ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു
മസ്‌കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന പത്തനംതിട്ട സ്വദേശിനി മലയാളി നഴ്സ് ബ്ലസി (37) അന്തരിച്ചു. സിനാവ് ആശുപത്രിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒമാനില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരില്‍ ആദ്യത്തെ കൊവിഡ് മരണമാണിത്.
വെണ്ണിക്കുളം ഇരുമ്പു കുഴി കുമ്പളോലി കുടുംബാംഗമാണ് ബ്ലസി. വാദികബീര്‍ ഇന്ത്യന്‍ സ്‌കൂള്‍ ആറാംക്ളാസ്സ് വിദ്യാര്‍ത്ഥിനി കെസിയയും രണ്ടാം ക്ളാസ്സ് വിദ്യാര്‍ത്ഥി കെവിനുമാണ് മക്കള്‍. ഭര്‍ത്താവ് സാം ജോര്‍ജ് മസ്‌കറ്റില്‍ ജോലി ചെയ്യുന്നു.
ആരോഗ്യ മന്ത്രാലയത്തിലെ കൊവിഡ് രോഗികളെ പരിചരിക്കുന്ന വാര്‍ഡിലായിരുന്നു ജോലി ചെയ്തിരുന്നത്.
ആഗസ്ത് 18 നാണ് ബ്ലെസിക്ക് ആദ്യം ഇന്‍ഫ്‌ലുവന്‍സ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടത് തുടര്‍ന്ന് ഇബ്ര ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.നില ഗുരുതരമായതിനെ തുടര്‍ന്ന് റോയല്‍ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. കൊവിഡ് മൂലം മരണമടഞ്ഞതിനാല്‍ ഒമാനില്‍ ആണ് അന്ത്യകര്‍മങ്ങള്‍ നടത്തുക എന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രാജ്യത്തെ കൊവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍ നിരയില്‍ നിന്ന ബ്ലസിയുടെ സമര്‍പ്പണത്തിനും നിസ്വാര്‍ത്ഥ സേവനത്തിനും അഭിവാദ്യം അര്‍പ്പിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ സഈദി അറിയിച്ചു. ആരോഗ്യ മന്ത്രാലയം ജീവനക്കാരും സഹ പ്രവര്‍ത്തകരും ബ്ലസിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
രാജ്യത്ത് ഇത് വരെ 26 മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മൊത്തം മരണ സംഘ്യ 797 ആയി. 488 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആണ്.ഇതില്‍ 184 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."