പെരിയ ഇരട്ടക്കൊല: എം.എല്‍.എ അടക്കം സി.പി.എം നേതാക്കളെ ചോദ്യം ചെയ്തു
ഉദുമ: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് അന്വേഷിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘം സി.പി.എം നേതാക്കളെ ചോദ്യം ചെയ്തു. സി.പി.എം നേതാവും ഉദുമ എം.എല്‍.എയുമായ കെകുഞ്ഞിരാമന്‍, മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്, സിപിഎം ഉദുമ ഏരിയാ സെക്രട്ടറി കെ.മണികണ്ഠന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.ബി മുസ്തഫ എന്നിവരേയാണ് അന്വേഷണം സംഘം തങ്ങളുടെ ക്യാംപിലേക്ക് വിളിച്ചു വരുത്തി മൊഴി എടുത്തത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സമയം അവസാനിക്കാറായ സാഹചര്യത്തിലാണ് നടപടി.
ശരത് ലാലിന്റേയും കൃപേഷിന്റേയും കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വവും തുടക്കം തൊട്ടേ സിപിഎം ഉന്നതനേതാക്കള്‍ക്ക് ഇരട്ടക്കൊലയില്‍ പങ്കുണ്ടെന്ന് ആരോപിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ശരത് ലാലിന്റെ വീടിന് അടുത്ത് നടന്ന സി.പി.എം പൊതുയോഗത്തില്‍ വി.പി.ബി മുസ്തഫ ഭീഷണി മുഴക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഫെബ്രുവരി 17നാണ് കൃപേഷും ശരത്ലാലും കൊല്ലപ്പെടുന്നത്. സി.പി.എം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന് അടക്കം 12 പ്രതികളില്‍ 11 പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി വിദേശത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."