ലഘുലേഖയില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങളില്ല അരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം
കല്‍പ്പറ്റ: ലഘുലേഖയില്‍ വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ വിദ്യാര്‍ഥിക്ക് ലഭ്യമാക്കാതിരുന്ന സ്‌കൂള്‍ അധികൃതര്‍ ഒരു മാസത്തിനകം അര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം.
കുന്നമ്പറ്റയിലെ ഒരു സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കല്‍പ്പറ്റ കെ.ജി നഗര്‍ പാലയ്ക്കല്‍ സുരേഷ് നല്‍കിയ പരാതിയില്‍ വയനാട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെതാണ് വിധി. കേസ് ചെലവിനത്തില്‍ 10,000 രൂപ സ്‌കൂള്‍ മാനേജ്‌മെന്റ് പരാതിക്കാരനു നല്‍കണമെന്നും ജോസ് വി തണ്ണിക്കോടന്‍ പ്രസിഡന്റും റെനിമോള്‍ മാത്യു, ചന്ദ്രന്‍ ആലഞ്ചേരി എന്നിവര്‍ അംഗങ്ങളുമായ ഫോറത്തിന്റെ കല്‍പനയില്‍ പറയുന്നു. നിശ്ചിത കാലാവധിക്കകം നല്‍കാത്തപക്ഷം മുഴുവന്‍ നഷ്ടപരിഹാരത്തുകയ്ക്കും സ്‌കൂള്‍ മാനേജ്‌മെന്റ് 12 ശതമാനം പലിശ നല്‍കണമെന്നും ഉത്തരവിലുണ്ട്.
പരാതി പരിഗണിച്ച ഫോറം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ വാദം കേട്ടതിനുശേഷമാണ് വിധി പുറപ്പെടുവിച്ചത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പരാതിക്കാരന്‍ 1985ലെ ഉപഭോക്തൃ സംരക്ഷണ നിയമം നിര്‍വചിക്കുന്ന തരത്തിലുള്ള ഉപഭോക്താവ് അല്ലെന്നുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് വാദിച്ചത്.
എന്നാല്‍ രേഖകള്‍ പരിശോധിച്ച ഫോറം, മാനേജ്‌മെന്റ് വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ പരാതിക്കാരനു ലഭിച്ചില്ലെന്ന് വിലയിരുത്തി. ഒരു സ്ഥാപനം ഫീസ് ഈടാക്കി നല്‍കുന്ന വിദ്യാഭ്യാസം ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ജസ്റ്റിസ് ജെ.എം മാലിക് 2015 ജനുവരി 14ലെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സുരേഷിന്റെ പരാതി നില്‍നില്‍ക്കുന്നതാണെന്നും ഫോറം നിരീക്ഷിച്ചു.
അഡ്മിഷന്‍ ബ്രോഷറില്‍ വാഗ്ദാനം ചെയ്ത എല്ലാ സൗകര്യങ്ങളും സംവിധാനങ്ങളും ഫീസ് നല്‍കി സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി കുറ്റമറ്റതും തൃപ്തികരവുമായ രീതിയില്‍ ഏര്‍പ്പെടുത്തണമെന്നും ഇതില്‍ വരുത്തുന്ന വീഴ്ചക്കെതിരേ പഠിതാവിനും രക്ഷിതാവിനും നിയമാനുസൃത നടപടികള്‍ സ്വീകരിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."