സ്‌കൂള്‍ തുറക്കല്‍ തീരുമാനം 25ന് ശേഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച തീരുമാനം ഈ മാസം 25ന് ശേഷം ഉണ്ടാകും. കൊവിഡ് കാല പഠനപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് എസ്.സി.ഇ.ആര്‍.ടിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ആദ്യഘട്ട യോഗം ഇന്നലെ നടന്നു. 25ന് നടക്കുന്ന രണ്ടാംഘട്ട യോഗത്തില്‍ സ്‌കൂള്‍ തുറക്കല്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്ത് അന്തിമറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും. നിലവിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവയ്ക്കും. ഒന്‍പത് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ 21ന് ശേഷം സംശയനിവാരണത്തിനായി സ്‌കൂളുകളിലേക്കെത്തുന്നതില്‍ തെറ്റില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചുണ്ട്. ഈ ആനുകൂല്യം പ്രാവര്‍ത്തികമാക്കുന്നത് സംബന്ധിച്ചും സമിതി പരിശോധിക്കുന്നുണ്ട്.
ഗുണമേന്മ ഉറപ്പാക്കിവേണം ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം നടത്താനെന്ന് നേരത്തെ നടന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം നിര്‍ദേശിച്ചിരുന്നു. അതിനായി മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാനാണ് കരിക്കുലം കമ്മിറ്റിയിലെ തന്നെ എട്ടംഗങ്ങളുള്ള വിദഗ്ധ സമിതി രൂപീകരിച്ചത്. ഡോ. എ.പി കുട്ടികൃഷ്ണന്‍, കെ. അന്‍വര്‍സാദത്ത്, സി. രാമകൃഷ്ണന്‍, കെ.സി ഹരികൃഷ്ണന്‍, സി. പ്രദീപ്, എന്‍. ശ്രീകുമാര്‍, ഡോ. ആര്‍. ജയപ്രകാശ്, ഡോ. ജെ. പ്രസാദ് എന്നിവരടങ്ങുന്നതാണ് സമിതി.
സ്‌കൂളുകള്‍ തുറന്നില്ലെങ്കിലും ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ കുട്ടികളുടെ പഠനം നഷ്ടപ്പെടാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് തുടക്കത്തിലുള്ള ആവേശം ഇപ്പോഴില്ലെന്ന പരാതിയും ശക്തമാണ്. ഇതേത്തുടര്‍ന്നാണ് ഇക്കാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയത്. കൊവിഡ് കാലത്തെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനും നിലവിലുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സമിതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."