരിചിതമായ ഇടങ്ങളില്‍ അതിഥിയാകാതെ ആതിഥേയരായി. ആവശ്യക്കാരുടെ അത്താണിയായി. താമരശ്ശേരി കട്ടിപ്പാറയില്‍ ഈയിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചത് 14 മനുഷ്യരായിരുന്നു. അത്ര ജീവനേ നഷ്ടപ്പെട്ടതുള്ളൂ എന്ന കാര്യത്തില്‍ സമാധാനിക്കുകയായിരുന്നു നാട്ടുകാര്‍. അത്രമേല്‍ ഭീകരമായിട്ടായിരുന്നു പ്രകൃതി താണ്ഡവമാടിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നു വീടുകളും 14 ജീവനുകളും മണ്ണിനോടൊപ്പം ഒഴുകിയലിഞ്ഞു. ഒന്നു നിലവിളിക്കാന്‍ പോലും അവര്‍ക്കാര്‍ക്കും സാവകാശം കിട്ടിയില്ല. പേമാരിക്കിടയില്‍ മരിച്ചവരുടെ ശരീരങ്ങള്‍ മണ്ണിനടിയില്‍ പുതഞ്ഞുകിടന്നതു ദിവസങ്ങളാണ്. രക്ഷാപ്രവര്‍ത്തനം പോലും ദുസഹമാക്കിയ ദിനങ്ങള്‍. അവസാനത്തെ ശരീരം കണ്ടെത്തുംവരെയും വിഖായ പ്രവര്‍ത്തകരവിടെ കര്‍മനിരതരായി. കനത്ത മഴയിലും ജീവന്‍പോലും പണയം വച്ച്. ദേശീയ ദുരന്തസേനയ്ക്കും അഗ്നിശമനസേനയ്ക്കും പൊലിസിനുംമുന്‍പേ നാട്ടുകാര്‍ക്കൊപ്പം ഓടിയെത്തിയതും വിഖായ വളന്റിയര്‍മാരായിരുന്നു.

പ്രളയം മുക്കിയ വയനാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം അവര്‍ ചേര്‍ന്നുനിന്നു. അവരുടെ മനസ് വായിച്ചാണ് സുരക്ഷിതത്വത്തിന്റെ കാരുണ്യപ്പന്തല്‍ ഒരുക്കിയത്. വെള്ളവും ചെളിയും നിറഞ്ഞ വീടുകള്‍ വൃത്തിയാക്കി താമസയോഗ്യമാക്കിയത്. അത്യാവശ്യക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കിയത്. ഭക്ഷണവും പുതപ്പും വസ്ത്രവും വീട്ടുപകരണങ്ങളും വിതരണം ചെയ്തത്. ജാതിയോ മതമോ രാഷ്ട്രീയമോ മതില്‍ക്കെട്ടിത്തിരിക്കാതെ അര്‍ഹരായവരെ കണ്ടെത്തി പ്രളയം നിരാലംബരാക്കിയ നൂറു കുടുംബങ്ങള്‍ക്ക് സമസ്ത വയനാട് ജില്ലാ കമ്മിറ്റി വീടുവച്ചു നല്‍കുകയാണ്.

