പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ചൈനീസ് ബന്ധമുള്ള സ്ഥാപനം നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനം ഇന്ത്യന്‍ രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന് പ്രമുഖ വ്യക്തികളെ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയദിനപത്രമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, വിവിധ കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ സംയുക്ത സേനാമേധാവി, സൈനിക മേധാവിമാര്‍, അവരുടെ അടുത്ത കുടുംബാംഗങ്ങള്‍ തുടങ്ങി 1,350 പേരാണ് നീരീക്ഷിക്കപ്പെടുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 700 രാഷ്ട്രീയക്കാരെക്കുറിച്ചു കമ്പനിയുടെ വിവരശേഖരത്തില്‍ നേരിട്ടു പരാമര്‍ശമുണ്ട്. രാഷ്ട്രീയനേതാക്കളുടെ അടുത്ത ബന്ധുക്കളായ 460 പേരും പട്ടികയിലുണ്ട്. 100 രാഷ്ട്രീയപ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
രാഷ്ട്രീയനേതാക്കളുടെ കുടുംബചരിത്രം തയാറാക്കുന്നതിന്റെ ഭാഗമാണിതെന്നു സംശയിക്കുന്നു. ഇപ്പോഴുള്ള എം.പിമാരുടെയും മുന്‍ എം.പിമാരുടെയും പട്ടികയില്‍ 350 പേരാണുള്ളത്. വെറും രണ്ടു വര്‍ഷത്തിനുള്ളിലാണ് നിര്‍മിതബുദ്ധി ഉപയോഗിച്ച് ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിവരശേഖരണം നടത്തിയത്. രാജീവ് ഗാന്ധിയുടെയും സഞ്ജയ് ഗാന്ധിയുടെയും ഉള്‍പ്പെടെ നിരവധി കുടുംബങ്ങളാണു പട്ടികയിലുള്ളത്. പവാര്‍, സിന്ധ്യ, സങ്മ, ബാദല്‍ കുടുംബങ്ങളില്‍നിന്നുള്ളവരുടെ വിവരങ്ങളും ശേഖരിച്ചു. ഹേമമാലിനി, അനുപം ഖേര്‍, മുണ്‍മൂണ്‍ സെന്‍, പരേഷ് റാവല്‍, വിനോദ് ഖന്ന തുടങ്ങി രാഷ്ട്രീയത്തിലെത്തിയ സിനിമാതാരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും സമാഹരിച്ചിട്ടുണ്ട്. മുന്‍ രാഷ്ട്രപതിമാരായ പ്രണബ് കുമാര്‍ മുഖര്‍ജി, എ.പി.ജെ അബ്ദുല്‍ കലാം, മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, പി.വി നരസിംഹറാവു, എ.ബി വാജ്‌പേയി, എച്ച്.ഡി ദേവെഗൗഡ, ഡോ. മന്‍മോഹന്‍ സിങ് എന്നിവരെക്കുറിച്ചും അവരുടെ അടുപ്പക്കാരെക്കുറിച്ചുമുള്ള വിവരങ്ങളും ഡാറ്റാബേസിലുണ്ട്.
അഡാറ്റാബേസില്‍ 40 മുഖ്യമന്ത്രിമാരുടെയും മുന്‍ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിവരങ്ങളുണ്ട്. ബി.ജെ.പി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കു പുറമെ പ്രാദേശിക പാര്‍ട്ടികള്‍ക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചുള്ള വിവരങ്ങളും പന്ത്രണ്ടോളം ഗവര്‍ണര്‍മാരുടെ വിവരങ്ങളും കമ്പനി ശേഖരിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിലെ മേയര്‍മാരുടെ വിവരങ്ങളും ശേഖരിച്ചു.
സി.പി.ഐ, സി.പി.എം, ഫോര്‍വേഡ് ബ്ലോക്ക് എന്നീ ഇടതു പാര്‍ട്ടികളുടെ നേതാക്കളുടെ വിവരങ്ങളും പട്ടികയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018 ഏപ്രിലില്‍ തുടങ്ങിയ ഷെന്‍സെന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ അമ്പതോളം പേരാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."