പെരിഞ്ചീരിമ്മല്‍ ട്രാന്‍സ്ഫോര്‍മറിന് 'ട്രാന്‍സ്ഫര്‍' മാത്രം
കൊണ്ടോട്ടി: വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാന്‍ ഒരു വര്‍ഷം മുന്‍പ് സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ നാട്ടുകാര്‍ക്ക് ഉപകാരപ്പെടുന്നില്ല. പകരം മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിച്ച് സ്റ്റെപ്പിനിയാക്കി കളിക്കുന്നു. ചെറുകാവ് പഞ്ചായത്തിലെ പുത്തൂപ്പാടം പെരിഞ്ചീരിമ്മല്‍ സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മറാണ് നാട്ടുകാര്‍ക്ക് ഉപകാരപ്പെടുത്താതെ മറ്റിടങ്ങളിലേക്കുളള സ്റ്റെപ്പിനിയാക്കി അധികൃതര്‍ പ്രയോജനപ്പെടുത്തുന്നത്.
പെരിഞ്ചീരിമ്മല്‍ പ്രദേശത്തെ നൂറ്റന്‍പതിലേറെ കുടുംബങ്ങളുടെ വോള്‍ട്ടേജ് ക്ഷാമം പരിഹാരിക്കുന്നതിനായാണ് ഒരുവര്‍ഷം മുന്‍പ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചത്. ഇതിനായി നാട്ടുകാര്‍ ഇടപെട്ട് നിരവധി തെങ്ങുകളും മരങ്ങളും മുറിച്ചുമാറ്റിയിരുന്നു. എന്നാല്‍ നാളിതുവരെയായി ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
പകല്‍ സമയത്ത് പോലും മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വോള്‍ട്ടേജ് ഇവിടെയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ട്രാന്‍സ്ഫോര്‍മര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് പുളിക്കല്‍ കെ.എസ്.ഇ.ബി അധികൃതരെ സമീപിച്ചെങ്കിലും നടപടിയായില്ല. ഇതോടൊപ്പം മറ്റിടങ്ങളില്‍ സ്ഥാപിച്ച ട്രാന്സ്ഫോറുകളിലെല്ലാം വൈദ്യുതി എത്തിയതായി നാട്ടുകാര്‍ പറയുന്നു.
അതിനിടെ മറ്റുസ്ഥലങ്ങളിലെ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലായാല്‍ പെരിഞ്ചീരിമ്മലില് സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുപോകുന്നത് പതിവാണ്. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞ് പുതിയ ട്രാന്‍സ്ഫോര്‍മര്‍ എത്തുന്നതോടെ പെരിഞ്ചീരിമ്മലില് കൊണ്ടുവരികയും ചെയ്യും. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്താനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."