ബ്രെക്‌സിറ്റ്: യൂറോപ്യന്‍ യൂനിയനുമായി വിട്ടുവീഴ്ചയ്ക്കില്ല -തെരേസാ മേ
ലണ്ടന്‍: യൂറോപ്യന്‍ യൂനിയനു(ഇ.യു)മായുള്ള ചര്‍ചയില്‍ ബ്രെക്‌സിറ്റ് പദ്ധതികളില്‍ വെള്ളം ചേര്‍ക്കില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ. ഇ.യുവുമായി വിട്ടുവീഴ്ചയ്ക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ബ്രിട്ടിഷ് മാധ്യമമായ 'സണ്‍ഡേ ടെലഗ്രാഫി'ല്‍ എഴുതിയ ലേഖനത്തിലാണ് മേ നിലപാട് വ്യക്തമാക്കിയത്.
ദേശീയ താല്‍പര്യത്തിനു വിരുദ്ധമായി വിട്ടുവീഴ്ച ചെയ്തുള്ള ഒരു കരാറും അംഗീകരിക്കില്ലെന്നും മേ പറഞ്ഞു. എന്നാല്‍, ബ്രെക്‌സിറ്റ് കരാര്‍ പിന്‍വലിക്കാനായി ഒരു തവണ കൂടി ജനഹിത പരിശോധന നടത്തണമെന്ന മുറവിളികള്‍ക്കു കീഴടങ്ങില്ലെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.''അടുത്ത മാസങ്ങള്‍ രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന നാളുകളാണ്.
ബ്രിട്ടിഷ് ജനതയുടെ ജനാധിപത്യപരമായ തീരുമാനത്തെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇ.യുവുമായി വിട്ടുവീഴ്ച ചെയ്യുന്നത് നമ്മുടെ ജനാധിപത്യത്തോടും ജനങ്ങളുടെ വിശ്വാസത്തോടും ചെയ്യുന്ന വഞ്ചനയാകും. മികച്ച കരാറിലൂടെ ഇ.യു വിടാനാണു പദ്ധതിയിടുന്നത്. അതു സാധിക്കുമെന്ന ആത്മവിശ്വാസം നമുക്കുണ്ട്. ചില മേഖലകളില്‍ ബ്രിട്ടനും യൂറോപ്യന്‍ യൂനിയനും വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിശോധിച്ചു മറിക്കടക്കാനാകും. കരാറില്‍നിന്നു പിന്നോട്ടുപോയി മറ്റൊരു വോട്ടെടുപ്പിലേക്ക് പോകില്ല''-ലേഖനത്തില്‍ തെരേസാ മേ വ്യക്തമാക്കി.
ഇ.യുവുമായി വ്യാപാരരംഗത്ത് രമ്യമായ പൊതുനിയമം കൊണ്ടുവരാനാണ് ചെക്കേഴ്‌സ് കരാര്‍ ശ്രമിച്ചത്. ബ്രെക്‌സിറ്റ് ചര്‍ച്ചകളിലുണ്ടായ യഥാര്‍ഥ പുരോഗതിയാണ് കരാറെന്നും തെരേസ മേ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രിയുടെ ചെക്കേഴ്‌സ് വസതിയില്‍ നടന്ന യോഗത്തിലുണ്ടായ കരാറാണ് ചെക്കേഴ്‌സ് കരാര്‍. ഇ.യുവിനു കീഴടങ്ങുന്നതാണ് ചെക്കേഴ്‌സ് കരാറെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആക്ഷേപം. കരാറില്‍ പ്രതിഷേധിച്ചു രണ്ട് കാബിനറ്റ് മന്ത്രിമാര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."