കുട്ടമംഗലത്ത് ശുചീകരണത്തിന് മന്ത്രിയും
ആലപ്പുഴ: കൈനകരിയിലെ മട വീണ പാടശേഖരങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താനെത്തിയ കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അവിടെ നടന്ന ശുചീകരണത്തിലും പങ്കാളിയായി. പുന്നപ്ര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവന്ന ശുചീകരണ സംഘം വൃത്തിയാക്കിക്കൊണ്ടിരുന്ന നിഷാ ഭവനില്‍ ടി.പി തമ്പാന്റെ വീട്ടിലാണ് മന്ത്രി വൃത്തിയാക്കലില്‍ പങ്കാളിയായത്.
കൈനകരി, കുട്ടമംഗലം ഭാഗങ്ങളില്‍ വെള്ളം ഇറങ്ങിയ ഭാഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ശുചീകരണം തുടരുകയാണ്. പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജ, മെംബര്‍ സെലീന ഉള്‍പ്പടെ പതിനഞ്ചോളം പേരാണ് ശുചീകരണത്തിന് എത്തിയത്. പിന്നീട് ഉമ്പിക്കാരന്‍ ജട്ടിയിലെത്തിയ മന്ത്രി അവിടുത്തെ വീടുകളും സന്ദര്‍ശിച്ചു. വെള്ളംകയറിയ വീടുകളില്‍നിന്ന് വെള്ളം പമ്പു ചെയ്തു കളയാന്‍ നിര്‍ദേശം നല്‍കിയാണ് മന്ത്രി മടങ്ങിയത്.
കുട്ടനാട്ടില്‍ തുലാം പത്തോടെ പുഞ്ചകൃഷി തുടങ്ങാനാണ് കൃഷിവകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. അടിയന്തരമായി ലഭ്യമായ പമ്പുകളും മോട്ടോറുകളും ഉപയോഗിച്ച് വെള്ളം വറ്റിക്കും. കേടാകാത്ത മുന്നൂറോളം മോട്ടോറുകള്‍ ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുക. കരിനില പ്രദേശങ്ങളില്‍ അതിന് മുന്‍പ് കൃഷി ആരംഭിക്കും. കൃഷിക്ക് ഇവിടെ സൗജന്യമായി വിത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."