മോദിയുടേത് മാന്യതയില്ലാത്ത ആരോപണം
ലോക്‌സഭയിലേക്ക് അഞ്ചാംഘട്ട വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഒരു പ്രധാനമന്ത്രിക്ക് ചേരാത്ത, തീര്‍ത്തും മാന്യതയില്ലാത്ത ഒരു ആരോപണം നരേന്ദ്ര മോദിയില്‍ നിന്നുണ്ടായത്. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കടപുഴകിക്കൊണ്ടിരിക്കുകയാണെന്ന വിവരം കിട്ടിയതിനെത്തുടര്‍ന്നാണ് സമനില തെറ്റിയ വാക്കുകള്‍ അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരേ അദ്ദേഹത്തില്‍ നിന്നുണ്ടായത്.
ബി.ജെ.പി സംഘടനാ മെഷിനറിയും ഭരണ സ്വാധീനവും പണവും ഒഴുക്കിയിട്ടും രാഹുല്‍ഗാന്ധി തുറന്നുവിട്ട ചൗക്കിദാര്‍ ചോര്‍ ഹെ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യത്തെ പ്രതിരോധിക്കാന്‍ ഇതുവരെ ബി.ജെ.പിക്കായിട്ടില്ല. രാഹുല്‍ ചൗക്കിദാര്‍ എന്ന് പറയുമ്പോഴേക്കും തിങ്ങിക്കൂടുന്ന ജനം ചോര്‍ ഹെ എന്ന് പൂരിപ്പിക്കുന്നിടത്തു വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. ഇത്തരമൊരു ഘട്ടത്തിലാണ് സമനില തെറ്റിയതുപോലെ രാഷ്ട്രത്തിനു വേണ്ടി ജീവാര്‍പ്പണം നടത്തിയ മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയെ അഴിമതിക്കാരന്‍ എന്ന് വിശേഷിപ്പിക്കാന്‍ മോദി തുനിഞ്ഞത്.
സ്തുതിപാഠകര്‍ മിസ്റ്റര്‍ ക്ലീന്‍ എന്ന് വിളിച്ച താങ്കളുടെ അച്ഛന്‍ നമ്പര്‍വണ്‍ അഴിമതിക്കാരനായാണ് മരിച്ചതെന്ന മോദിയുടെ വാക്കുകള്‍ റാഫേല്‍ അഴിമതി ആരോപണത്തെ തടുക്കാനുള്ള അവസാനത്തെ ആയുധമായിരുന്നു. പക്ഷെ അതും ഫലിക്കാതെ വന്നിരിക്കുകയാണിപ്പോള്‍. രാഷ്ട്രത്തിനു വേണ്ടി രക്തസാക്ഷികളായവരാണ് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. സ്വീഡിഷ് ആയുധ നിര്‍മാണ കമ്പനിയായ എ.ബി ബോഫോഴ്‌സുമായി ഇന്ത്യന്‍ സേന 400-155 ഹൊവിസ്റ്റര്‍ തോക്കുകള്‍ വാങ്ങാന്‍ 1986 മാര്‍ച്ച് 24നാണ് കരാറായത്. 1437 കോടി രൂപയായിരുന്നു കരാര്‍ തുക. കരാര്‍ ഉറപ്പിക്കാന്‍ ബോഫോഴ്‌സ് കമ്പനി ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കിയെന്ന് 1987ല്‍ സ്വീഡിഷ് റേഡിയോ പ്രക്ഷേപണം ചെയ്തതോടെയാണ് ബോഫോഴ്‌സ് കേസ് ആരംഭിക്കുന്നത്. സ്വീഡിഷ് റേഡിയോയുടെ വാര്‍ത്താശകലത്തെപിടിച്ച് ദ ഹിന്ദു ദിനപ്പത്രം നടത്തിയ അന്വേഷണത്തിലാണ് 64 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയത്.
1990ല്‍ സി.ബി.ഐ ഈ കേസന്വേഷണം ഏറ്റെടുത്തു. വ്യവസായികളായ എസ്.പി ഹിന്ദുജ, പി. ഹിന്ദുജ, പി.പി ഹിന്ദുജ എന്നീ സഹോദരന്മാരെ പ്രതികളായി ചേര്‍ത്ത് സി.ബി.ഐ നടത്തിയ അന്വേഷണവും നിയമനടപടികളും 2005 മെയ് 31ന് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഇതിനെതിരേ സി.ബി.ഐയോ അഞ്ചു വര്‍ഷം ഭരിച്ച എ.ബി വാജ്‌പേയിയുടെ ബി.ജെ.പി സര്‍ക്കാരോ അപ്പീല്‍ പോയില്ല.
ഭരണം തീരാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ളപ്പോഴാണ് മോദി സര്‍ക്കാര്‍ സി.ബി.ഐയെ ഉപയോഗപ്പെടുത്തി അപ്പീല്‍ നല്‍കിയത്. അപ്പീല്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ബി.ജെ.പി സര്‍ക്കാരിനോടു ചോദിച്ചത്, കഴിഞ്ഞ 12 വര്‍ഷവും അപ്പീല്‍ നല്‍കാതെ നിങ്ങള്‍ എന്തെടുക്കുകയായിരുന്നു എന്നാണ്. സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രിംകോടതി തള്ളുകയും ചെയ്തു. അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനെ നിരുത്സാഹപ്പെടുത്തിയതാണ്. എന്നാല്‍ രാഷ്ട്രീയലാഭം ലക്ഷ്യംവച്ച് മുന്‍ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു മോദി സര്‍ക്കാരിന്റെ ലാക്ക്.