വിഖായ എന്ന വാക്കിനു സുരക്ഷ എന്നാണര്‍ഥം. അതിനെ അന്വര്‍ഥമാക്കുക എന്നതുതന്നെ അവരുടെ ഉത്തരവാദിത്തം. ഓരോ പ്രവര്‍ത്തകനും നെഞ്ചില്‍ കൈവച്ചു ചെയ്യുന്ന പ്രതിജ്ഞയും അതുതന്നെ. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും പ്രളയക്കെടുതിയില്‍ മുങ്ങിയ ഗ്രാമങ്ങളിലും നഗരങ്ങളിലും അവര്‍ സേവനം ഉത്തരവാദിത്തമാക്കിയിറങ്ങി. വീടുകളില്‍ വെള്ളം കയറി തുടങ്ങുമ്പോള്‍ മുതല്‍ അവര്‍ എറണാകുളം ജില്ലയുടെ വിവിധ ദിക്കുകളിലുണ്ടായിരുന്നു. പെരിയാറിന്റെ തീരത്തെ നിലയില്ലാക്കയത്തിലേക്കും ഇറങ്ങിച്ചെന്നു. വെള്ളം കയറിത്തുടങ്ങിയ ദിവസങ്ങളില്‍ തുടങ്ങിയ പ്രവര്‍ത്തനത്തിനു വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോഴും അവസാനമായിട്ടില്ല. ജില്ലയിലെ കടുങ്ങല്ലൂര്‍, ഏലൂര്‍, പാനായിക്കുളം, പറവൂര്‍ മേഖലകളിലെല്ലാം സര്‍ക്കാര്‍ സഹായം എത്തിപ്പെടാന്‍ താമസം നേരിട്ടപ്പോള്‍ എല്ലാവര്‍ക്കുമൊപ്പം വിഖായപ്രവര്‍ത്തകരും മുന്‍പന്തിയില്‍ നിലയുറച്ചു. നിരവധി മനുഷ്യരെ ജീവിതത്തിലേക്കും സുരക്ഷിതകേന്ദ്രങ്ങളിലേക്കും എത്തിച്ചു. വിഖായ സംസ്ഥാന സമിതിക്കു കീഴിലുള്ള മലപ്പുറം, കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ ആക്ടീവ് വിങ് പ്രവര്‍ത്തകര്‍ ഒരാഴ്ച എറണാകുളം ജില്ലയില്‍ ക്യാംപ് ചെയ്താണു ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. നാട്ടുകാരും സര്‍ക്കാര്‍ സംവിധാനങ്ങളും എല്ലാ പിന്തുണയും നല്‍കി. ക്രിയാത്മകമായ നേതൃത്വം നല്‍കിയവരെ അഭിനന്ദിച്ചു.പ്രളയം കര്‍ണാടകയിലെ കുടകിലേക്കു വഴിമാറിയപ്പോള്‍ അവിടെയും സുള്ള്യയിലെ വിഖായ കര്‍മഭടന്മാര്‍ സമര്‍പ്പിതസേവനത്തിനു സജ്ജരായി. ആ പ്രവര്‍ത്തനമികവിന് കര്‍ണാടകയിലെ ന്യൂനപക്ഷക്ഷേമകാര്യ മന്ത്രി അവര്‍ക്കു വാഗ്ദാനം ചെയ്തത് പരിശുദ്ധ ഉംറ നിര്‍വഹിക്കാനുള്ള സുവര്‍ണാവസരമാണ്. അവരുടെ കാരുണ്യത്തിന്റെ കൈപിടിച്ചു ജീവിതത്തിലേക്കു നടന്നുകയറിയവര്‍ ഒട്ടേറെ.

വിഖായ മലയാളനാട്ടില്‍ മാത്രമല്ല, മനുഷ്യരുള്ളിടത്തെല്ലാമുണ്ട്. സൗജന്യ സഹായവും സേവനവും ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പരിമിതികള്‍ക്കുള്ളില്‍നിന്നു സാധ്യമായതെല്ലാം ചെയ്യുന്നു. മക്കയില്‍ ഹജ്ജ് കര്‍മത്തിനെത്തിയ ഹാജിമാരെ സ്വീകരിച്ചും സല്‍ക്കരിച്ചും ആദ്യ ഹാജി പുണ്യഭൂമിയില്‍ വന്നിറങ്ങിയതുമുതല്‍ അവിടെ വിഖായ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമാകുന്നു. പിന്നെ അറഫയിലും മിനായിലും മദീനയിലുമെല്ലാം ആയിരത്തില്‍പരം വളന്റിയര്‍മാരാണ് അവസാനത്തെ ഹാജിയും തിരികെ വിമാനം കയറുംവരെ സേവനനിരതരാകുന്നത്. എല്ലാ വര്‍ഷവും ഈ സേവനം ആയിരങ്ങള്‍ക്കു തുണയാകുന്നു.

