വിധവാപെന്‍ഷന്‍: അനര്‍ഹരെ ഒഴിവാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: വിധവാപെന്‍ഷന്‍ വാങ്ങുന്ന അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കി. അര്‍ഹതയില്ലാത്ത നിരവധിപേര്‍ വിധവാപെന്‍ഷന്‍ വാങ്ങുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്താകെ 13 ലക്ഷം പേരാണ് വിധവാപെന്‍ഷന്‍ വാങ്ങുന്നത്. ചില തദ്ദേശസ്ഥാപനങ്ങള്‍ നിയമം പാലിക്കാതെ അനര്‍ഹര്‍ക്ക് വിധവാപെന്‍ഷന്‍ നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരക്കാരെ എത്രയുംപെട്ടെന്ന് ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശത്തിലുള്ളത്. ഇക്കാര്യം വിശദമാക്കിയുള്ള സര്‍ക്കാര്‍ ഉത്തരവ് എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞയാഴ്ച ലഭിച്ചു.
വിവാഹമോചന അപേക്ഷ നല്‍കി കാത്തിരിക്കുന്നവരും ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്നവരും വിധവാപെന്‍ഷന്‍ വാങ്ങുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭര്‍ത്താവ് മരിക്കുകയോ കാണാതായി ഏഴുവര്‍ഷത്തിലധികമാകുകയോ ചെയ്ത സ്ത്രീകള്‍ക്കാണ് വിധവാപെന്‍ഷന് അര്‍ഹത.
തദ്ദേശസ്ഥാപനങ്ങള്‍ ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റിന്റെ നമ്പര്‍, മരണദിവസം തുടങ്ങിയ വിശദവിവരങ്ങള്‍ പ്രത്യേകം രൂപപ്പെടുത്തിയ 'സേവന' സോഫ്ട്‌വെയറില്‍ ഉള്‍ക്കൊള്ളിക്കണം. ഭര്‍ത്താവിനെ കാണാതായി ഏഴുവര്‍ഷമായ സ്ത്രീകള്‍ക്ക് ബന്ധപ്പെട്ട റവന്യൂ അധികാരികളുടെ വിധവാ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പെന്‍ഷന്‍ നല്‍കാവൂ.
നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുന്നവര്‍ക്കും വിധവാപെന്‍ഷന് അപേക്ഷിക്കാനാകില്ല. നിയമംലംഘിച്ച് വിധവാപെന്‍ഷന്‍ നല്‍കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."