കേസിന്റെ നാള്‍വഴികളിലോ എഫ്.ഐ.ആറിലോ വിചാരണകളിലോ രാജീവ് ഗാന്ധിയുടെ പേര് ഒരിടത്തും പരാമര്‍ശിച്ചിരുന്നില്ല.
പ്രധാനമന്ത്രിയുടെ ഓഫിസും ബോഫോഴ്‌സ് തോക്ക് ഇടപാടുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ റാഫേല്‍ തോക്ക് ഇടപാടില്‍ മോദി നേരിട്ട് ഇടപാട് നടത്തുകയായിരുന്നു. ഫ്രാന്‍സിലേക്കുള്ള യാത്രയില്‍ അഴിമതിയില്‍ പങ്കുപറ്റി എന്ന് ആരോപിക്കുന്ന അനില്‍ അംബാനിയും അനുഗമിച്ചു. 30,000 കോടി കോഴപ്പണമാണ് അനില്‍ അംബാനി ഇതുവഴി നേടിയെടുത്തത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സില്‍ വിമാനത്തിന്റെ ഭാഗങ്ങള്‍ നിര്‍മിക്കാമെന്നിരിക്കെ, ഒരു മൊട്ടുസൂചി പോലും നിര്‍മിക്കാത്ത അനില്‍ അംബാനിയുടെ കടലാസ് കമ്പനിക്ക് വിമാനഭാഗങ്ങള്‍ നിര്‍മിക്കാനുള്ള കരാര്‍ നല്‍കി. ഇടപാട് സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രതിരോധ വകുപ്പിനെ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് സമാന്തര ചര്‍ച്ച നടത്തി. ഇതില്‍ പ്രതിഷേധിച്ച് പ്രതിരോധ വകുപ്പ് സെക്രട്ടറി അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് കത്ത് നല്‍കി. റാഫേല്‍ കരാറിനെ അഴിമതി വിരുദ്ധ ചട്ടങ്ങളില്‍ നിന്നൊഴിവാക്കുകയും ചെയ്തു. ഈ വിവരം ദ ഹിന്ദു പുറത്തുവിടുകയും ചെയ്തു. ഒരു പ്രധാനമന്ത്രി നേരിട്ട് ഇതുപോലൊരു ഇടപാട് മുമ്പൊരിക്കലും ഇന്ത്യയില്‍ നടത്തിയിട്ടില്ല.
താന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്ന് മേനിനടിച്ചുകൊണ്ടിരുന്ന മോദിക്ക് രാഹുല്‍ നല്‍കിയ കനത്ത പ്രഹരമായിരുന്നു ചൗക്കിദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം. കര്‍ഷകരും തൊഴിലില്ലാത്ത ചെറുപ്പക്കാരും ആ മുദ്രാവാക്യം ഏറ്റുവിളിച്ചു. ഇതില്‍ വിറളിപൂണ്ടാണിപ്പോള്‍ രാജീവ് ഗാന്ധിക്കെതിരേ മാന്യത തൊട്ടുതീണ്ടാത്ത വാക്കുകള്‍ മോദി പ്രയോഗിച്ചത്. രാഹുല്‍ പറഞ്ഞതുപോലെ കര്‍മഫലം അദ്ദേഹത്തെ കാത്തുനില്‍ക്കുന്നു.
പറഞ്ഞതൊന്നും നടപ്പാക്കാത്ത ബി.ജെ.പി സര്‍ക്കാരിനു പിടിച്ചുനില്‍ക്കാനാണ് വൈകാരികമായ പ്രശ്‌നങ്ങള്‍ തുടരെത്തുടരെ പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ആദ്യം ദേശസുരക്ഷയെക്കുറിച്ച് പറഞ്ഞു. അത് ഏശുന്നില്ലെന്നുകണ്ട് മന്ദിര്‍ പറഞ്ഞു. അതും ഏശുന്നില്ലെന്ന് കണ്ടാണ് അവസാനത്തെ ആയുധമായി രാജീവ് ഗാന്ധിക്കെതിരേ തിരിഞ്ഞിരിക്കുന്നത്.
മോദിക്ക് ഇവ്വിധം സംസാരിക്കാന്‍ കഴിയുന്നത് ഭരണഘടനാ സ്ഥാപനങ്ങളെ നിര്‍ജീവമാക്കി നിര്‍ത്തിയതിനാലാണ്. അതില്‍ അവസാനത്തേതാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഭരണഘടനാ സ്ഥാപന മേധാവികളെ ബി.ജെ.പിയുടെ സ്വകാര്യ സേനയായ ആര്‍.എസ്.എസിനെ വിട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണിപ്പോഴും ഉള്ളത്. അതിനാലായിരിക്കാം പെരുമാറ്റച്ചട്ടങ്ങള്‍ തുടരെത്തുടരെ ലംഘിച്ചുകൊണ്ടിരിക്കുന്ന മോദിക്ക് ഒരു നോട്ടിസ് പോലും കമ്മിഷന്‍ നല്‍കാത്തത്. ഈ തെരഞ്ഞെടുപ്പില്‍ വസ്തുനിഷ്ഠമായൊരു വിലയിരുത്തല്‍ മോദി സര്‍ക്കാരിനെക്കുറിച്ച് ഉണ്ടാകരുതെന്ന് ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നുണപ്രചാരണവും ജനങ്ങളില്‍ വൈകാരിത പടര്‍ത്തുന്ന വാചകക്കസര്‍ത്തുകളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇടക്കിടെ അമിട്ടു പൊട്ടിക്കുന്നതു പോലെ ബോഫോഴ്‌സും പൊട്ടിച്ചുകൊണ്ടിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."