HOME
DETAILS

വീണ്ടും സാലറി കട്ട്: തീരുമാനം അനുചിതം

  
backup
September 18 2020 | 23:09 PM

salary-cut

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നൊരു വിഹിതം ആറുമാസംകൂടി പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണ്. നേരത്തെയുള്ള അഞ്ചുമാസത്തെ ശമ്പളംപിടിത്തം അവസാനിച്ച സാഹചര്യത്തിലാണ് വീണ്ടും സാലറി കട്ടിന് തീരുമാനിച്ചിരിക്കുന്നത്. ഇതിനകം പിടിച്ചെടുത്ത തുക അടുത്ത ഏപ്രിലില്‍ പി.എഫില്‍ ലയിപ്പിച്ച ശേഷം ജൂണില്‍ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. അപ്പോഴേക്കും പുതിയ സര്‍ക്കാരായിരിക്കും അധികാരത്തിലുണ്ടാവുക. ആ സര്‍ക്കാരിന്റെ ചുമലില്‍ സാമ്പത്തികഭാരം കെട്ടിവയ്ക്കാനാണ് ശ്രമമെന്ന് പ്രതിപക്ഷം ഇതിനകം ആരോപിച്ചുകഴിഞ്ഞു. ജീവനക്കാരില്‍ നിന്ന് നേരത്തെ പിടിച്ചതും ഇനിയുള്ള ആറുമാസത്തേതും കൂടിയാകുമ്പോള്‍ പതിനായിരത്തോളം കോടി രൂപയാണ് ഖജനാവിലെത്തുക. അടുത്ത സര്‍ക്കാരിന് ഇത് കൊടുത്തുതീര്‍ക്കല്‍ വലിയ സാമ്പത്തികഭാരമാകുമെന്നതില്‍ സംശയമില്ല.


സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സി.പി.എം അനുകൂല സര്‍വിസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ ഒഴികെയുള്ള സംഘടനകളെല്ലാം പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. സാലറി കട്ടിനൊപ്പം അവധി സറണ്ടര്‍ ചെയ്യുന്നതിനും വിലക്കുവീണതോടെ ആ വഴിക്കും പണം കിട്ടാനുള്ള ജീവനക്കാരുടെ വഴി അടഞ്ഞതായിരുന്നു. അവധി സറണ്ടറിന്റെ വിലക്ക് ഇപ്പോള്‍ നീക്കിയിട്ടുണ്ടെങ്കിലും പണം കിട്ടണമെങ്കില്‍ അടുത്ത ജൂണ്‍ വരെ കാത്തിരിക്കണം. ആ ഭാരവും അടുത്ത സര്‍ക്കാരിന്റെ ചുമലിലായിരിക്കും വരിക. ഇതിനായി ഓരോ വര്‍ഷവും 1,500 കോടി രൂപയോളം വേണം. ഇതാണിപ്പോള്‍ തടഞ്ഞുവച്ചിരിക്കുന്നത്. സാലറി കട്ടിന് പുറമെ ലീവ് സറണ്ടര്‍ തുകയും സര്‍ക്കാര്‍ പിടിച്ചുവയ്ക്കുന്നതോടെ വലിയ പീഡനമായിരിക്കും ഇനിയുള്ള നാളുകളില്‍ ജീവനക്കാര്‍ അനുഭവിക്കേണ്ടിവരിക. ധൂര്‍ത്ത് നടത്തി ഖജനാവ് കാലിയാക്കിയ സര്‍ക്കാര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും പണം കണ്ടെത്താന്‍ കഴിയാതെവന്നതോടെയാണ് ജീവനക്കാരുടെ ശമ്പളത്തില്‍ കൈയിട്ടുവാരാന്‍ തുടങ്ങിയത്. ജീവനക്കാരുടെ പണിമുടക്ക് അടക്കമുള്ള സമരപരിപാടികളും സര്‍ക്കാര്‍ ഇനി അഭിമുഖീകരിക്കേണ്ടിവരും. ഇപ്പോള്‍തന്നെ പ്രതിപക്ഷ സമരത്തില്‍ പൊറുതിമുട്ടിയ സര്‍ക്കാരിന് ജീവനക്കാരുടെ സമരവുംകൂടി വരികയാണെങ്കില്‍ അത് വലിയ തലവേദനയായിരിക്കും.


കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെ ഒരുമാസത്തെ ശമ്പളം പിടിച്ചുവച്ചത് തിരിച്ചുനല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യാതിരുന്നത്. എന്നാല്‍, ആ വാക്ക് സര്‍ക്കാര്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുകയാണ്. പി.എഫില്‍ ലയിപ്പിക്കുന്നതിനുപകരം പണം റൊക്കമായി തിരിച്ചുതരണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
കൊവിഡ് സാധാരണക്കാരെപോലെ സര്‍ക്കാര്‍ ജീവനക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. നേരത്തെ ജോലിസ്ഥലങ്ങളില്‍ പൊതുവാഹനങ്ങളില്‍ എത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ സ്വയം വാഹനം കണ്ടെത്തണം. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴിയാണ് ക്ലാസുകളെങ്കിലും സ്വകാര്യ സ്‌കൂളുകള്‍ ഇപ്പോഴും നേരത്തെയുള്ള ഫീസ് തന്നെ ഈടാക്കുന്നതായും പരാതിയുണ്ട്. ഭവനവായ്പയെടുത്തവര്‍ക്ക് അതിനായും തുക കണ്ടെത്തണം. ഇതിനൊക്കെ പുറമെയാണിപ്പോള്‍ കൂനിന്മേല്‍ കുരുവെന്നപോലെ സാലറി കട്ട് ആറുമാസം കൂടി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് സ്തുത്യര്‍ഹമായ സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ അടക്കമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ നിര്‍വഹിക്കുന്നത്. എന്നാല്‍, രാപകല്‍ ഭേദമന്യേ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളംപോലും സര്‍ക്കാര്‍ കട്ട് ചെയ്യുകയായിരുന്നു. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ജൂനിയര്‍ ഡോക്ടര്‍മാരുടെ ശമ്പളംപോലും കട്ട് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് എണ്ണൂറിലധികം ജൂനിയര്‍ ഡോക്ടര്‍മാരാണ് കഴിഞ്ഞമാസം രാജിക്കത്ത് നല്‍കിയത്.


സര്‍ക്കാരിന്റെ സാമ്പത്തികപ്രയാസം നേരിടാന്‍ ജീവനക്കാരുടെ ശമ്പളത്തില്‍ കൈയിട്ടുവാരുന്നത് അഭികാമ്യമല്ല. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന് അധികബാധ്യത വരുത്തിയിട്ടുണ്ടെന്നത് നേരാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് മതിയായ ധനസഹായം കിട്ടിയതുമില്ല. എന്നാല്‍, ഇത് മാത്രമാണോ സാമ്പത്തിക ഞെരുക്കത്തിന് കാരണം? സര്‍ക്കാരിന്റെ ധൂര്‍ത്തും പാഴ്‌ച്ചെലവുകളും സാമ്പത്തികപ്രയാസത്തിന് കാരണമായിട്ടില്ലേ? പി. എസ്.സിയെ നോക്കുകുത്തിയാക്കി എത്രയെത്ര പിന്‍വാതില്‍ നിയമനങ്ങളാണ് ഈ കാലയളവില്‍ നടന്നത്. അതും കനത്ത ശമ്പളം നല്‍കിക്കൊണ്ട് .
കൊവിഡ് പ്രതിരോധത്തിന് എത്ര തുക സര്‍ക്കാര്‍ ചെലവാക്കി? എത്ര ലഭിച്ചു? ഇത് പ്രസിദ്ധീകരിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ജീവനക്കാരുടെ കഴിഞ്ഞ അഞ്ചുമാസ ശമ്പളത്തില്‍ നിന്ന് പിടിച്ച ആകെ തുകയെത്ര? എത്ര ചെലവാക്കി. ഇതൊക്കെ അറിയാനുള്ള അവകാശം സര്‍ക്കാര്‍ ജീവനക്കാര്‍ക്കില്ലേ. അതൊന്നും പാലിക്കാതെ വീണ്ടും ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനുചിതമാണ്. തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് സര്‍ക്കാരിന് ഉചിതം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago