സമരനേതാവ് കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാരത്തില്‍
കല്‍പ്പറ്റ: തൊവരിമലയില്‍ ഹാരിസണ്‍ എസ്റ്റേറ്റിലെ മിച്ചഭൂമിയില്‍ കുടില്‍ക്കെട്ടിയതിനെ തുടര്‍ന്ന് അറസ്റ്റിലായ അഖിലേന്ത്യാ ക്രാന്തികാരി കിസാന്‍സഭ നേതാവ് എം.പി കുഞ്ഞിക്കണാരന്‍ വൈത്തിരി സബ്ജയിലില്‍ നിരാഹാര സമരമാരംഭിച്ചു. ഇന്നലെയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കുഞ്ഞിക്കണാരന്‍ ജയിലില്‍ നിരാഹാര സമരമാരംഭിച്ചത്. ഭൂരഹിതരായവര്‍ക്ക് ഉടന്‍ ഭൂമി വിതരണം ചെയ്യുക, സമരക്കാര്‍ക്കെതിരേ ഉണ്ടാക്കിയ കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. റിമാന്‍ഡ് ചെയ്ത സമരസമിതി നേതാക്കളുടെ ജാമ്യാപേക്ഷ ഇന്നലെയും കോടതി തള്ളിയിരുന്നു. ഇതോടെയാണ് കുഞ്ഞിക്കണാരന്‍ സമരമാരംഭിച്ചത്. എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്, കെ.ജി മനോഹരന്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്നലെ ജില്ലാ കോടതി തള്ളിയത്.
ജാമ്യനിഷേധം സര്‍ക്കാരിന്റെ ഗൂഢാലോചനയുടെ ഫലമാണെന്ന് ആരോപിച്ച് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണയിരിക്കുന്ന ഭൂസമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം.കെ ദാസന്‍ ഉദ്ഘാടനം ചെയ്തു.
അതിനിടെ തൊവരിമലയിലെ ആദിവാസി ഭൂസമരത്തിന് പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി പിന്തുണ പ്രഖ്യാപിച്ചു. ആദിവാസികള്‍ വനം കൈയേറി എന്ന തരത്തില്‍ വയനാട് പ്രകൃതി സംരക്ഷണസമിതി നടത്തുന്ന പ്രചരണം ശരിയല്ലെന്നും സമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."