നീറ്റ് പരീക്ഷ പൂര്‍ത്തിയായി
തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പൂര്‍ത്തിയായി. രാജ്യത്താകെ 154 നഗരങ്ങളിലായി 15.19 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് പത്ത് നഗരങ്ങളിലായി ഒരുലക്ഷത്തില്‍പരം പേര്‍ പരീക്ഷയെഴുതി. ഉച്ചക്ക് രണ്ട് മുതല്‍ അഞ്ച് വരെയായിരുന്നു പരീക്ഷ. പതിവുപോലെ കര്‍ശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും നീറ്റ് പരീക്ഷ നടന്നത്. മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരീക്ഷക്കായി ഉച്ചക്ക് 12 മുതല്‍ പരീക്ഷാഹാളിലേക്ക് പ്രവേശനം അനുവദിച്ചു.
പൊലിസ് കാവലില്‍ കര്‍ശനപരിശോധനക്കുശേഷമാണ് വിദ്യാര്‍ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഒന്നര മണിക്ക് ശേഷമെത്തിയ കുട്ടികളെയും പ്രത്യേക ഡ്രസ് കോഡ് പാലിക്കാത്ത കുട്ടികളേയും പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചില്ല.
പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള എന്‍.ടി.എ (നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി) വസ്ത്രധാരണ വ്യവസ്ഥകള്‍ നിര്‍ദേശിച്ചിരുന്നു. ഇതരരേഖകള്‍ക്കൊപ്പം ആധാറും നിര്‍ബന്ധമായും ഹാജരാക്കണമെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. ആധാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണ് ആശങ്ക ഒഴിവായത്. പരീക്ഷയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വിദ്യാര്‍ഥികളില്‍ നിന്നുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പരീക്ഷ എളുപ്പമാണെന്നാണ് പൊതുവേയുള്ള പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."