രക്ഷാപ്രവര്‍ത്തനത്തില്‍ ലോകത്തിന് മാതൃകയായവര്‍ ഒത്തുകൂടി
കൊച്ചി: രാജ്യാന്തര സമ്മേളനങ്ങള്‍ക്ക് വേദിയാകാറുളള ലെ മെറഡിയന് ഹോട്ടലില്‍ ഇന്നലെ അവര്‍ ഒത്തുകൂടി, രക്ഷാപ്രവര്‍ത്തന രംഗത്ത് ലോകത്തിന് മാതൃകയായ മത്സ്യത്തൊഴിലാളികള്‍. 'ലെ മെറഡിയന് ഹോട്ടല്‍' പ്രളയ പശ്ചാത്തലത്തില്‍ തങ്ങളുടെ 20 -ാം വാര്‍ഷിക പരിപാടി മാറ്റി വച്ചാണ് ആയിരങ്ങള്‍ക്ക് രക്ഷയൊരുക്കിയ മത്സ്യത്തൊഴിലാളികളെ ആദരിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 650 ഓളം മത്സ്യത്തൊഴിലാളികളാണ് ചടങ്ങില്‍ പങ്കെടുത്തത്.
വേദിയില്‍ സജ്ജമാക്കിയ സ്ക്രീനിലൂടെ തങ്ങള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ആത്മാഭിമാനത്തിന്റെ തിരയിളക്കമായിരുന്നു ഓരോ മുഖത്തും. കഴുത്തൊപ്പം വെളളത്തില്‍ നിന്നു കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തുമ്പോള്‍ തങ്ങളുടെ വീടുകള്‍ വെളളത്തില്‍ മുങ്ങി മാതാപിതാക്കളും ഭാര്യയും മക്കളും ക്യാംപിലായ വിശേഷമായിരുന്നു പലര്‍ക്കും പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത്.
'ഒമ്പത് വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് സ്വന്തമാക്കി ഒരുലക്ഷം രൂപയുടെ മൊബൈല്‍ഫോണ്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നഷ്ടമായപ്പോള്‍ ഉള്ളത് പറഞ്ഞാല്‍ വലിയ സങ്കടമായിരുന്നു' എന്ന് പറയുമ്പോള്‍ തെല്ലും പതറിയില്ല കണ്ണൂര്‍ പയ്യന്നൂര്‍ പാടിയോട്ടിച്ചാല് സ്വദേശി എം.വി. രഞ്ജിത്ത്. ചോര നീരാക്കി പണിതുണ്ടാക്കിയതാണ്, രണ്ട് മാസം തികച്ച് ഉപയോഗിച്ചില്ല. എന്നാല്‍ ഇന്ന് ആ സങ്കടങ്ങള്‍ ഒലിച്ച് പോകാന്‍തക്ക സന്തോഷത്തിലാണ് താനെന്ന് രഞ്ജിത് പറഞ്ഞപ്പോള്‍ കേട്ടു നിന്നവരും ഒന്നിടറിപ്പോയി. പൂര്‍ണ്ണ ഗര്‍ഭിണി മുതല്‍ പ്രായമായവരെന്നോ കൊച്ചു കുട്ടികളെന്നോ വേര്‍തിരിവില്ലാതെ പ്രളയത്തില്‍ അകപ്പെട്ട ഓരോരുത്തരെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചതിന്റെ സന്തോഷത്തിലായിരുന്നു രഞ്ജിത്. മന്ത്രി എ.സി മൊയ്തീനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പ്രൊഫ. കെ.വി തോമസ് എം.പി, എം.എല്‍.എമാരായ എസ്. ശര്‍മ, ഹൈബി ഈഡന്, എം. സ്വരാജ്, അന്‍വര്‍ സാദത്ത്, കെ.ജെ. മാക്സി, ജോണ്‍ ഫെര്‍ണാണ്ടസ്, ഡൊമിനിക് പ്രസന്റേഷന്, ബെന്നി ബെഹനാന്, എ.പി.എം മുഹമ്മദ് ഹനീഷ്, വിജയ് സാഖറേ, െേക.എല്‍. അരുണ്‍, സുനില സിബി, ഭാര്‍തൃഹരി, അബ്ദുല്‍ ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മത്സ്യത്തൊഴിലാളികളെ ഓരോരുത്തരേയും വേദിയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ആദരിച്ചത്. വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് എല്ലാവരും പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."