ഐ ഗ്രൂപ്പില്‍ 'ഗ്രൂപ്പ്'; ചെന്നിത്തലയ്‌ക്കെതിരേ അതൃപ്തി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ കോണ്‍ഗ്രസിലെ വിശാല ഐ ഗ്രൂപ്പില്‍ പടരുന്നു. സമവായശ്രമങ്ങള്‍ സജീവമാണെങ്കിലും പല നേതാക്കളും ഈ രീതിയില്‍ ഗ്രൂപ്പുമായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലാണ്.
നേതാവായ രമേശ് ചെന്നിത്തല ഗ്രൂപ്പുതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന വിശാല ഐ ഗ്രൂപ്പിന്റെ യോഗത്തില്‍നിന്നു പ്രമുഖ നേതാക്കളെല്ലാം വിട്ടുനിന്നു. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകളില്‍ ശക്തമായ നിലപാടു സ്വീകരിക്കാത്ത ചെന്നിത്തലയുടെ നേതൃത്വം ഗ്രൂപ്പിനു ഗുണം ചെയ്യില്ലെന്നും മറ്റു നേതാക്കളോടാലോചിക്കാതെ ഏകപക്ഷീയമായി സുപ്രധാന തീരുമാനങ്ങളെടുക്കുന്നതു ദോഷം ചെയ്യുന്നെന്നും വിലയിരുത്തലുണ്ട്. ഒരിടവേളയ്ക്കുശേഷം വിശാല ഐ ഗ്രൂപ്പിലെത്തിയ കെ. മുരളീധരന്‍, മുതിര്‍ന്ന നേതാക്കളായ കെ. സുധാകരന്‍, വി.ഡി സതീശന്‍ തുടങ്ങിയവരൊക്കെ ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തരാണ്.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പുകളെ ഇല്ലാതാക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്റെ നേതൃത്വത്തില്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ സ്വീകരിക്കുന്നത്ര ഉറച്ച നിലപാടുകള്‍ ചെന്നിത്തല സ്വീകരിക്കുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ ഗ്രൂപ്പുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഒരുമിച്ചുനില്‍ക്കണമെന്ന ധാരണയിലാണ് ഇരു ഗ്രൂപ്പുകളും ഡല്‍ഹിയിലെത്തിയത്.
എന്നാല്‍, അവിടെ തര്‍ക്കം രൂക്ഷമായപ്പോള്‍ മധ്യസ്ഥന്റെ റോളാണ് ചെന്നിത്തല സ്വീകരിച്ചത്. ഇതു ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ക്കു തിരിച്ചടിയായി. ആരോപണവിധേയരെന്ന് ആരോപിച്ചു നേതാക്കള്‍ക്കു സീറ്റ് നല്‍കാന്‍ സുധീരന്‍ തടസമുന്നയിച്ചപ്പോള്‍ ശക്തമായി പ്രതികരിച്ചത് ഉമ്മന്‍ചാണ്ടി മാത്രമാണ്.
ഐ ഗ്രൂപ്പില്‍നിന്നുള്ള അടൂര്‍ പ്രകാശിനു സ്ഥാനാര്‍ഥിത്വം നഷ്ടമാകുമെന്ന അവസ്ഥയില്‍ സംരക്ഷണം നല്‍കിയതും ഉമ്മന്‍ചാണ്ടിയാണ്. അടൂര്‍ പ്രകാശിനും ബാബുവിനും സീറ്റില്ലെങ്കില്‍ താനും മത്സരിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ നിലപാടാണ് നിര്‍ണായകമായത്. ഇതേ തുടര്‍ന്ന് അടൂര്‍പ്രകാശ് അടുത്തിടെ ഐ ഗ്രൂപ്പ് വിട്ട് എ ഗ്രൂപ്പില്‍ ചേരുകയും ചെയ്തു.
പ്രതിപക്ഷ നേതാവാകാനില്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാടെടുത്തപ്പോള്‍ ചെന്നിത്തലയ്ക്കു പുറമേ കെ. മുരളീധരന്‍, വി.ഡി സതീശന്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, ഒരു ചര്‍ച്ചയ്ക്കു പോലും ഇടംനല്‍കാതെ ഉമ്മന്‍ചാണ്ടിയുടേയും സുധീരന്റേയും പിന്തുണയോടെ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കുകയായിരുന്നു ചെന്നിത്തലയെന്നും ആരോപണമുണ്ടായി.
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞിട്ടും സുധീരനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റാനാകാത്തത് ചെന്നിത്തല ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാലാണെന്ന വിലയിരുത്തലാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്കു പ്രധാന കാരണം. ഇക്കാര്യത്തില്‍ എ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ ശക്തമായ നിലപാടറിയിച്ചെങ്കിലും ചെന്നിത്തല ഉറച്ച നിലപാട് അറിയിക്കുന്നതില്‍ പരാജയപ്പെട്ടു.
ഹൈക്കമാന്‍ഡിന്റെ പ്രീതിയ്ക്കായി മധ്യസ്ഥന്റെ റോള്‍ സ്വീകരിക്കുന്നത് ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ ബലി കഴിക്കുന്നതിന് തുല്യമാണെന്നാണ് ഐ വിഭാഗത്തിലെ ഭൂരിപക്ഷം നേതാക്കളുടേയും വിലയിരുത്തല്‍. അതേസമയം, ഗ്രൂപ്പ് യോഗം നേതാക്കള്‍ ബഹിഷ്‌കരിച്ചത് ചെന്നിത്തലയെ ആശങ്കയിലാക്കിയിട്ടുണ്ട്. നേതാക്കളെ അനുനയിപ്പിക്കാന്‍ പി.പി തങ്കച്ചന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."