മധ്യേഷ്യയില്‍ യുദ്ധസമാന സാഹചര്യം
വാഷിങ്ടണ്‍: യു.എസിന്റെ താല്‍പര്യങ്ങള്‍ക്ക് ഇറാന്‍ ഭീഷണി സൃഷ്ടിക്കുന്നതിനെതിരേ മുന്നറിയിപ്പു നല്‍കാനായി അമേരിക്ക വിമാനവാഹിനി കപ്പലുകളും ബോംബറുകളും മധ്യേഷ്യയിലേക്കയച്ചു. ഇറാന് വ്യക്തവും സംശയാതീതവുമായ അറിയിപ്പ് നല്‍കാനാണിതെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു.
തങ്ങളുടെ എണ്ണ കയറ്റുമതിക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വേണ്ടിവന്നാല്‍ കപ്പല്‍പാതകള്‍ അടയ്ക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ എണ്ണ കയറ്റുമതി പൂജ്യത്തിലെത്തിക്കുമെന്നാണ് അമേരിക്ക പറഞ്ഞിരുന്നത്. അതേസമയം, യു.എസ് ഉപരോധം വകവയ്ക്കാതെ എണ്ണ കയറ്റുമതി തുടരുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. യു.എസ്.എസ് എബ്രഹാം ലിങ്കണും യുദ്ധവിമാനങ്ങളുമാണ് അമേരിക്ക വിന്യസിച്ചിരിക്കുന്നത്. ഇറാനുമായി അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് ആക്രമണം നേരിടാനും തയാറാണ്. അത് അവരുടെ ഇസ്‌ലാമിക വിപ്ലവഗാര്‍ഡായാലും ശരി- ബോള്‍ട്ടന്‍ വ്യക്തമാക്കി.
അതേസമയം, മേഖലയില്‍ ഇപ്പോള്‍ സൈനികവിന്യാസം നടത്താനുള്ള കാരണമെന്തെന്ന് ബോള്‍ട്ടന്‍ സൂചിപ്പിച്ചില്ല. എന്നാല്‍ ഫലസ്തീനിലെ ഗസ്സയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തുകയും ഹമാസ് തിരിച്ച് റോക്കറ്റുകളയച്ച് ഇസ്‌റാഈലിന് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണിത് എന്നത് ശ്രദ്ധേയമാണ്. മേഖലയിലെ യു.എസിന്റെ സഖ്യരാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതിനു കൂടി എതിരെയാണ് സേനാവിന്യാസമെന്ന് ബോള്‍ട്ടന്‍ പറഞ്ഞത് ഇസ്‌റാഈലിനെ ഉദ്ദേശിച്ചാണെന്നു കരുതുന്നു. ഇറാന്റെ വിപ്ലവഗാര്‍ഡിനെ അമേരിക്ക ഭീകരസംഘടനയായി മുദ്രകുത്തിയത് ഈയിടെയാണ്. മറുപടിയായി യു.എസിന്റെ സൈനിക വിഭാഗങ്ങളെ ഇറാനും ഭീകരസംഘങ്ങളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. യു.എസിന്റെ നടപടി അസാധാരണമായ ഒന്നാണെന്ന് വാഷിങ്ടണ്‍ ഡി.സിയിലെ അല്‍ജസീറ റിപോര്‍ട്ടര്‍ ചൂണ്ടിക്കാട്ടി. സേനാവിന്യാസമല്ല, ഇറാനെ പേരെടുത്തു പരാമര്‍ശിച്ച ബോള്‍ട്ടന്റെ നടപടിയാണ് അസാധാരണത്വം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."