കാസര്‍കോട്ടെ കള്ളവോട്ട്: ഉദ്യോഗസ്ഥര്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു
കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് 43 ബൂത്തുകളിലെ വെബ് കാമറ ദൃശ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
സബ് കലക്ടര്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന തഹസില്‍ദാര്‍മാര്‍, ബൂത്തുലെവല്‍ ഓഫിസര്‍മാര്‍, ക്യാമറകള്‍ പ്രവര്‍ത്തിപ്പിച്ച അക്ഷയ സെന്റര്‍ ജീവനക്കാര്‍ എന്നിവരാണ് പരിശോധനയില്‍ സംബന്ധിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ അസംബ്ലി മണ്ഡലങ്ങളില്‍ സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്തംഗം ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്. കള്ളവോട്ടിന് കൂട്ടുനിന്ന തെരഞ്ഞെടുപ്പ് ജീവനക്കാര്‍ക്കെതിരേയും വോട്ടെടുപ്പ് ദിവസം ബൂത്തുകള്‍ നിരീക്ഷിക്കുന്നതിനായി കലക്ടറേറ്റില്‍ ഏര്‍പ്പെടുത്തിയ വെബ് കാസ്റ്റിങ് സംവിധാനം മണിക്കൂറുകളോളം ഓഫ് ചെയ്ത ജീവനക്കാര്‍ക്കെതിരേയും നടപടി വേണമെന്നാണ് യു.ഡി.എഫിന്റെ ആവശ്യം.
ഇടുക്കിയിലും കള്ളവോട്ട് ആരോപണം
തൊടുപുഴ: ഇടുക്കിയിലും സിപി.എം കള്ളവോട്ട് ചെയ്തതായി യു.ഡി.എഫിന്റെ ആരോപണം.
വോട്ടിങിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി യു.ഡി.എഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയിലെ രണ്ട് ബൂത്തുകളില്‍ സി.പി.എം കള്ളവോട്ട് ചെയ്തുവെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. ഉടുമ്പന്‍ചോല പഞ്ചായത്തിലെ 66, 69 നമ്പര്‍ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രഞ്ജിത്ത് എന്ന വ്യക്തി രണ്ട് ബൂത്തുകളിലും വോട്ട് ചെയ്തു. തിരിച്ചറിയല്‍ കാര്‍ഡ് ഒന്നില്‍ രഞ്ജിത് കുമാറെന്നും മറ്റേതില്‍ പി. രഞ്ജിത് എന്നുമാണ് പേര് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."