അത്യാവശ്യഘട്ടങ്ങളില്‍ ആര്‍ക്കും എപ്പോഴും രക്തം നല്‍കാന്‍ സന്നദ്ധരാണ് വിഖായയിലെ കാല്‍ലക്ഷം അംഗങ്ങള്‍. അഞ്ചുമേഖലകളെ സമന്വയിപ്പിച്ചാണ് വിഖായയുടെ മറ്റു സേവനപ്രവര്‍ത്തനങ്ങള്‍. സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്കവര്‍ തുണയാകുന്നു. ആതുരസേവനമേഖലയില്‍ രോഗീപരിചരണം നടത്തുന്നു. സാമ്പത്തികസഹായം കൈമാറുന്നു. മരുന്നുകളും ഉപകരണങ്ങളും എത്തിക്കുന്നു. രക്തദാനം ചെയ്യുന്നു. ഈ സേവനം മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ഒരുക്കിയിട്ടുള്ളത്. റോഡപകടങ്ങള്‍ മുതല്‍ വന്‍ദുരന്തങ്ങളില്‍ വരെ പ്രഥമ ശുശ്രൂഷ നല്‍കാന്‍ പരിശീലനം സിദ്ധിച്ച വളന്റിയര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സജ്ജരാണ്. ഇവരാണ് ആക്‌സിഡന്‍ഡ് കെയര്‍ വിങ്ങായ 'അലര്‍ട്ടി'ന്റെ പ്രവര്‍ത്തനത്തെ സജീവമാക്കുന്നത്. അപകടത്തില്‍പെട്ടവരെ കൃത്യമായി ആശുപത്രികളിലെത്തിക്കാന്‍ എല്ലാ ജില്ലകളിലെയും പ്രധാന അപകടമേഖലകളിലും ആംബുലന്‍സുകളിലും വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാണ്.ലഹരിക്കെതിരേയുള്ള സമരങ്ങളിലും ബോധവല്‍ക്കരണങ്ങളിലും വിഖായ മുന്‍നിരയിലുണ്ട്. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കു ചികിത്സയും പുനരധിവാസവും ലഭ്യമാക്കുന്നു. മദ്യാസക്തിയുടെ പിടിയില്‍ അമര്‍ന്ന കുറേ മനുഷ്യരെ ജീവിതത്തിലേക്കു തിരികെകൊണ്ടുവരിക എന്ന ആ ദുഷ്‌കരദൗത്യം വിഖായ ഏറ്റെടുത്തിരിക്കുന്നു. അവരെ ലഹരിജീവിതത്തില്‍നിന്നു ജീവിതത്തിന്റെ ലഹരിയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളിലും കൈയൊപ്പുചാര്‍ത്തുന്നു.

അറിവില്ലായ്മമൂലം സാധാരണക്കാര്‍ക്കു നഷ്ടപ്പെടുന്ന സര്‍ക്കാര്‍, സര്‍ക്കാരിതര ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തും മഹല്ലുതലങ്ങളില്‍ ക്രിയാത്മക സേവനപ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കി ശ്രമദാനമേഖലയിലേക്കു പുതിയതലമുറയെ ആകര്‍ഷിച്ചും മനുഷ്യസേവനത്തിന്റെ പുതുവഴികള്‍ വെട്ടുകയാണ് വിഖായ. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 250 കേന്ദ്രങ്ങള്‍ വഴിയാണ് 25,000 സന്നദ്ധസേവകരുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ക്ലസ്റ്റര്‍ തലങ്ങളിലെ സഹചാരി റിലീഫ് സെന്ററുകള്‍ ഇതിനു ചുക്കാന്‍പിടിക്കുന്നു. സ്റ്റേറ്റ് വിഖായ ട്രെയിനേഴ്‌സ് ഗ്രൂപ്പും(എസ്.ടി.വി) സംഘടനയുടെ മെഡിക്കല്‍ വിഭാഗമായ 'അലര്‍ട്ടു'മാണ് വിഖായ വളന്റിയര്‍മാര്‍ക്കുള്ള പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago