HOME
DETAILS
MAL
പോപുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം സര്‍ക്കാരിന്റെ കത്തില്‍ പെട്ടെന്നു തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി
backup
September 17 2020 | 03:09 AM
കൊച്ചി: പോപുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐക്കു നല്‍കിയ കത്തില്‍ എത്രയും പെട്ടെന്നു തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഈ കേസില്‍ ലഭിച്ച പരാതികളില്‍ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറണമെന്ന ഡി.ജി.പിയുടെ സര്‍ക്കുലര്‍ ഹൈക്കോടതി മരവിപ്പിച്ചു. പരാതി ലഭിച്ച പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. സ്ഥാപനത്തിന്റെ വിവിധ ശാഖകള്‍ പൂട്ടി ചുമതലയേറ്റെടുക്കാന്‍ അതാത് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ കോടതി, നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കണമെന്നും വ്യക്തമാക്കി.
ശാഖകളിലെ സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. സാമ്പത്തിക കുറ്റാന്വേഷകരടങ്ങുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസില്‍ പ്രത്യേകമായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നാലായിരത്തിലധികം പരാതികള്‍ കിട്ടിയിട്ടുണ്ട്. കേസുകള്‍ ഏകോപിപ്പിക്കാനാണ് മൊഴികള്‍ രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറാന്‍ നിര്‍ദേശം നല്‍കിയത്. പ്രതികള്‍ പണം മറ്റു രാജ്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തട്ടിപ്പിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സിന്റെ അക്കൗണ്ടുകളില്‍ ശേഷിക്കുന്ന പണം കൈമാറ്റം ചെയ്യരുതെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സ്വത്തുക്കള്‍ കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. പോപുലര്‍ ഫിനാന്‍സ് കേസുകള്‍ക്കു മാത്രമായി തൃശൂരിലും ആലപ്പുഴയിലും പ്രത്യേക കോടതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."