അട്ടിമറിച്ചത് ബി.ജെ.പി സംസ്ഥാന ഘടകം
തിരുവനന്തപുരം: കാസര്‍കോട് ഒഴികെയുള്ള സ്ഥലങ്ങളെ ദേശീയപാതാ വികസനത്തിന്റെ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ മന്ത്രി ജി. സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.
അതിനിടെ, സംസ്ഥാനത്തെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ബി.ജെ.പി സംസ്ഥാന ഘടകമാണെന്ന ആരോപണം ഉയര്‍ന്നു. സംസ്ഥാനത്ത് ദേശീയപാത സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള സെപ്റ്റംബര്‍ 14ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച കത്ത് പുറത്തുവന്നിട്ടുണ്ട്.
ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ദേശീയപാത മേഖലാ ഓഫിസുകളിലാണ് കഴിഞ്ഞദിവസം എത്തിയത്. കാസര്‍കോട് ഒഴികെയുള്ള ഇടങ്ങളില്‍ പുതിയ നിര്‍മാണപ്രവൃത്തികളും ടെന്‍ഡര്‍ നടപടികളും ആരംഭിക്കാനാകില്ലെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ഈ പ്രദേശങ്ങളെ ദേശീയപാതാ വികസനത്തിന്റെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനെതിരേയാണ് മന്ത്രി ജി. സുധാകരന്‍ കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കിയത്. കേരളത്തില്‍ ദേശീയപാതാ വികസനത്തിന്റെ സ്ഥലമേറ്റെടുപ്പ് 80 ശതമാനത്തോളം പൂര്‍ത്തിയായ സാഹചര്യത്തില്‍ ഒന്നാം മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കരുതെന്നാണ് കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
കേരളത്തെയും കര്‍ണാടകയെയുമാണ് പുതിയ ഉത്തരവില്‍ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്ക് മാറ്റിയിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണോ പുതിയ തീരുമാനമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."