സി.പി.എമ്മിന്റേത് സ്വര്‍ണക്കടത്തിലേക്ക് വിശുദ്ധ ഖുര്‍ആനെ വലിച്ചിഴക്കാനുള്ള ഗൂഢ നീക്കമെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സ്വര്‍ണക്കടത്തിലേക്ക് വിശുദ്ധ ഖുര്‍ആനെ വലിച്ചിഴക്കാനുള്ള ഗൂഢ നീക്കമാണ് സി.പി.എം നടത്തുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
മന്ത്രി കെ.ടി ജലീലിനെക്കുറിച്ചുയര്‍ന്നത് സ്വര്‍ണക്കടത്ത് ആരോപണമാണ്. ഇതിനെക്കുറിച്ച് മറുപടി പറയേണ്ടതിനു പകരം മതത്തെ വലിച്ചിഴയ്ക്കാന്‍ സി.പി.എം ശ്രമിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ഖുര്‍ആന്‍ കൊണ്ടുവരുന്നതിനോ വിതരണം ചെയ്യുന്നതിനോ പാരായണം ചെയ്യുന്നതിനോ ആരുടെയും ഒത്താശയുടെ ആവശ്യമില്ല. ഇത് വെള്ളരിക്കാ പട്ടണമല്ല. കേരളീയര്‍ മണ്ടന്‍മാരുമല്ല. ഇത് സി.പി.എം മനസിലാക്കണം. വിവാദത്തിലേക്ക് മതത്തെ വലിച്ചിഴക്കുന്നത് ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ക്ക് നേരെ ചൊവ്വെ മറുപടി പറയണം. സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച് ഒന്നും പറയാതെ ഖുര്‍ആനും ഇഫ്താര്‍ കിറ്റും മറ്റും ചര്‍ച്ചയാക്കുന്നത് ശരിയായ നടപടി അല്ല. മുസ്‌ലിം ലീഗ് ആ കെണിയില്‍ വീഴില്ല. ബി.ജെ.പിയെ സഹായിക്കാന്‍ ശ്രമിക്കുന്നത് സി.പി.എം ആണ്. കേരളത്തില്‍ അവസാനം നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ചത് ഞങ്ങളാണ്.
ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്കെതിരേ കേസെടുത്തതില്‍ പോലും ലീഗ് പ്രതിഷേധിച്ചിട്ടുണ്ട്. മതത്തെയും ഖുര്‍ആനെയും വലിച്ചിഴച്ചുള്ള പ്രചാരണത്തിനെതിരേ എല്ലാ മതവിഭാഗങ്ങളും രംഗത്തു വന്നിട്ടുണ്ടെന്ന് അവരുടെ നിലപാടുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. പ്രശ്‌നത്തെ വഴിതിരിച്ചുവിട്ടാല്‍ കേസില്‍ നിന്നു തടിയൂരാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."